Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

April 4, 2017

Naming Rights in Action

പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ മരഞണ്ടിന്റെ ശാസ്ത്രനാമം : കാണി മരഞണ്ട്. സംശയിക്കേണ്ട, മലയാളം തന്നെ. കാണി വിഭാഗക്കാരുടെ സഹായത്തോടെ മലയാളി ഗവേഷകർ കണ്ടു പിടിച്ചതുകൊണ്ടാണ് കാണി മരഞണ്ടെന്നു പേരു കൊടുത്തത്.
വാർത്ത ഇവിടെ :
https://phys.org/news/2017-04-species-tree-crab-western-ghats.html

ഇങ്ങനെ ഓരോന്ന് സ്വന്തമായി കണ്ടുപിടിച്ചാൽ മലയാളത്തിലൊക്കെ പേരിടാം. ഹാർഡ്‌‌വെയർ അബ്സ്റ്റ്രാക്ഷൻ ലെയർ നമ്മൾ മലയാളികളാണ് കണ്ടുപിടിച്ചിരുന്നത്/ ഉണ്ടാക്കിയിരുന്നതെങ്കിൽ അതിനെ ശശിപാളി (കടപ്പാട്: +Subin PT) [1] അല്ലെങ്കിൽ കിടുതാപ്പ് മറ (കടപ്പാട്: വിനയാന്വിതനായി ഞാൻ) എന്നൊക്കെ വിളിക്കാമായിരുന്നു.

[1] https://plus.google.com/u/0/+SubinPT/posts/ZgNd2HzyKz9

March 20, 2016

രഹസ്യ സന്ദേശം

പബ്ലിക്ഗുഡു.സിപ്പീപ്പി, ലിനക്സ്പ്ലസ്‌‌പ്ലസ്സാനന്ദഗുഡുഗുഡു.സി വക രഹസ്യ സന്ദേശം ഫെഡോറാദേശത്തിലെ കേഡി‌‌ഈ ഗ്രൂപ്പ് നേതാക്കന്മാർക്ക് എത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. എല്ലാവർക്കും എത്തിക്കുമല്ലോ? രഹസ്യമായതിനാൽ വായിച്ചു മനസ്സിലാക്കിയ ശേഷം  ഡെലീറ്റ് ചെയ്യണം. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഫോട്ടോകോപ്പിയെടുക്കാൻ പോയിട്ട് ഒറിജിനൽ കടയിൽ ഇട്ടിട്ടുവരികയോ ഡ്രോപ് ബോക്സിൽ പബ്ലിക് ഫോൾഡറിൽ ബാക്കപ്പെടുത്ത് വയ്ക്കുകയോ ചെയ്യരുത്, പ്ലീസ്. സന്ദേശം താഴെ:

പ്രിയപ്പെട്ട കെഡീ‌‌ഈ ഗ്രൂപ്പ് ഫെഡോറദേശവാസികളേ,
വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് നമ്മൾ കെഡിഈക്കാർ ഫെഡോറയിലെ ഇത്രയും നിയന്ത്രണം കൈക്കലാക്കിയതെന്ന് ഓർമ്മയുണ്ടല്ലോ? എല്ലാ ഡെസ്ക്ടോപ്പുകൾക്കും തുല്യ പരിഗണന, കോഡ് എഡിറ്റ് ചെയ്യാൻ വിഐയും ഈമാക്സും ഒരുപോലെ ഉപയോയിക്കാനുള്ള അനുമതി, ഇടയ്ക്കിടെ സ്വാപ്പിലേക്ക് എഴുതപ്പെടാതിരിക്കാൻ മെമ്മറി അപ്‌‌ഗ്രേഡ് എന്നൊക്കെ പറഞ്ഞാണ് നമ്മൾ ഇതുവരെ എത്തിയത്. പിന്നെ എല്ലാവരേയും ഓർമ്മിപ്പിക്കാൻ വേണ്ടി വീണ്ടും പറയുന്നു. ഈ വാഗ്ദാനങ്ങളൊക്കെ നമ്പരാണ്, കെഡീ‌‌ഈ മാത്രമേ ഡസ്ക്ടോപ്പ് ആയി ഉപയോഗിക്കാവൂ, വിഐ അല്ലെങ്കിൽ വിം അല്ലാതെ ഈമാക്സ് വല്ലതും ഉപയോഗിച്ചാൽ ഉപയോഗിക്കുന്നവന്റെ ഡിസ്ക് മുഴുവനും ഡിഡി കമാന്റ് കൊണ്ട് സീറോ അഞ്ചു പ്രാവശ്യം എഴുതിനിറച്ചിട്ട്  /dev/nullലേക്ക് തട്ടും, ഓർമ്മയിരിക്കട്ടെ. ആ യൂണിറ്റിക്കാരെയും, മേറ്റ് കാരെയും, എല്ലെക്സ്ഡി‌‌ഈ (ഹൊ, എന്തൊരു അലമ്പ് പേര്) ക്കാരെയും, എല്ലാത്തിനെയും അടിച്ചു വെളിയിൽ കളഞ്ഞ് ഫെഡോറയിൽ കെഡിഈയും വിഐയും മാത്രം ആക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. കെഡീഈ മാത്രം ഓടുന്ന വിധത്തിൽ കെർണൽ മോഡിഫൈ ചെയ്താൽ ലക്ഷ്യം പൂർത്തിയായി. ഈ ലക്ഷ്യം നേടാൻ നമ്മളോരോരുത്തരും കഠിന പ്രയത്നം ചെയ്യേണ്ടതാണ്. ആയതിലേക്ക്  പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതിൻപ്രകാരമുള്ള ചുമതലകളും നടപടികളും ഇനി പറയുന്നു.

