Showing posts with label തമാശ. Show all posts
Showing posts with label തമാശ. Show all posts

March 20, 2016

രഹസ്യ സന്ദേശം

പബ്ലിക്ഗുഡു.സിപ്പീപ്പി, ലിനക്സ്പ്ലസ്‌‌പ്ലസ്സാനന്ദഗുഡുഗുഡു.സി വക രഹസ്യ സന്ദേശം ഫെഡോറാദേശത്തിലെ കേഡി‌‌ഈ ഗ്രൂപ്പ് നേതാക്കന്മാർക്ക് എത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. എല്ലാവർക്കും എത്തിക്കുമല്ലോ? രഹസ്യമായതിനാൽ വായിച്ചു മനസ്സിലാക്കിയ ശേഷം  ഡെലീറ്റ് ചെയ്യണം. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഫോട്ടോകോപ്പിയെടുക്കാൻ പോയിട്ട് ഒറിജിനൽ കടയിൽ ഇട്ടിട്ടുവരികയോ ഡ്രോപ് ബോക്സിൽ പബ്ലിക് ഫോൾഡറിൽ ബാക്കപ്പെടുത്ത് വയ്ക്കുകയോ ചെയ്യരുത്, പ്ലീസ്. സന്ദേശം താഴെ:

പ്രിയപ്പെട്ട കെഡീ‌‌ഈ ഗ്രൂപ്പ് ഫെഡോറദേശവാസികളേ,
വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് നമ്മൾ കെഡിഈക്കാർ ഫെഡോറയിലെ ഇത്രയും നിയന്ത്രണം കൈക്കലാക്കിയതെന്ന് ഓർമ്മയുണ്ടല്ലോ? എല്ലാ ഡെസ്ക്ടോപ്പുകൾക്കും തുല്യ പരിഗണന, കോഡ് എഡിറ്റ് ചെയ്യാൻ വിഐയും ഈമാക്സും ഒരുപോലെ ഉപയോയിക്കാനുള്ള അനുമതി, ഇടയ്ക്കിടെ സ്വാപ്പിലേക്ക് എഴുതപ്പെടാതിരിക്കാൻ മെമ്മറി അപ്‌‌ഗ്രേഡ് എന്നൊക്കെ പറഞ്ഞാണ് നമ്മൾ ഇതുവരെ എത്തിയത്. പിന്നെ എല്ലാവരേയും ഓർമ്മിപ്പിക്കാൻ വേണ്ടി വീണ്ടും പറയുന്നു. ഈ വാഗ്ദാനങ്ങളൊക്കെ നമ്പരാണ്, കെഡീ‌‌ഈ മാത്രമേ ഡസ്ക്ടോപ്പ് ആയി ഉപയോഗിക്കാവൂ, വിഐ അല്ലെങ്കിൽ വിം അല്ലാതെ ഈമാക്സ് വല്ലതും ഉപയോഗിച്ചാൽ ഉപയോഗിക്കുന്നവന്റെ ഡിസ്ക് മുഴുവനും ഡിഡി കമാന്റ് കൊണ്ട് സീറോ അഞ്ചു പ്രാവശ്യം എഴുതിനിറച്ചിട്ട്  /dev/nullലേക്ക് തട്ടും, ഓർമ്മയിരിക്കട്ടെ. ആ യൂണിറ്റിക്കാരെയും, മേറ്റ് കാരെയും, എല്ലെക്സ്ഡി‌‌ഈ (ഹൊ, എന്തൊരു അലമ്പ് പേര്) ക്കാരെയും, എല്ലാത്തിനെയും അടിച്ചു വെളിയിൽ കളഞ്ഞ് ഫെഡോറയിൽ കെഡിഈയും വിഐയും മാത്രം ആക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. കെഡീഈ മാത്രം ഓടുന്ന വിധത്തിൽ കെർണൽ മോഡിഫൈ ചെയ്താൽ ലക്ഷ്യം പൂർത്തിയായി. ഈ ലക്ഷ്യം നേടാൻ നമ്മളോരോരുത്തരും കഠിന പ്രയത്നം ചെയ്യേണ്ടതാണ്. ആയതിലേക്ക്  പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതിൻപ്രകാരമുള്ള ചുമതലകളും നടപടികളും ഇനി പറയുന്നു.