കെഅലവലാതിഗ്രൂപ്പ്
കെറൈറ്റുകാർ, കാലിഗ്രക്കാർ, അമറോക്കുകാർ, കൺസോളുകാർ, പിന്നെ മറ്റനേകം സമാന ചിന്താഗതിക്കാരായ ഗ്രൂപ്പുകൾ ചേർന്നതാണ് കെഅലവലാതി ഗ്രൂപ്പ്. വിവരദോഷിഗുഡു.ലിബ്, വിവരമില്ലാഗുഡു.ലിബ്, തലയിൽആൾതാമസമില്ലാഗുഡു.എച്, മസ്തിഷ്കപ്രക്ഷാളൻ.എച്,  കണ്ണടച്ച്‌‌വിശ്വസിക്കൻ.സിപ്പിപ്പി, പരദ്രോഹഗുഡു.ലിബ്, ക്ലൂലെസ്ഗുഡു.എച്, കിംവദന്തിഗുഡു.ലിബ് എന്നിവരൊക്കെയാകും ഈ ഗ്രൂപ്പിന്റെ പ്രധാനികൾ. ഗ്രൂപ്പിന്റെ പ്രധാന പരിപാടികൾ ഇവയാണ് :
- ഫെഡോറയല്ലാത്ത മറ്റ് ഡിസ്റ്റ്രോകളെയും കെഡി‌‌ഈ അല്ലാത്ത ഡെസ്ക്ടോപ്പുകളേയും ദ്രോഹിക്കുക, അവയെക്കുറിച്ച് എല്ലാവിധത്തിലുള്ള കള്ളങ്ങളും, ഇല്ലാത്ത ബഗ് റിപ്പോർട്ടുകളും, ഊഹാപോഹങ്ങളും പരത്തുക, മറ്റു പ്രോസസ്സുകൾ ഉപയോഗിക്കുന്ന റിസോഴ്സുകൾ പരമാവധി ബ്ലോക് ചെയ്യുക, മറ്റ് ഡെസ്ക്ടോപ്പുകളുടെ പ്രോസസ്സുകൾക്ക് സിഗ്‌‌ബസ്, സിഗ്സെഗ്‌‌വ്, സിഗ്കിൽ എന്നീ സിഗ്നലുകൾ അയക്കുക എന്നിങ്ങനെയുള്ള പരിപാടികളാണ് ചെയ്യേണ്ടത്. ടെസ്റ്റർമാർ ആരെങ്കിലും ബ‌ഗ്‌‌ റിപ്പോർട്ട് ചെയ്താലോ, ഡെവലപ്പർമാർ ഡീബഗ് ചെയ്യാൻ നോക്കിയാലോ ഇപ്പറഞ്ഞ സബ് ഗ്രൂപ്പുകൾക്ക് ഒന്നും കെഅലവലാതിഗ്രൂപ്പുമായി ഒരു ബന്ധവും ഇല്ലെന്നും, ബഗ്‌‌ മറ്റേ ഡസ്ക്ടോപ്പ് പ്രോഗ്രാമിന്റെ പ്രശ്നമാണെന്നും പറഞ്ഞേക്കണം. അതുപോലെ തന്നെ സബ്‌‌ഗ്രൂപ്പുകൾ തമ്മിലും ഒരു ബന്ധവുമില്ലെന്നും കൂടി കാച്ചിക്കോണം. നമ്മളൊക്കെ ഒരേ ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും അതൊന്നും വെളിയിൽ സമ്മതിച്ചു കൊടുക്കരുത്. നമ്മളൊക്കെ ഒന്നാണെന്നറിഞ്ഞാൽ ബാക്കി എല്ലാം കൂടി കേറി മേഞ്ഞ് നമ്മുടെ സോഴ്സ് കോഡിൽ കമന്റുപോലും ബാക്കിയുണ്ടാവില്ല. പറഞ്ഞേക്കാം.

ബാക്കി പ്രോസസ്സുകളുടെ ചുമതലകളും മറ്റും വിവരിക്കുന്നു:

ഫെഡോറഫാൻഗുഡു.സിപ്പിപ്പി
ഫെഡോറയെക്കുറിച്ചും, കെഡി‌‌ഈയെക്കുറിച്ചും, അവയുപയോഗിക്കുന്ന യൂസർമാരെക്കുറിച്ചും, അങ്ങേ അറ്റം പുകഴ്ത്തുന്ന  തരത്തിലുള്ള മെയിലുകളും പോസ്റ്റുകളും നിർമ്മിക്കുക. ഇതൊക്കെ കണ്ട്  ഇതൊന്നും കണ്ടിട്ടില്ലാത്തവർ  അതൊക്കെ എന്തോ വലിയ സംഭവമാണെന്ന് വിചാരിക്കണം.