കെഅലവലാതിഗ്രൂപ്പ്
കെറൈറ്റുകാർ, കാലിഗ്രക്കാർ, അമറോക്കുകാർ, കൺസോളുകാർ, പിന്നെ മറ്റനേകം സമാന ചിന്താഗതിക്കാരായ ഗ്രൂപ്പുകൾ ചേർന്നതാണ് കെഅലവലാതി ഗ്രൂപ്പ്. വിവരദോഷിഗുഡു.ലിബ്, വിവരമില്ലാഗുഡു.ലിബ്, തലയിൽആൾതാമസമില്ലാഗുഡു.എച്, മസ്തിഷ്കപ്രക്ഷാളൻ.എച്,  കണ്ണടച്ച്‌‌വിശ്വസിക്കൻ.സിപ്പിപ്പി, പരദ്രോഹഗുഡു.ലിബ്, ക്ലൂലെസ്ഗുഡു.എച്, കിംവദന്തിഗുഡു.ലിബ് എന്നിവരൊക്കെയാകും ഈ ഗ്രൂപ്പിന്റെ പ്രധാനികൾ. ഗ്രൂപ്പിന്റെ പ്രധാന പരിപാടികൾ ഇവയാണ് :
- ഫെഡോറയല്ലാത്ത മറ്റ് ഡിസ്റ്റ്രോകളെയും കെഡി‌‌ഈ അല്ലാത്ത ഡെസ്ക്ടോപ്പുകളേയും ദ്രോഹിക്കുക, അവയെക്കുറിച്ച് എല്ലാവിധത്തിലുള്ള കള്ളങ്ങളും, ഇല്ലാത്ത ബഗ് റിപ്പോർട്ടുകളും, ഊഹാപോഹങ്ങളും പരത്തുക, മറ്റു പ്രോസസ്സുകൾ ഉപയോഗിക്കുന്ന റിസോഴ്സുകൾ പരമാവധി ബ്ലോക് ചെയ്യുക, മറ്റ് ഡെസ്ക്ടോപ്പുകളുടെ പ്രോസസ്സുകൾക്ക് സിഗ്‌‌ബസ്, സിഗ്സെഗ്‌‌വ്, സിഗ്കിൽ എന്നീ സിഗ്നലുകൾ അയക്കുക എന്നിങ്ങനെയുള്ള പരിപാടികളാണ് ചെയ്യേണ്ടത്. ടെസ്റ്റർമാർ ആരെങ്കിലും ബ‌ഗ്‌‌ റിപ്പോർട്ട് ചെയ്താലോ, ഡെവലപ്പർമാർ ഡീബഗ് ചെയ്യാൻ നോക്കിയാലോ ഇപ്പറഞ്ഞ സബ് ഗ്രൂപ്പുകൾക്ക് ഒന്നും കെഅലവലാതിഗ്രൂപ്പുമായി ഒരു ബന്ധവും ഇല്ലെന്നും, ബഗ്‌‌ മറ്റേ ഡസ്ക്ടോപ്പ് പ്രോഗ്രാമിന്റെ പ്രശ്നമാണെന്നും പറഞ്ഞേക്കണം. അതുപോലെ തന്നെ സബ്‌‌ഗ്രൂപ്പുകൾ തമ്മിലും ഒരു ബന്ധവുമില്ലെന്നും കൂടി കാച്ചിക്കോണം. നമ്മളൊക്കെ ഒരേ ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും അതൊന്നും വെളിയിൽ സമ്മതിച്ചു കൊടുക്കരുത്. നമ്മളൊക്കെ ഒന്നാണെന്നറിഞ്ഞാൽ ബാക്കി എല്ലാം കൂടി കേറി മേഞ്ഞ് നമ്മുടെ സോഴ്സ് കോഡിൽ കമന്റുപോലും ബാക്കിയുണ്ടാവില്ല. പറഞ്ഞേക്കാം.

ബാക്കി പ്രോസസ്സുകളുടെ ചുമതലകളും മറ്റും വിവരിക്കുന്നു:

ഫെഡോറഫാൻഗുഡു.സിപ്പിപ്പി
ഫെഡോറയെക്കുറിച്ചും, കെഡി‌‌ഈയെക്കുറിച്ചും, അവയുപയോഗിക്കുന്ന യൂസർമാരെക്കുറിച്ചും, അങ്ങേ അറ്റം പുകഴ്ത്തുന്ന  തരത്തിലുള്ള മെയിലുകളും പോസ്റ്റുകളും നിർമ്മിക്കുക. ഇതൊക്കെ കണ്ട്  ഇതൊന്നും കണ്ടിട്ടില്ലാത്തവർ  അതൊക്കെ എന്തോ വലിയ സംഭവമാണെന്ന് വിചാരിക്കണം.

സ്യൂഡോസ്റ്റ്രാറ്റജിസ്റ്റ്ഗുഡു.സിപ്പീപ്പി
ഡിസ്ക്കഷൻ ഫോറങ്ങളിലും മെയിലിങ് ലിസ്റ്റുകളിലും എമണ്ടൻ ലേഖനങ്ങൾ എഴുതുക. പ്രോസസ് ഷെഡ്യൂളിങിൽ പ്രീഎംപ്റ്റീവ് ടൈം ഷെയറിങ്ങിന്റെ പ്രാധാന്യം, ഇനിറ്റ് വേണോ സിസ്റ്റംഡി വേണോ, ഡിഫാൾട്ട് ഫയൽസിസ്റ്റം ഇഎക്സ്റ്റി ഫോർ വേണോ, സെഡ്‌‌എഫ്‌‌എസ് വേണോ എന്നിങ്ങനെ കൊമ്പത്തെ കാര്യങ്ങൾ മാത്രമേ എഴുതാവൂ. ബാക്കി ഡെസ്ക്ടോപ്പുകളും ഡിസ്റ്റ്രോകളുമായി നല്ല സുഹൃദ്ബന്ധത്തിലാണെന്ന് കാണുന്നവർക്ക് തോന്നുകയും വേണം. പക്ഷേ തരം കിട്ടിയാൽ അതിനൊക്കെ നല്ല പണിയും കൊടുക്കേണ്ടതാണ്. ഫെഡോറയും കെഡീഇയും എല്ലാത്തിലും ഒളിച്ചു കടത്തണം എന്നു പ്രത്യേകിച്ചു പറയണ്ടല്ലോ? ഫെഡോറയിൽ അംഗമായതുകൊണ്ട് കെഅലവലാതിഗ്രൂപ്പുകളുടെ അക്രമങ്ങളെക്കുറിച്ച് മറ്റു ഡിസ്റ്റ്രോക്കാരും ഡെസ്ക്ടോപ്പുകാരും പലതും ചോദിച്ചെന്നിരിക്കും. അതൊക്കെ എവിടെയും തൊടാതെ ഒഴിഞ്ഞു മാറുകയോ, കൂടുതൽ വിവരങ്ങൾക്ക് കാത്തു നില്ക്കുയാണെന്നോ പറയണം. അല്ലെങ്കിൽ അവന്മാർ നമ്മുടെ ഗ്രൂപ്പിലല്ലെന്നും പറഞ്ഞാലും മതി. നമ്മുടെയിടയിൽപ്പെട്ട വിവരദോഷികളാരെങ്കിലും ലോഗ് ഡിസേബിൾ ചെയ്യാതെയോ യുലിമിറ്റ് ഡിസേബിൾ ചെയ്യാതെയോ വല്ലതും കാണിച്ച് നാട്ടുകാരറിഞ്ഞാൽ എതിർ കക്ഷികൾക്ക് അവസരം കിട്ടുന്നതിനുമുമ്പ് അത് മോശമായിപ്പോയി എന്നും ഇത്തരം ആന്റിലിനക്സ് എലമെന്റുകൾ കെഡി‌‌ഈക്കും, ഫെഡോറക്കും എല്ലാത്തിനുപരിയായി ലിനക്സിനും പേരുദോഷമുണ്ടാക്കും എന്നുപറഞ്ഞ് തടിയൂരിക്കൊള്ളണം.

അപലപഗുഡു.ലിബ്
വിവരദോഷിഗുഡു.ലിബ്, വിവരമില്ലാഗുഡു.ലിബ് എന്നിവർ ഒരു കാര്യവും എതെങ്കിലും തെളിവ് അവശേഷിപ്പിച്ചിട്ടേ ചെയ്യൂ. അങ്ങനെ ലോഗ് മെസ്സേജും, സ്റ്റാക്‌‌ട്രേസുമൊക്കെയായി പിടിക്കപ്പെട്ടാൽ അപലപാനന്ദഗുഡു.ലിബ്  അതൊക്കെ അങ്ങ് നീറ്റായി അപലപിച്ചുകൊള്ളണം. ഇതൊക്കെ കാണുന്ന മറ്റു ഡിസ്റ്റ്രോക്കാർ നിങ്ങൾ പറയുന്നതൊക്കെ കാര്യമായിട്ടാണെന്നു വിചാരിച്ചുകൊള്ളും.

അടിച്ചുമാറ്റെഡാക്രെഡിറ്റ്ഗുഡുഗുഡു.സി
മറ്റു ഡിസ്റ്റ്രോകളും ഡെസ്ക്ടോപ്പുകളും കൊള്ളാവുന്ന ഫീച്ചറുകൾ വല്ലതും കൊണ്ടുവന്നാൽ അതൊക്കെ നമ്മുടെ മാനുവലിലിൽ പണ്ടേ ഉള്ളതാണെന്നു പറഞ്ഞ് നില്ക്കണം. തെളിവു ചോദിച്ചാൽ പണ്ടത്തെ ഏതെങ്കിലും മാനുവലിൽ നിന്ന് റോഫ്/ട്രോഫ്/എൻറോഫ് ഫോർമാറ്റിലുള്ള എന്തെങ്കിലും കണ്ട്രോൾ ക്യാരകറ്ററുകൾ ഉൾപ്പെടെ എടുത്തുകാച്ചി വ്യാഖ്യാനിച്ചു കൊടുക്കണം. ഇക്കാലത്ത് ഒരുത്തനും റോഫും ട്രോഫുമൊന്നും അറിയില്ലന്നേ. അപലപഗുഡു.ലിബ് എതിർചേരിക്കാരുടെ പ്രവർത്തിയെ അപലപിക്കേണ്ടതാണ്. തമ്മിൽഷെയറൻഗുഡു.സിപ്പിപ്പി ഇതൊക്കെ ബാക്കിയെല്ലാവരും ഷെയർ ചെയ്യുന്നുണ്ടെന്നു ഉറപ്പു വരുത്തേണ്ടതാണ്.

ഐകാൻഡി.എസ്സെച്ച്
നമ്മുടെ വ്യത്യസ്ഥഗ്രൂപ്പുകളുടെ അക്രമവും കുത്തിത്തിരിപ്പുകളും കാരണം നാട്ടുകാരെല്ലാം കലിപ്പ് മോഡിലിരിക്കുമ്പോൾ നല്ല ഭംഗിയുള്ള ഡെസ്ക്ടോപ്പ് സ്ക്രീ‌‌ൻഷോട്ടുകളിട്ട് ആൾക്കരുടെ ശ്രദ്ധമാറ്റുക. മറ്റ് ഡെസ്ക്ടോപ്പ്/ഡിസ്റ്റ്രോകളുടെ സ്ക്രീൻഷോട്ടുകൾ ഇടുന്നത് ഇത്തരുണത്തിൽ അനുവദനീയമാണെങ്കിലും ഫെഡോറയിലെ കെഡീഈ സ്ക്രീൻഷോട്ടുകൾ കൂടുതൽ പോസ്റ്റ് ചെയ്യേണ്ടതാണ്.

തമ്മിൽഷെയറൻഗുഡു.സിപ്പിപ്പി
ഗ്രുപ്പ് മെമ്പറന്മാരുടെ പോസ്റ്റുകളും പ്രസംഗങ്ങളും മറ്റ് മെമ്പറന്മാർ റീഷെയർ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അടിച്ചുമാറ്റെഡാക്രെഡിറ്റ്ഗുഡുഗുഡു.സിയുടെ പോസ്റ്റുകൾ ഒരു കാരണവശാലും ഷെയർ ചെയ്യപ്പെടാതിരിക്കരുത്.

കിംവദന്തിഗുഡു.ലിബ്
മറ്റ് ഡിസ്റ്റ്രോകളുടെ ഉള്ലതും ഇല്ലാത്തതുമായ ബഗ്‌‌റിപ്പോർട്ടുകൾ‌ മെയിലിങ് ലിസ്റ്റിലും ഡിസ്ക്കഷൻ ഫോറത്തിലും പോസ്റ്റുകയും ആ ബഗ്ഗുകൾ കാരണം യൂസർമാരുടെ ഒരു ജോലിയും നടക്കുന്നില്ലെന്നും പറയേണ്ടതാണ്. നമ്മുടെ ഡിസ്റ്റ്രോയിലെ ബഗ്ഗുകൾ ഫിക്സ് ചെയ്തെന്നും മറ്റും പറഞ്ഞ് പരത്തുകയും വേണം. പുതിയ ഫീച്ചറുകൾ പലതും നമ്മുടെ ഡെവലപ്മെന്റ് ബ്രാഞ്ചിൽ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും പറയണം. മറ്റു ഡിസ്റ്റ്രോക്കാർ വീബിയിലാണ് കോഡെഴുതുന്നതെന്നും പറയണം.