സ്യൂഡോസ്റ്റ്രാറ്റജിസ്റ്റ്ഗുഡു.സിപ്പീപ്പി
ഡിസ്ക്കഷൻ ഫോറങ്ങളിലും മെയിലിങ് ലിസ്റ്റുകളിലും എമണ്ടൻ ലേഖനങ്ങൾ എഴുതുക. പ്രോസസ് ഷെഡ്യൂളിങിൽ പ്രീഎംപ്റ്റീവ് ടൈം ഷെയറിങ്ങിന്റെ പ്രാധാന്യം, ഇനിറ്റ് വേണോ സിസ്റ്റംഡി വേണോ, ഡിഫാൾട്ട് ഫയൽസിസ്റ്റം ഇഎക്സ്റ്റി ഫോർ വേണോ, സെഡ്‌‌എഫ്‌‌എസ് വേണോ എന്നിങ്ങനെ കൊമ്പത്തെ കാര്യങ്ങൾ മാത്രമേ എഴുതാവൂ. ബാക്കി ഡെസ്ക്ടോപ്പുകളും ഡിസ്റ്റ്രോകളുമായി നല്ല സുഹൃദ്ബന്ധത്തിലാണെന്ന് കാണുന്നവർക്ക് തോന്നുകയും വേണം. പക്ഷേ തരം കിട്ടിയാൽ അതിനൊക്കെ നല്ല പണിയും കൊടുക്കേണ്ടതാണ്. ഫെഡോറയും കെഡീഇയും എല്ലാത്തിലും ഒളിച്ചു കടത്തണം എന്നു പ്രത്യേകിച്ചു പറയണ്ടല്ലോ? ഫെഡോറയിൽ അംഗമായതുകൊണ്ട് കെഅലവലാതിഗ്രൂപ്പുകളുടെ അക്രമങ്ങളെക്കുറിച്ച് മറ്റു ഡിസ്റ്റ്രോക്കാരും ഡെസ്ക്ടോപ്പുകാരും പലതും ചോദിച്ചെന്നിരിക്കും. അതൊക്കെ എവിടെയും തൊടാതെ ഒഴിഞ്ഞു മാറുകയോ, കൂടുതൽ വിവരങ്ങൾക്ക് കാത്തു നില്ക്കുയാണെന്നോ പറയണം. അല്ലെങ്കിൽ അവന്മാർ നമ്മുടെ ഗ്രൂപ്പിലല്ലെന്നും പറഞ്ഞാലും മതി. നമ്മുടെയിടയിൽപ്പെട്ട വിവരദോഷികളാരെങ്കിലും ലോഗ് ഡിസേബിൾ ചെയ്യാതെയോ യുലിമിറ്റ് ഡിസേബിൾ ചെയ്യാതെയോ വല്ലതും കാണിച്ച് നാട്ടുകാരറിഞ്ഞാൽ എതിർ കക്ഷികൾക്ക് അവസരം കിട്ടുന്നതിനുമുമ്പ് അത് മോശമായിപ്പോയി എന്നും ഇത്തരം ആന്റിലിനക്സ് എലമെന്റുകൾ കെഡി‌‌ഈക്കും, ഫെഡോറക്കും എല്ലാത്തിനുപരിയായി ലിനക്സിനും പേരുദോഷമുണ്ടാക്കും എന്നുപറഞ്ഞ് തടിയൂരിക്കൊള്ളണം.

അപലപഗുഡു.ലിബ്
വിവരദോഷിഗുഡു.ലിബ്, വിവരമില്ലാഗുഡു.ലിബ് എന്നിവർ ഒരു കാര്യവും എതെങ്കിലും തെളിവ് അവശേഷിപ്പിച്ചിട്ടേ ചെയ്യൂ. അങ്ങനെ ലോഗ് മെസ്സേജും, സ്റ്റാക്‌‌ട്രേസുമൊക്കെയായി പിടിക്കപ്പെട്ടാൽ അപലപാനന്ദഗുഡു.ലിബ്  അതൊക്കെ അങ്ങ് നീറ്റായി അപലപിച്ചുകൊള്ളണം. ഇതൊക്കെ കാണുന്ന മറ്റു ഡിസ്റ്റ്രോക്കാർ നിങ്ങൾ പറയുന്നതൊക്കെ കാര്യമായിട്ടാണെന്നു വിചാരിച്ചുകൊള്ളും.

അടിച്ചുമാറ്റെഡാക്രെഡിറ്റ്ഗുഡുഗുഡു.സി
മറ്റു ഡിസ്റ്റ്രോകളും ഡെസ്ക്ടോപ്പുകളും കൊള്ളാവുന്ന ഫീച്ചറുകൾ വല്ലതും കൊണ്ടുവന്നാൽ അതൊക്കെ നമ്മുടെ മാനുവലിലിൽ പണ്ടേ ഉള്ളതാണെന്നു പറഞ്ഞ് നില്ക്കണം. തെളിവു ചോദിച്ചാൽ പണ്ടത്തെ ഏതെങ്കിലും മാനുവലിൽ നിന്ന് റോഫ്/ട്രോഫ്/എൻറോഫ് ഫോർമാറ്റിലുള്ള എന്തെങ്കിലും കണ്ട്രോൾ ക്യാരകറ്ററുകൾ ഉൾപ്പെടെ എടുത്തുകാച്ചി വ്യാഖ്യാനിച്ചു കൊടുക്കണം. ഇക്കാലത്ത് ഒരുത്തനും റോഫും ട്രോഫുമൊന്നും അറിയില്ലന്നേ. അപലപഗുഡു.ലിബ് എതിർചേരിക്കാരുടെ പ്രവർത്തിയെ അപലപിക്കേണ്ടതാണ്. തമ്മിൽഷെയറൻഗുഡു.സിപ്പിപ്പി ഇതൊക്കെ ബാക്കിയെല്ലാവരും ഷെയർ ചെയ്യുന്നുണ്ടെന്നു ഉറപ്പു വരുത്തേണ്ടതാണ്.

ഐകാൻഡി.എസ്സെച്ച്
നമ്മുടെ വ്യത്യസ്ഥഗ്രൂപ്പുകളുടെ അക്രമവും കുത്തിത്തിരിപ്പുകളും കാരണം നാട്ടുകാരെല്ലാം കലിപ്പ് മോഡിലിരിക്കുമ്പോൾ നല്ല ഭംഗിയുള്ള ഡെസ്ക്ടോപ്പ് സ്ക്രീ‌‌ൻഷോട്ടുകളിട്ട് ആൾക്കരുടെ ശ്രദ്ധമാറ്റുക. മറ്റ് ഡെസ്ക്ടോപ്പ്/ഡിസ്റ്റ്രോകളുടെ സ്ക്രീൻഷോട്ടുകൾ ഇടുന്നത് ഇത്തരുണത്തിൽ അനുവദനീയമാണെങ്കിലും ഫെഡോറയിലെ കെഡീഈ സ്ക്രീൻഷോട്ടുകൾ കൂടുതൽ പോസ്റ്റ് ചെയ്യേണ്ടതാണ്.

തമ്മിൽഷെയറൻഗുഡു.സിപ്പിപ്പി
ഗ്രുപ്പ് മെമ്പറന്മാരുടെ പോസ്റ്റുകളും പ്രസംഗങ്ങളും മറ്റ് മെമ്പറന്മാർ റീഷെയർ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അടിച്ചുമാറ്റെഡാക്രെഡിറ്റ്ഗുഡുഗുഡു.സിയുടെ പോസ്റ്റുകൾ ഒരു കാരണവശാലും ഷെയർ ചെയ്യപ്പെടാതിരിക്കരുത്.

കിംവദന്തിഗുഡു.ലിബ്
മറ്റ് ഡിസ്റ്റ്രോകളുടെ ഉള്ലതും ഇല്ലാത്തതുമായ ബഗ്‌‌റിപ്പോർട്ടുകൾ‌ മെയിലിങ് ലിസ്റ്റിലും ഡിസ്ക്കഷൻ ഫോറത്തിലും പോസ്റ്റുകയും ആ ബഗ്ഗുകൾ കാരണം യൂസർമാരുടെ ഒരു ജോലിയും നടക്കുന്നില്ലെന്നും പറയേണ്ടതാണ്. നമ്മുടെ ഡിസ്റ്റ്രോയിലെ ബഗ്ഗുകൾ ഫിക്സ് ചെയ്തെന്നും മറ്റും പറഞ്ഞ് പരത്തുകയും വേണം. പുതിയ ഫീച്ചറുകൾ പലതും നമ്മുടെ ഡെവലപ്മെന്റ് ബ്രാഞ്ചിൽ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും പറയണം. മറ്റു ഡിസ്റ്റ്രോക്കാർ വീബിയിലാണ് കോഡെഴുതുന്നതെന്നും പറയണം.

വിൻഡോസിൽപോഡാ.എച്
നമ്മളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവർ വിൻഡോസിന്റെ ഡെവലപ്പർമാരാണെന്നും, അവന്മാർ ലിനക്സൊക്കെ വിട്ട് വിൻഡോസിലേക്ക് പോകണമെന്നും, സോഴ്സ് റെപ്പോയിലേക്കുള്ള അവന്മാരുടെ ആക്സസും,സുഡു പ്രിവിലേജസും, എസ്സെസ്സെച്  സർട്ടിഫിക്കേറ്റുമൊക്കെ റിവോക്ക് ചെയ്യണമെന്നും വയലന്റായി ആവശ്യപ്പെടണം. പറ്റുമെങ്കിൽ അവന്മാരുടെ ഹോംഡയറക്റ്ററിയിൽ കയറി സുഡു ഉപയോഗിച്ച് ഫയലുകൾ ഡെലിറ്റ് ചെയ്യുകയും വേണം. അപലപഗുഡു.ലിബും, സ്യൂഡോസ്റ്റ്രാറ്റജിസ്റ്റ്ഗുഡു.സിപ്പീപ്പിയും വിൻഡോസിൽപോഡാ.എച്ചിന്റെ ഈ പ്രവർത്തികൾ ഒന്ന് ചെറുതായി തള്ളിപ്പറയേണ്ടതാണ്.

കെർണ്ണലപകീർത്തിഗുഡു.സി
മറ്റ് ഡിസ്റ്റ്രോയുടെ ആൾക്കാർ നമ്മളെ ചോദ്യം ചെയ്താൽ കെർണലിനെ അപകീർത്തിപ്പെടുത്തി എന്നുപറഞ്ഞ് വൻബഹളമുണ്ടാക്കണം. ഈ സന്ദർഭത്തിൽ വിൻഡോസിൽപോഡാ.എച് വന്ന്  കെർണ്ണലപകീർത്തിഗുഡു.സിയ്ക്ക് ആവശ്യമുള്ള സഹായങ്ങൾ ചെയ്തുകൊടുക്കേണ്ടതാണ്. അപലപഗുഡു.ലിബ്, സ്യൂഡോസ്റ്റ്രാറ്റജിസ്റ്റ്ഗുഡു.സിപ്പീപ്പി, ഐകാൻഡി.എസ്സെച്ച്, കിംവദന്തിഗുഡു.ലിബ് ഒക്കെ തങ്ങളാലാവും വിധം പ്രശ്നത്തിൽ ഇടപെട്ട് നമ്മുടെ മറ്റ് കുതന്ത്രങ്ങളിൽ നിന്ന് എല്ലാവരുടെയും ശ്രദ്ധതിരിക്കേണ്ടതാണ്.

ജനറൽ ടിപ്സ്
മറ്റു ഡിസ്റ്റ്രോകളേയും ഡെസ്ൿടോപ്പുകളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തി പരമാവധി യൂസർമാരെ നമ്മുടെ കൂട്ടത്തിലേക്ക് എത്തിക്കാൻ നമ്മൾ പരിശ്രമിക്കേണ്ടതാണ്. അടുത്തറിലീസോ അതിനടുത്ത റിലോസോ കൂടി മറ്റവന്മാരെ എല്ലാം നമ്മുടെ ഡിസ്റ്റ്രോയിൽ നിന്ന് എടുത്ത് വെളിയിൽ കളഞ്ഞേ പറ്റൂ.