വിൻഡോസിൽപോഡാ.എച്
നമ്മളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവർ വിൻഡോസിന്റെ ഡെവലപ്പർമാരാണെന്നും, അവന്മാർ ലിനക്സൊക്കെ വിട്ട് വിൻഡോസിലേക്ക് പോകണമെന്നും, സോഴ്സ് റെപ്പോയിലേക്കുള്ള അവന്മാരുടെ ആക്സസും,സുഡു പ്രിവിലേജസും, എസ്സെസ്സെച്  സർട്ടിഫിക്കേറ്റുമൊക്കെ റിവോക്ക് ചെയ്യണമെന്നും വയലന്റായി ആവശ്യപ്പെടണം. പറ്റുമെങ്കിൽ അവന്മാരുടെ ഹോംഡയറക്റ്ററിയിൽ കയറി സുഡു ഉപയോഗിച്ച് ഫയലുകൾ ഡെലിറ്റ് ചെയ്യുകയും വേണം. അപലപഗുഡു.ലിബും, സ്യൂഡോസ്റ്റ്രാറ്റജിസ്റ്റ്ഗുഡു.സിപ്പീപ്പിയും വിൻഡോസിൽപോഡാ.എച്ചിന്റെ ഈ പ്രവർത്തികൾ ഒന്ന് ചെറുതായി തള്ളിപ്പറയേണ്ടതാണ്.

കെർണ്ണലപകീർത്തിഗുഡു.സി
മറ്റ് ഡിസ്റ്റ്രോയുടെ ആൾക്കാർ നമ്മളെ ചോദ്യം ചെയ്താൽ കെർണലിനെ അപകീർത്തിപ്പെടുത്തി എന്നുപറഞ്ഞ് വൻബഹളമുണ്ടാക്കണം. ഈ സന്ദർഭത്തിൽ വിൻഡോസിൽപോഡാ.എച് വന്ന്  കെർണ്ണലപകീർത്തിഗുഡു.സിയ്ക്ക് ആവശ്യമുള്ള സഹായങ്ങൾ ചെയ്തുകൊടുക്കേണ്ടതാണ്. അപലപഗുഡു.ലിബ്, സ്യൂഡോസ്റ്റ്രാറ്റജിസ്റ്റ്ഗുഡു.സിപ്പീപ്പി, ഐകാൻഡി.എസ്സെച്ച്, കിംവദന്തിഗുഡു.ലിബ് ഒക്കെ തങ്ങളാലാവും വിധം പ്രശ്നത്തിൽ ഇടപെട്ട് നമ്മുടെ മറ്റ് കുതന്ത്രങ്ങളിൽ നിന്ന് എല്ലാവരുടെയും ശ്രദ്ധതിരിക്കേണ്ടതാണ്.

ജനറൽ ടിപ്സ്
മറ്റു ഡിസ്റ്റ്രോകളേയും ഡെസ്ൿടോപ്പുകളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തി പരമാവധി യൂസർമാരെ നമ്മുടെ കൂട്ടത്തിലേക്ക് എത്തിക്കാൻ നമ്മൾ പരിശ്രമിക്കേണ്ടതാണ്. അടുത്തറിലീസോ അതിനടുത്ത റിലോസോ കൂടി മറ്റവന്മാരെ എല്ലാം നമ്മുടെ ഡിസ്റ്റ്രോയിൽ നിന്ന് എടുത്ത് വെളിയിൽ കളഞ്ഞേ പറ്റൂ.

മെയിലിങ് ലിസ്റ്റിലും ഡിസ്കഷൻ ഫോറങ്ങളിലും മറ്റവന്മാർ സിസ് ലോഗും സ്റ്റാക്ക് ട്രേസും ഒക്കെയായി വന്ന് നമുക്കെതിരെ തെളിവുകൾ നിരത്തും. അങ്ങനുയുള്ള അവസരങ്ങളി അബദ്ധവശാൽ പോലും അവിടെയൊന്നും ലോഗിൻ ചെയ്യരുത്.  തലയിൽആൾതാമസമില്ലാഗുഡു.എച്, കണ്ണടച്ച്‌‌വിശ്വസിക്കൻ.സിപ്പിപ്പി എന്നിവരെക്കൊണ്ട് വല്ല മണ്ടത്തരവും അവിടെ വിളമ്പിച്ചാൽ മതി. പ്രതിയോഗികളെല്ലാം പൊങ്കാല അവന്മാരുടെ നെഞ്ചത്തോട്ടിട്ടോളും. ആരെങ്കിലും മെയിലയക്കുകയോ ഐഎം ചെയ്യുകയോ ചെയ്താൽ ഉടൻ മറുപടി കൊടുക്കരുത്. പ്രശ്നങ്ങളൊക്കെ ആറിത്തണുത്തശേഷം സിസ്റ്റം ബാക്കപ്പെടുക്കുകയായിരുന്നു എന്നോ, ഡെവലപ്പർ കോൺഫറൻസിനു പോയിരുന്നെന്നോ, കെർണൽ പാരായണം നടുത്തുകയായിരുന്നു എന്നോ, അയൽവാസിയുടെ വകയിലെ കസിന്റെ കല്യാണത്തിനു പോയിരുന്നെന്നോ മറ്റോ പറയണം. കൂട്ടത്തിൽ അങ്ങനെ സംഭവിച്ചെങ്കിൽ അത് മോശമായിപ്പോയി എന്ന്  പറയണം. ഒരിക്കലും അതു സംഭവിച്ചെന്ന് സമ്മതിച്ചുകൊടുക്കരുത്.

നമ്മുടെ ഡിസ്റ്റ്രോയിൽ ബഗ്ഗുണ്ടെന്നു പറഞ്ഞാൽ പറഞ്ഞവന്മാരുടെ ഡിസ്റ്റ്രോയിൽ അതിനേക്കാൾ വലിയ ബഗ്ഗുണ്ടെന്നു പറയുക. ബഗ്സില്ലയിൽ കയറി ഏതെങ്കിലും ഹൈസിവിയറിറ്റി ബഗ് എടുത്ത് കാണിച്ചാൽ മതി. അതെങ്ങാനും ഫിക്സ് ചെയ്തതാണെന്നവന്മാർ പറഞ്ഞാൽ ഫിക്സ് ചെയ്താലും ബഗ് ബഗ്ഗാല്ലാതാവുമോ എന്നൊക്കെ ചോദിക്കണം. കെർണ്ണലപകീർത്തിഗുഡു.സിയും വിൻഡോസിൽപോഡാ.എച്ചും അവരാൽ കഴിയുന്ന വിധത്തിൽ പ്രതിയോഗികളെ നേരിടേണ്ടതാണ്. കിംവദന്തിഗുഡു.ലിബിന്റെ സേവനം യഥേഷ്ടം ഉപയോഗിക്കാവുന്നതാണ്. ഒരു രക്ഷേമിലെങ്കിൽ അവന്മാർ വിൻഡോസ് ഡെവലപ്പർമാരാണെന്നും, അവന്മാർ വിഷ്വൽ ബേസിക്കിലാണ് കോഡെഴുതുന്നത് എന്നുമൊക്കെ പറയാവുന്നതാണ്.