മെയിലിങ് ലിസ്റ്റിലും ഡിസ്കഷൻ ഫോറങ്ങളിലും മറ്റവന്മാർ സിസ് ലോഗും സ്റ്റാക്ക് ട്രേസും ഒക്കെയായി വന്ന് നമുക്കെതിരെ തെളിവുകൾ നിരത്തും. അങ്ങനുയുള്ള അവസരങ്ങളി അബദ്ധവശാൽ പോലും അവിടെയൊന്നും ലോഗിൻ ചെയ്യരുത്.  തലയിൽആൾതാമസമില്ലാഗുഡു.എച്, കണ്ണടച്ച്‌‌വിശ്വസിക്കൻ.സിപ്പിപ്പി എന്നിവരെക്കൊണ്ട് വല്ല മണ്ടത്തരവും അവിടെ വിളമ്പിച്ചാൽ മതി. പ്രതിയോഗികളെല്ലാം പൊങ്കാല അവന്മാരുടെ നെഞ്ചത്തോട്ടിട്ടോളും. ആരെങ്കിലും മെയിലയക്കുകയോ ഐഎം ചെയ്യുകയോ ചെയ്താൽ ഉടൻ മറുപടി കൊടുക്കരുത്. പ്രശ്നങ്ങളൊക്കെ ആറിത്തണുത്തശേഷം സിസ്റ്റം ബാക്കപ്പെടുക്കുകയായിരുന്നു എന്നോ, ഡെവലപ്പർ കോൺഫറൻസിനു പോയിരുന്നെന്നോ, കെർണൽ പാരായണം നടുത്തുകയായിരുന്നു എന്നോ, അയൽവാസിയുടെ വകയിലെ കസിന്റെ കല്യാണത്തിനു പോയിരുന്നെന്നോ മറ്റോ പറയണം. കൂട്ടത്തിൽ അങ്ങനെ സംഭവിച്ചെങ്കിൽ അത് മോശമായിപ്പോയി എന്ന്  പറയണം. ഒരിക്കലും അതു സംഭവിച്ചെന്ന് സമ്മതിച്ചുകൊടുക്കരുത്.

നമ്മുടെ ഡിസ്റ്റ്രോയിൽ ബഗ്ഗുണ്ടെന്നു പറഞ്ഞാൽ പറഞ്ഞവന്മാരുടെ ഡിസ്റ്റ്രോയിൽ അതിനേക്കാൾ വലിയ ബഗ്ഗുണ്ടെന്നു പറയുക. ബഗ്സില്ലയിൽ കയറി ഏതെങ്കിലും ഹൈസിവിയറിറ്റി ബഗ് എടുത്ത് കാണിച്ചാൽ മതി. അതെങ്ങാനും ഫിക്സ് ചെയ്തതാണെന്നവന്മാർ പറഞ്ഞാൽ ഫിക്സ് ചെയ്താലും ബഗ് ബഗ്ഗാല്ലാതാവുമോ എന്നൊക്കെ ചോദിക്കണം. കെർണ്ണലപകീർത്തിഗുഡു.സിയും വിൻഡോസിൽപോഡാ.എച്ചും അവരാൽ കഴിയുന്ന വിധത്തിൽ പ്രതിയോഗികളെ നേരിടേണ്ടതാണ്. കിംവദന്തിഗുഡു.ലിബിന്റെ സേവനം യഥേഷ്ടം ഉപയോഗിക്കാവുന്നതാണ്. ഒരു രക്ഷേമിലെങ്കിൽ അവന്മാർ വിൻഡോസ് ഡെവലപ്പർമാരാണെന്നും, അവന്മാർ വിഷ്വൽ ബേസിക്കിലാണ് കോഡെഴുതുന്നത് എന്നുമൊക്കെ പറയാവുന്നതാണ്.

ഹോം ഡയറക്റ്ററിയിൽ വിബി കോഡ് ഉണ്ടെന്നു പറഞ്ഞ് മറ്റേ ഡിസ്റ്റ്രോക്കാരുടെ ഡെവലപ്പർമാരുടെ ഹോം ഫോൾഡർ ഇടയ്ക്ക് കത്തിക്കണം. ഇനിയിപ്പോ വിബി കോഡ് ഉണ്ടെങ്കിൽ തന്നെ എന്താ പ്രശ്നം എന്നാരെങ്കിലും ചോദിച്ചാൽ സി & സിപ്ലസ്‌‌പ്ലസ് ബേസ്ഡ് ആയ ലിനക്സിൽ ഒരുത്തനും വിബിയിൽ കോഡെഴുതെണ്ടെന്നു പറയണം. അങ്ങനെ വല്ലവനും വിബിയിൽ കോഡെഴുതണമെന്നു തോന്നിയാൽ അങ്ങ് വിൻഡോസിൽ പോയി എഴുതിയാൽ മതി എന്നും പറയണം.