ഹോം ഡയറക്റ്ററിയിൽ വിബി കോഡ് ഉണ്ടെന്നു പറഞ്ഞ് മറ്റേ ഡിസ്റ്റ്രോക്കാരുടെ ഡെവലപ്പർമാരുടെ ഹോം ഫോൾഡർ ഇടയ്ക്ക് കത്തിക്കണം. ഇനിയിപ്പോ വിബി കോഡ് ഉണ്ടെങ്കിൽ തന്നെ എന്താ പ്രശ്നം എന്നാരെങ്കിലും ചോദിച്ചാൽ സി & സിപ്ലസ്‌‌പ്ലസ് ബേസ്ഡ് ആയ ലിനക്സിൽ ഒരുത്തനും വിബിയിൽ കോഡെഴുതെണ്ടെന്നു പറയണം. അങ്ങനെ വല്ലവനും വിബിയിൽ കോഡെഴുതണമെന്നു തോന്നിയാൽ അങ്ങ് വിൻഡോസിൽ പോയി എഴുതിയാൽ മതി എന്നും പറയണം.

മെമ്മറിയുസേജ് കുറയ്ക്കാൻ പറ്റുമെന്ന് പറഞ്ഞ് നമ്മുടെ ഡെസ്ക്ടോപ് മാനേജറിലേക്ക് മാറിയിട്ട് മെമ്മറിയൂസേജ് കൂടിയെന്നും, നമ്മുടെ ഡിസ്റ്റ്രോയിലേക്ക് മാറിയാൽ എല്ലാ പ്രോസസ്സുകൾക്കും 16എംബി കൂടുതൽ റാം അലോക്കേറ്റു ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെന്നുമൊക്കെ വല്ലവന്മാരും വന്നു ചോദിച്ചെന്നിരിക്കും. അങ്ങനെയെങ്ങാനും ഉണ്ടായാൽ അവന്മാരുടെ പ്രോഗ്രാമുകൾ കൂടുതൽ റാമെടുക്കുന്നതാണ്‌ പ്രശ്നമെന്ന് പറയണം. 16 എംബി റാം കൂടുതൽ കൊടുക്കുമെന്ന് നമ്മൾ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പറയണം.

വിവരദോഷിഗുഡു.ലിബ്, വിവരമില്ലാഗുഡു.ലിബ്, തലയിൽആൾതാമസമില്ലാഗുഡു.എച്  എന്നിവന്മാരെക്കൊണ്ട് എന്തെങ്കിലുമൊക്കെ മണ്ടത്തരങ്ങൾ എഴുന്നള്ലിച്ചുകൊണ്ടിരിക്കണം. നാട്ടുകാരെല്ലാം ഇവന്മാരുടെ പുറകേ നടന്ന് സമയം കളയുമ്പോൾ നമുക്ക് നമ്മുടെ പരിപാടികൾ മറ്റാരുടെയും ശ്രദ്ധയിൽ പെടാതെ ചെയ്യാൻ പറ്റും. ഇവന്മാർക്ക് ഏതെങ്കിലും മാനുവലോ, കോഡോ കൊടുത്തിട്ട് അതിനെക്കുറിച്ച് എന്തെങ്കിലും പറയാൻ പറഞ്ഞാൽ മതി, വരുന്നത് മുഴുവൻ നല്ല ഒന്നാന്തരം വിവരക്കേടും മണ്ടത്തരങ്ങളുമായിരിക്കും. ഒരു കാരണവശാലും നമ്മുടെ സ്റ്റ്രാറ്റജി മെയിലുകൾ ഇവന്മാർ കാണാനിടയാകരുത്, അതൊക്കെ ഇവന്മാർ എപ്പോ പബ്ലിക്കാക്കി എന്നു ചോദിച്ചാൽ മതി. ഇനി അഥവാ നമ്മുടെ വല്ല സ്റ്റ്രറ്റജിയും ഇവന്മാർ പബ്ലിക്കായി വിളിച്ചു പറഞ്ഞാൽ അതൊക്കെ അവന്മാരുടെ സ്ഥിരം മണ്ടത്തരങ്ങളാണെന്നു പറഞ്ഞാൽ മതി, ആളുകൾ വിശ്വസിച്ചോളും.  രണ്ടുദിവസം കഴിയുമ്പോൾ ലിവന്മാരിതൊക്കെ മറന്ന് വീണ്ടും നമ്മുടെ അടുത്തു തന്നെ വന്നോളും.

അപ്പോൾ എല്ലാം പറഞ്ഞതുപോലെ.
ജയ് ഫെഡോറ, ജയ് കെഡി‌‌ഈ
ലിനക്സ്പ്ലസ്‌‌പ്ലസ്സാനന്ദഗുഡുഗുഡു.സി

April 20, 2014

പാചകക്കുറിപ്പുകൾ : ഒരു വിപ്ലവത്തിനു സമയമായി

(ഗൂഗിൾ പ്ലസ്സിൽ പോസ്റ്റ് ചെയ്തതാണ്, ഇവിടെ അധികം പാചകക്കാരെ കണ്ടിട്ടില്ല, എന്നാലും വിപ്ലവത്തിന്റെ വിത്ത് പാകിയേക്കാം).