മെമ്മറിയുസേജ് കുറയ്ക്കാൻ പറ്റുമെന്ന് പറഞ്ഞ് നമ്മുടെ ഡെസ്ക്ടോപ് മാനേജറിലേക്ക് മാറിയിട്ട് മെമ്മറിയൂസേജ് കൂടിയെന്നും, നമ്മുടെ ഡിസ്റ്റ്രോയിലേക്ക് മാറിയാൽ എല്ലാ പ്രോസസ്സുകൾക്കും 16എംബി കൂടുതൽ റാം അലോക്കേറ്റു ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെന്നുമൊക്കെ വല്ലവന്മാരും വന്നു ചോദിച്ചെന്നിരിക്കും. അങ്ങനെയെങ്ങാനും ഉണ്ടായാൽ അവന്മാരുടെ പ്രോഗ്രാമുകൾ കൂടുതൽ റാമെടുക്കുന്നതാണ്‌ പ്രശ്നമെന്ന് പറയണം. 16 എംബി റാം കൂടുതൽ കൊടുക്കുമെന്ന് നമ്മൾ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പറയണം.

വിവരദോഷിഗുഡു.ലിബ്, വിവരമില്ലാഗുഡു.ലിബ്, തലയിൽആൾതാമസമില്ലാഗുഡു.എച്  എന്നിവന്മാരെക്കൊണ്ട് എന്തെങ്കിലുമൊക്കെ മണ്ടത്തരങ്ങൾ എഴുന്നള്ലിച്ചുകൊണ്ടിരിക്കണം. നാട്ടുകാരെല്ലാം ഇവന്മാരുടെ പുറകേ നടന്ന് സമയം കളയുമ്പോൾ നമുക്ക് നമ്മുടെ പരിപാടികൾ മറ്റാരുടെയും ശ്രദ്ധയിൽ പെടാതെ ചെയ്യാൻ പറ്റും. ഇവന്മാർക്ക് ഏതെങ്കിലും മാനുവലോ, കോഡോ കൊടുത്തിട്ട് അതിനെക്കുറിച്ച് എന്തെങ്കിലും പറയാൻ പറഞ്ഞാൽ മതി, വരുന്നത് മുഴുവൻ നല്ല ഒന്നാന്തരം വിവരക്കേടും മണ്ടത്തരങ്ങളുമായിരിക്കും. ഒരു കാരണവശാലും നമ്മുടെ സ്റ്റ്രാറ്റജി മെയിലുകൾ ഇവന്മാർ കാണാനിടയാകരുത്, അതൊക്കെ ഇവന്മാർ എപ്പോ പബ്ലിക്കാക്കി എന്നു ചോദിച്ചാൽ മതി. ഇനി അഥവാ നമ്മുടെ വല്ല സ്റ്റ്രറ്റജിയും ഇവന്മാർ പബ്ലിക്കായി വിളിച്ചു പറഞ്ഞാൽ അതൊക്കെ അവന്മാരുടെ സ്ഥിരം മണ്ടത്തരങ്ങളാണെന്നു പറഞ്ഞാൽ മതി, ആളുകൾ വിശ്വസിച്ചോളും.  രണ്ടുദിവസം കഴിയുമ്പോൾ ലിവന്മാരിതൊക്കെ മറന്ന് വീണ്ടും നമ്മുടെ അടുത്തു തന്നെ വന്നോളും.

അപ്പോൾ എല്ലാം പറഞ്ഞതുപോലെ.
ജയ് ഫെഡോറ, ജയ് കെഡി‌‌ഈ
ലിനക്സ്പ്ലസ്‌‌പ്ലസ്സാനന്ദഗുഡുഗുഡു.സി

December 3, 2014

ഷെൽ ബ്രേസ് എക്സ്പാൻഷൻ

ഒന്നിലധികം അക്ഷരങ്ങളോ വാക്കുകളോ കൂട്ടിച്ചേർത്ത് പുതിയ സ്റ്റ്രിങ്ങുകൾ നി‌‌ർമ്മിക്കാൻ പറ്റിയ ഒരു ഉപാധിയാണ് ഷെല്ലിലെ ബ്രേസ് എക്സ്പാൻഷൻ. ഉദാഹരണത്തിന് a,b എന്നീ അക്ഷരങ്ങൾ ആദ്യവും c, d എന്നീ അക്ഷരങ്ങൾ രണ്ടാമതും വരുന്ന 2 അക്ഷരങ്ങളുള്ള വാക്കുകൾ ഉണ്ടാക്കാൻ {a,b}{c,d} എന്ന എക്സ്പ്രഷൻ ഉപയോഗിക്കാം.
echo {a,b}{c,d}
ac ad bc bd
ഇംഗ്ലീഷ് അക്ഷരമാല മുഴുവൻ പ്രിന്റ് ചെയ്യണമെങ്കിൽ ഇരുപത്താറക്ഷരങ്ങളും ടൈപ്പ് ചെയ്യുന്നതിനുപകരം {a..z} എന്നു കൊടുത്താൽ മതി.
echo {a..z}
a b c d e f g h i j k l m n o p q r s t u v w x y z
echo {a..z}{a..z} എന്നു കൊടുത്താൽ aa മുതൽ zz വരെ പ്രിന്റ് ചെയ്യും
echo {1,2}{a..z}{a..z} എന്നത് 1aa..1zz,2aa...2zz എന്നും പ്രിന്റ് ചെയ്യപ്പെടും.
ബ്രേസ് എക്സ്പാൻഷൻ കാര്യങ്ങൾ എങ്ങനെ എളുപ്പമാക്കുന്നെന്നു കാണാൻ മറ്റൊരുദാഹരണം പറയാം. 2000 മുതൽ 2014 വരെയുള്ള മാസങ്ങളുടെ പേരിൽ 2000_jan, 2000_feb എന്നിങ്ങനെ ഫോൾഡറുകൾ ഉണ്ടാക്കണമെന്നു കരുതുക. നൂറ്റി എൺപതു ഫോൾഡറുകളുടേ പേരുകൾ ഒന്നൊന്നായി ടൈപ്പ് ചെയ്യുന്നതിനുപകരം
mkdir {2000..2014}_{jan,feb,mar,apr,may,jun,jul,aug,sep,oct,nov,dec}
എന്നു കൊടുത്താൽ മതിയാകും.
ഇനി 2000 മുതൽ 2014 വരെ നാലു വർഷങ്ങൾ ഇടവിട്ടുള്ളവയാണു വേണ്ടതെങ്കിൽ {2000..2014..4}_{jan,feb,mar,apr,may,jun,jul,aug,sep,oct,nov,dec} എന്ന് എക്സ്പ്രഷനുപയോഗിക്കാം.
അക്കങ്ങൾക്കു പകരം അക്ഷരങ്ങളിൽ ..4 എന്നു കൊടുത്താൽ നാല് അക്ഷരങ്ങൾ ഇടവിട്ട് പ്രിന്റ് ചെയ്യും. ഉദാ : echo {a..z..4} എന്നത് a e i m q u y എന്നു പ്രിന്റ് ചെയ്യും