പ്രിയപ്പെട്ടവരേ,

ഇവിടെ പലരും നല്ല ചിക്കൻ, ബീഫ്‌‌, പോർക്ക്, പായസം എന്നീ വിഭവങ്ങളുണ്ടാക്കി അതിന്റെ ഫോട്ടോയൊക്കെ ഇട്ട് പാചകക്കുറിപ്പടിയും ഇടുന്നത് കണ്ടിട്ടുണ്ടാകുമല്ലോ? ഈ പാചകക്കുറിപ്പുകളുടെ ഒരു പ്രശ്നം എന്തെന്നാൽ അതൊന്നും റിപ്പീറ്റബിൾ അല്ല എന്നതാണ്. അതായത് അതുപയോഗിച്ച് രണ്ടുപേർ പാചകം ചെയ്താൽ രണ്ടും രണ്ടു വിധത്തിലായിരിക്കും. മാത്രവുമല്ല അതിലെ നിർദ്ദേശങ്ങൾ പലപ്പോഴും അവ്യക്തമായിരിക്കും. കുറച്ചു നാൾ മുമ്പ് നിശി[1] പോസ്റ്റ് ചെയ്ത് അടപ്രഥമൻ & പാലട പ്രഥമൻ ഉണ്ടാക്കാൻ ശ്രമിച്ച് ഞങ്ങളുടെ ക്ലബ്ബിലെ നീന്തൽക്കുളം കലങ്ങുകയുണ്ടായി. ഞാൻ ഇലക്ട്രോണിക്സ് ഇഞ്ചിനീയറിങ്ങാണ് പഠിച്ചതെന്ന് നിങ്ങളിൽ ചിലർക്കെങ്കിലും അറിവുണ്ടാകും. ആയതിനാൽ ഇഞ്ചിനിയറിങ് മേഖലയിൽ ഞങ്ങൾ ഇഞ്ചിനീയറന്മാർ കാലാകാലങ്ങളായി ഉപയോഗിക്കുന്ന ചില ബെസ്റ്റ് പ്രാക്റ്റീസുകൾ പാചകക്കുറിപ്പുകളിൽ അപ്ലൈ ചെയ്ത്, പാചകക്കുറിപ്പ് ആരുപയോഗിച്ചാലും അവസാനം കിട്ടുന്ന വിഭവം ഒരുപോലെ ആക്കുന്ന ഒരു നിലയിലേക്ക് എത്തിക്കുക എന്നതാണ് ഈ വിപ്ലവം കൊണ്ടുദ്ദേശിക്കുന്നത്. ആംപ്ലിഫയറിന്റെ സർക്യൂട്ട് ഡയഗ്രം ഫോളോ ചെയ്താൽ ആംപ്ലിഫയർ തന്നെയാണല്ലോ കിട്ടുക, അസ്റ്റേബിൾ മൾട്ടി വൈബ്രേറ്ററോ, ഷ്മിറ്റ് ട്രിഗറോ ഒന്നും അല്ലല്ലോ കിട്ടുന്നത്.
ഈ വിപ്ലവത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഇവയാണ്:
  1. പാചകക്കുറിപ്പുകൾക്ക് എസ് ഐ യൂണിറ്റ് ഉപയോഗിക്കും. കുറച്ച് ചിക്കൻ, ഒരു സ്പൂൺ മല്ലിപ്പൊടി എന്നൊന്നും പറയരുത്. 157ഗ്രാം Gallus gallus domesticus മാംസം, 5.5 ഗ്രാം Coriandrum sativum പൗഡർ എന്നൊക്കെ വേണം പാചകക്കുറിപ്പുകളിൽ എഴുതാൻ.
  2. നിർദ്ദേശങ്ങൾ കൃത്യവും പാചകം ചെയ്യുന്നവർക്ക് സംശയലേശമന്യേ പാലിക്കാൻ പറ്റുന്നവയും ആകണം. ഉദാ: അടുപ്പിലിരിക്കുന്ന മിശ്രിതം ഇളക്കുക എന്നതു വളരെ അവ്യക്തമാണ്. പകരം, പാത്രത്തിലെ മിശ്രിതം മൂന്ന് സെന്റീമീറ്റർ വാട്ടവും പിടിക്ക് 15 സെന്റീമീറ്റർ നീളവുമുള്ള തവികൊണ്ട് മേജർ ആക്സിസ് 16 സെന്റീമീറ്ററും, മൈനർ ആക്സിസ് 7 സെന്റീമീറ്ററും ആയ എലിപ്സിന്റെ രൂപത്തിൽ ക്ലോക്‌‌വൈസ് ദിശയിൽ 45 ആർപ്പിഎമ്മിൽ 14.8 സെക്കന്റു നേരത്തേക്ക് ഇളക്കുക എന്നത് ആർക്കും ഒരു പോലെ ചെയ്യാൻ പറ്റുന്നതാണല്ലോ?
ഈ രീതി ഉപയോഗിച്ച് എഴുതിയ ഒരു പാചകക്കുറിപ്പ് നിങ്ങളുടെ റെഫറൻസിനായി ചേർക്കുന്നു
ചായ

Bill of materials
  1. കോപ്പർ (Cu, Atomic number 29) പാത്രം: ഡയമീറ്റർ 15 സെമീ, ആഴം 10 സെമീ
  2. H2O (വെള്ളം) 150 മി.ലി
    .
  3. Bos primigenius (പശു) ന്റെ പാൽ : 75 മി.ലി.
  4. C6H12O6 : 15 ഗ്രാം.
  5. Camellia sinensis ന്റെ ഇലയുടെ പൗഡർ : 5 ഗ്രാം
  6. Mesh : 0.310 mm dia, #of wires /mm : 2
  7. Spoon : 10 സെ.മീ നീളം, 5 മി.ലി കപ്പാസിറ്റി
  8. സെൽഷ്യസ് തെർമോമീറ്റർ : 0-150 ഡിഗ്രീ സെൽഷ്യസ് വരെയുള്ളത്.
  9. ടംബ്ലർ : സിലിക്കാ ഗ്ലാസ് കൊണ്ടുണ്ടാക്കിയത്.
രീതി:

സ്റ്റൗവ് 1.5 kwh ഔട്ട്പുട്ട് ചൂട് കിട്ടുന്ന രീതിയിൽ ക്രമീകരിക്കുക. ഐറ്റം #2 ഐറ്റം #1 ൽ ഒഴിച്ച് സ്റ്റൗവിൽ വയ്ക്കുക. തെർമോമീറ്റർ ഉപയോഗിച്ച് പാത്രത്തിലെ ഉള്ളടക്കത്തിന്റെ ചൂട് മോണിറ്റർ ചെയ്യുക. അന്തരീക്ഷ മർദ്ദം 1 അറ്റ്മോസ്ഫിയർ ആണെങ്കിൽ 100 ഡിഗ്രീ സെൽഷ്യസിൽ ഇത് തിളയ്ക്കാൻ തുടങ്ങും. അപ്പോൾ ഐറ്റങ്ങൾ 4ഉം 5ഉം ചേർക്കുക. #7 ഉപയോഗിച്ച് 10 സെ മീ വ്യാസമുള്ള വൃത്താകാരത്തിൽ 30 ആർപ്പിഎമ്മിൽ 8 സെക്കന്റ് ക്ലോക്കിന്റെ ദിശയിൽ ഇളക്കുക. ഒരു മിനിട്ട് 27 സെക്കന്റ് കഴിയുമ്പോൾ‌ പാത്രത്തിലേക്ക് ഐറ്റം 3 ചേർക്കുക. 1 മിനിട്ട് 26 സെക്കന്റിനു ശേഷം സ്പൂൺ ഉപയോഗിച്ച് 10 സെമീ വ്യാസമുള്ള വൃത്താകാരത്തിൽ 15 ആർപ്പിഎമ്മിൽ ക്ലോക്കിന്റെ ദിശയിൽ 4 പ്രാവശ്യം ഇളക്കുക. ഓരോ 15 സെക്കന്റിടവിട്ട് 6 പ്രാവശ്യം ഇതുപോലെ ഇളക്കുക.
സ്റ്റൗ ഓഫ് ചെയ്യുക. ചായ റെഡി. മെഷ് ഉപയോഗിച്ച് ചായ ടംബ്ലറിലേക്ക് ഒഴിക്കുക. ചായയുടെ ചൂട് 60 - 80 ഡിഗ്രീ ആകുമ്പോൾ കുടിക്കാൻ തുടങ്ങാം.
[1]നിശികാന്തിന്റെ പായസത്തിന്റെ കുറിപ്പടി ഇവിടെ : https://plus.google.com/+GNisikanth/posts/8VMSiuj5Gr6

March 25, 2014

ഗാലിഫൈ

പ്രോഗ്രാം കോർഡമ്പ് ചെയ്തോ? കമ്പൈലർ എണ്ണമില്ലാത്ത എററുകൾ തരുന്നോ? ലവൻ നിങ്ങളുടെ കോഡ് കൊളമാക്കിയോ? ഇത്തരം സന്ദർഭങ്ങളിലുപയോഗിക്കാൻ പറ്റിയ തെറികളുണ്ടോ നിങ്ങളുടെ പക്കൽ? ഇല്ലെങ്കിൽ ഇതാ ഗാലിഫൈ സ്ക്രിപ്റ്റ്. പതിനഞ്ച് ഹൈക്വാളിറ്റി ബിൽറ്റിൻ തെറികളുമായി ഗാലിഫൈ സ്ക്രിപ്റ്റ് ഡൗൺലോഡൂ : http://goo.gl/cVKglH
ബിൽറ്റിൻ എന്റ്രികൾ പോര എങ്കിൽ കസ്റ്റം എന്റ്രികൾ ~/.galify.rc എന്ന ഫയലിൽ ചേർക്കാവുന്നതാണ്

ഈ സ്കിപ്റ്റ് എഴുതാനുള്ള പ്രചോദനം സുബിൻ ഡയസ്പോറയിൽ ഇട്ട ഈ പോസ്റ്റാണ് : https://poddery.com/posts/1033614

March 27, 2013

ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ,
നിങ്ങൾക്കുവേണ്ടി ലിനക്സിനേയും  ലിനക്സ് കമാന്റുകളെയും  കുറിച്ച് എന്തെങ്കിലും എഴുതാമെന്നു കരുതി ചില വിവരങ്ങൾ അന്വേഷിക്കുന്നതിനിടയിൽ നമ്മൾ ഫ്രീ എന്നും, സ്വതന്ത്രം എന്നുമൊക്കെ കരുതിയിരുന്ന ലിനക്സിനെ കുറിച്ച് ചില ഞെട്ടിക്കുന്ന വിവരങ്ങൾ കിട്ടി. ആ വിവരങ്ങൾ ഞാൻ നിങ്ങളുമായി പങ്കിടുകയാണ്.

കുത്തകകളുടെ നാടായ അമേരിക്കയിലെ ഒരു ലിനസിനാണ് ലിനക്സിന്റെ ട്രേഡ്മാർക്ക് ഉടമസ്ഥാവകാശമെന്ന് നിങ്ങൾക്കറിയാമോ? ഓപ്പൺ, സ്വതന്ത്രം എന്നൊക്കെ പറഞ്ഞ് ലിനക്സ് ചെയ്യുന്നത് സ്വേച്ഛാധിപത്യവും അടിച്ചമർത്തലുമാണെന്ന് പിന്നെയുള്ള അന്വേഷണത്തിൽ ഞാൻ മനസ്സിലാക്കി. ലിനക്സിലെ പല കമാന്റുകളും സ്വേച്ഛാധിപരവും അടിച്ചമർത്താനുമുള്ള ഉപാധികളാണെന്ന് ഞാൻ വളരെ വൈകിയാണ് മനസ്സിലാക്കിയത്. നിങ്ങക്ക് വിശ്വാസമാകില്ലെന്നറിയാം, ഇതാ, അടിച്ചമ‌‌ർത്താനും മർദ്ദിക്കാനും എന്തിന് കൊല്ലുവാനും പോലും ഉപയോഗിക്കുന്ന ചില ലിനക്സ് കമാന്റുകൾ.