July 27, 2014

ഓപ്പൺസ്റ്റ്രീറ്റ്മാപ്

 
ഓപ്പൺസ്റ്റ്രീറ്റ്മാപ്  ഉപയോഗിക്കാൻ തുടങ്ങിയതുമുതൽ അതിനെക്കുറിച്ച് എഴുതണമെന്നു കരുതിയതാണ്. വിക്കിപീഡിയ പോലെ ആർക്കും എഡിറ്റ് ചെയ്യാവുന്ന ഒരു മാപ് ആണ് ഓപ്പൺസ്റ്റ്രീറ്റ്മാപ്. ആ വിവരങ്ങൾ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നുള്ളതിനെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

http://www.openstreetmap.org അല്ലെങ്കിൽ  http://osm.org ഉപയോഗിച്ച് ഓപ്പൺ സ്റ്റ്രീറ്റ് മാപ് സൈറ്റിലേക്ക് പോകാൻ പറ്റും. ഈ സൈറ്റ് പ്രധാനമായും മാപ് എഡിറ്റ് ചെയ്യാനും, ഓപ്പൺസ്റ്റ്രീറ്റ്മാപ് എങ്ങനെ ഉപയോഗിക്കാം എന്നുള്ള ഒരു ഉദാഹരണവുമാണ്. അക്കാരണത്താൽ മറ്റേതെങ്കിലും മാപ്പ് ഉപയോഗിക്കുന്നതുപോലെ ഓപ്പൺസ്റ്റ്രീറ്റ്മാപ് സൈറ്റ് ഉപയോഗിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ നിങ്ങൾ നിരാശരായേക്കും. അപ്പോൾ പിന്നെ ഇതെങ്ങനെ ഉപയോഗിക്കാം എന്നുള്ള ചോദ്യം വരും. അവിടെയാണ് ഓപ്പൺസ്റ്റ്രീറ്റ്മാപ്പിന്റെ ശരിക്കുള്ള ഗുണം വരുന്നത്. ഓപ്പൺസ്റ്റ്രീറ്റ്മാപ്പിലെ വിവരങ്ങൾ വളരെ ലളിതമായ ലൈസൻസിൽ ലഭ്യമാണ്. അതുപയോഗിച്ചിട്ടുള്ള വളരെയധികം സർവീസുകളും ലഭ്യമാണ്.

ഓപ്പൺസ്റ്റ്രീറ്റ്മാപ്പിലെ ഡേറ്റ, സന്നദ്ധപ്രവർത്തകർ ചേർക്കുന്നതുകൊണ്ട് മിക്കവാറും ശരിയായിരിക്കാനാണ് സാധ്യത. എന്നിരുന്നാലും ചില സ്ഥലങ്ങളിലെ കവറേജ് മറ്റു മാപ്പുകളെപ്പോലെ പൂർണ്ണമായെന്നിരിക്കില്ല. അതിനാൽ മറ്റേതു സർവീസും ഉപയോഗിക്കുമ്പോഴെടുക്കുന്ന മുൻകരുതലുകൾ ഓപ്പൺസ്റ്റ്രീറ്റ്മാപ്പ് ഉപയോഗിക്കുമ്പോഴും എടുക്കേണ്ടതാണ്.

ഓപ്പൺസ്റ്റ്രീറ്റ്മാപ്/ഓപ്പൺസ്റ്റ്രീറ്റ്മാപ് ഡാറ്റ ഉപയോഗിച്ച് എന്തെല്ലാം മാപ് സർവീസുകൾ ലഭ്യമാണെന്നു നോക്കാം.

നാവിഗേഷൻ
OsmAnd : https://play.google.com/store/apps/details?id=net.osmand
ഓഫ്‌‌ലൈൻ മാപ് സൗകര്യമുള്ള നല്ലൊരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷനാണിത്. ആവശ്യമുള്ള രാജ്യത്തിന്റെ മാപ് ഡൗൺലോഡ് ചെയ്താൽ ഡേറ്റാ കണക്ഷനില്ലാതെ ഈ ആപ്പുപയോഗിച്ച് നാവിഗേറ്റ് ചെയ്യാം. ഇന്ത്യൻ മാപ് ഏകദേശം 200 എംബിയോളം വരും. പത്തു മാപ്പുകൾ മാത്രമേ ഫ്രീ വെർഷനിൽ ഡൗൺലോഡ് ചെയ്യാൻ പറ്റൂ എന്നൊരു പ്രശ്നമുണ്ട്. ഇതുപയോഗിക്കുന്നതെങ്ങനെ എന്നു വിശദമാക്കുന്ന നല്ലൊരു ബ്ലോഗ് എന്റ്രി ഇവിടെ ഉണ്ട് :https://joostschouppe.wordpress.com/2014/07/25/using-osmand-on-the-road/