split : ഒരുമിച്ചു നില്ക്കുന്നവരെ വേർപിരിക്കുക
join : സ്വതന്ത്രരായവരെ ബലമായി പിടിച്ച് യോജിപ്പിക്കുക
kill, xkill : കൊല്ലുക
vi : ആറ് എന്ന സംഖ്യയുടെ റോമൻ രൂപം, ചെകുത്താന്റെ എക്സ്റ്റൻഷൻ നമ്പരെന്നു പരക്കെ വിശ്വസിക്കപ്പെടുന്നു.
sort : ജാതിവ്യവസ്ഥയനുസരിച്ച് തരം തിരിക്കുക
compress : അടിച്ചമർത്തുക
mv : നിർബന്ധിത സ്ഥലം മാറ്റം
chmod : നിർബന്ധിച്ച് സ്വഭാവം മാറ്റിക്കുക
chown : ബലമായി ഉടമസ്ഥാവകാശം പിടിച്ചെടുക്കുക
root : എന്തും ചെയ്യാൻ മടിക്കാത്ത സ്വേച്ഛാധികാരി
banner : അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കാണിക്കുവാനുള്ള ഒരു തരികിട പരിപാടി
eject : പുറത്തേയ്ക്കെറിയുക, നാടുകടത്തുക
flex : മസിലുകൾ ഫ്ലക്സ് ചെയ്തു പേടിപ്പിക്കൽ
gunzip : തോക്കും സിപ്പും, ആലോചിക്കാനേ വയ്യ.
halt : പുരോഗതി തടസ്സപ്പെടുത്തുക
head : തലവെട്ടൽ
tail : കാലുവെട്ടൽ (പാവങ്ങളുടെ കാൽ, മൃഗങ്ങളുടെ വാലിനു തുല്യമായാണ് സ്വേച്ഛാധിപതികൾ കാണുന്നതെന്നു മനസ്സിലാക്കുക)
manpath : ദു:ർഘടമായ വഴികളിലൂടെ സഞ്ചരിക്കാൻ നിർബന്ധിക്കുക
dd : ഡ്രാഫ്റ്റ് (ഡിഡി) ഡിമാന്റുചെയ്യുക
killall : എല്ലാത്തിനേയും തട്ടിക്കളയുക.
sleep : ഉറക്കുക
finger : പേടിപ്പിക്കാനായി വിരൽചൂണ്ടുക
yes : എന്തിനും നിർബന്ധിപ്പിച്ച് യെസ് പറയിക്കുക.
python : പെരുമ്പാമ്പിനെ കൊണ്ട് തീറ്റിക്കുക
tar : താറടിക്കുക

ചില രഹസ്യ ചിഹ്നങ്ങൾ
& : ബായ്ക്കിലെ ഗ്രൗണ്ടിൽ ഓടിക്കുക
<, > : വഴിതിരിച്ചു വിടൽ
| : പൈപ്പ് പ്രയോഗം
* : വൈൽഡ് കാർഡ് ക്യാരക്ടറെന്നു വിളിക്കപ്പെടുന്ന, എന്തും ചെയ്യുന്ന ഒരു സംഗതി
@ : വട്ടം കറക്കുക

ഇനി പറയൂ, ലിനക്സ് ഫ്രീയാണോ എന്ന്?

പി എസ് : പ്ലീസ്, കൊല്ലരുത്, കണ്ണുരുട്ടിക്കാണിച്ചാൽ മതി, ഞാൻ പേടിച്ചോളാം (ആർക്കാണാവോ കടപ്പാട് വയ്ക്കേണ്ടത്?). കുറേ നാൾ മുമ്പ് പനിപിടിച്ച് ഉറക്കമില്ലാതെ ഇരുന്ന ഒരു രാത്രിയിൽ ഫോണിൽ കുത്തിക്കുറിച്ചത് ഒന്ന് പൊടിതട്ടിയെടുത്തതാണ്. ഇനിയിങ്ങനെ ഉണ്ടാകില്ല.

മേൽ പറഞ്ഞ കമാന്റുകൾ ശരിക്കും എന്താണ് ചെയ്യുന്നതെന്ന് മാൻ പേജുനോക്കി കണ്ടുപിടിക്കുമല്ലോ, അല്ലേ? :)

October 10, 2012

പെരിസ്റ്റാൾസിസ്

എട്ടാം ക്ലാസിലോ ഒന്‍പതാം ക്ലാസിലോ ആണ് സംഭവം നടക്കുന്നത്. ഒരു പരീക്ഷ കഴിഞ്ഞ് ബയോളജി ഉത്തരക്കടലാസുമായി രാജന്‍ സാര്‍ ക്ലാസിലെത്തി. ഗൗരവക്കാരനായ സാറിന്റെ മുഖത്ത് ഒരു ചെറുചിരി ഞങ്ങളില്‍ പലരും കണ്ടു. കുറേ കഴിഞ്ഞ് ഉത്തരക്കടലാസുകള്‍ തിരിച്ചു വാങ്ങിയ ശേഷം സാര്‍ അതില്‍ നിന്നും ഒരു പേപ്പര്‍ എടുത്തു. പെരിസ്റ്റാൾസിസ് എന്നലെന്ത് എന്ന ചോദ്യത്തിന് ഒരാള്‍ എഴുതിയ ഉത്തരം ഞാന്‍ വായിക്കാം എന്നു പറഞ്ഞ് വായിക്കാന്‍ തുടങ്ങി.
"പെരിസ്റ്റാൾസിസ് ഒരു മാരക രോഗമാണ്. വളരെ വേഗം പകരുന്ന ഈ രോഗം തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ രോഗി മരിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. ഭാഗ്യവശാല്‍ ഇതിനെ പ്രതിരോധിക്കാനുള്ള വാക്സിനുകള്‍ ലഭ്യമാണ്." (ഏകദേശം ഇങ്ങനെയായിരുന്നു.)

ക്ലാസില്‍ കൂട്ടച്ചിരി. ഇതു കാരണം  പെരിസ്റ്റാൾസിസ് എന്താണെന്ന് ഇപ്പോഴും ഓര്‍മ്മയുണ്ട്.
PS
പെരിസ്റ്റാൾസിസ് : വായില്‍ നിന്നു ആമാശയത്തിലേക്ക് ഭക്ഷണമെത്തിക്കുന്ന അന്നനാളത്തിലെ തരംഗരൂപത്തിലുള്ള ചലനം. ഇതു കാരണമാണ് തലകുത്തിനിന്ന്  കഴിച്ചാലും ഭക്ഷണം വയറ്റിലെത്തുന്നത്.

നീ തന്നെയല്ലേ അങ്ങനെ ഉത്തരമെഴുതിയതെന്നതരത്തിലുള്ള കമന്റുകള്‍ പുഛിച്ച്, അവജ്ഞയോടെ /dev/null ലേക്ക് തട്ടുന്നു.