navfree : https://play.google.com/store/apps/details?id=com.navfree.android.OSM.ALL
OsmAnd പോലെ ഓഫ്‌‌ലൈൻ നാവിഗേഷൻ ഉപയോഗിക്കാവുന്ന മറ്റൊരാപ്ലിക്കേഷനാണിത്. ഇതും ഓപ്പൺസ്റ്റ്രീറ്റ് മാപ്പിൽ നിന്നുള്ള ഡേറ്റയാണുപയോഗിക്കുന്നത്. കഴിഞ്ഞ ഒന്നു രണ്ടു വർഷമായി ഞാൻ ഇതുപയോഗിക്കാറില്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ പറയാനില്ല.

ഓൺലൈനിൽ റൂട്ടിങിനു വേണ്ടി http://map.project-osrm.org/,http://open.mapquest.com/ എന്നീ സൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്.

ഓപ്പൺസ്റ്റ്രീറ്റ് മാപ്പിൽ നിന്നുള്ള ഡേറ്റ ഉപയോഗിച്ച് പല തരം സർവീസുകളും ലഭ്യമാണ്. ചിലത് ഇവിടെ വിവരിക്കുന്നു.

പ്രിന്റഡ് മാപ്പുകൾ
http://fieldpapers.org/ എന്ന സൈറ്റിൽ നിന്ന് ആവശ്യമുള്ള പ്രദേശങ്ങളുടെ മാപ് നമുക്കുതന്നെ സെലക്റ്റ് ചെയ്ത് പിഡിഎഫ് ഫയൽ ആയി ഡൗൺലോഡ് ചെയ്യാൻ പറ്റും.  ഓപ്പൺസ്റ്റ്രീറ്റ്മാപ് സൈറ്റിൽ നിന്നു തന്നെ മാപ്പുകൾ jpg/png/pdf/svg ഫോർമാറ്റുകളിൽ എക്സ്പോർട്ട് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും സെർവർ ലോഡ് അധികമാണെങ്കിൽ റിക്വസ്റ്റ് റിജക്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ fieldpapers.org ൽ നിന്നും മാപ്പുകൾ എടുക്കുന്നതാകും സൗകര്യം.

മാപ് സെർച്ച്
നേരത്തേ സൂചിപ്പിച്ചതുപോലെ ഓപ്പൺസ്റ്റ്രീറ്റ് സൈറ്റിന്റെ ഉദ്ദേശം മാപ് എഡിറ്റിങ്ങും മറ്റുമായതിനാൽ എല്ലാത്തരം വിവരങ്ങളും ആ സൈറ്റിൽ കാണാൻ പറ്റില്ല. മാത്രവുമല്ല അവിടെ സെർച്ച് ചെയ്യുന്നതും അത്ര സുഖമുള്ള പരിപാടിയല്ല. അങ്ങനെയുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ചില സൈറ്റുകളാണ് http://www.openstreetbrowser.org/, http://osm24.eu,http://www.lenz-online.de/cgi-bin/osmpoi/osmpoi.pl എന്നിവ.

മറ്റു സർവീസുകൾ
http://www.openrailwaymap.org/ : റെയിൽ മാപ്പുകൾ.
http://openfiremap.org/ : ഫയർ സ്റ്റേഷനുകൾ, ഫയർ ഹൈഡ്രന്റ് എന്നിവയുടെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുള്ള മാപ്.
http://openbeermap.github.io/ : പബ്, ഷാപ്പ് എന്നിവ കാണിക്കാൻ വേണ്ടിയുള്ള മാപ്.
http://waymarkedtrails.org/en/ : ഹൈക്കിങ് ട്രെയ്‌‌ലുകൾ

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇതിൽ കുന്നംകുളത്തിന്റെ മാപ്പുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം തരേണ്ടത് ആവശ്യമാണല്ലോ. കുന്നംകുളത്തിന്റെ മാപ്പുണ്ട്, പക്ഷേ പല വിവരങ്ങളും അതിൽ ഇതുവരെ ലഭ്യമല്ല. കുന്നംകുളത്തിന്റെ വിവരങ്ങൾ ഓപ്പൺസ്റ്റ്രീറ്റ്മാപ്പിൽ ചേർക്കാൻ താല്പര്യമുണ്ടെങ്കിൽ http://learnosm.org/en/ എന്ന സൈറ്റിൽ പോയാൽ വിവരങ്ങൾ ഓപ്പൺസ്റ്റ്രീറ്റ് മാപ്പിൽ എങ്ങനെ ചേർക്കാം എന്നു മനസ്സിലാക്കാം.

April 20, 2014

പാചകക്കുറിപ്പുകൾ : ഒരു വിപ്ലവത്തിനു സമയമായി

(ഗൂഗിൾ പ്ലസ്സിൽ പോസ്റ്റ് ചെയ്തതാണ്, ഇവിടെ അധികം പാചകക്കാരെ കണ്ടിട്ടില്ല, എന്നാലും വിപ്ലവത്തിന്റെ വിത്ത് പാകിയേക്കാം).

പ്രിയപ്പെട്ടവരേ,

ഇവിടെ പലരും നല്ല ചിക്കൻ, ബീഫ്‌‌, പോർക്ക്, പായസം എന്നീ വിഭവങ്ങളുണ്ടാക്കി അതിന്റെ ഫോട്ടോയൊക്കെ ഇട്ട് പാചകക്കുറിപ്പടിയും ഇടുന്നത് കണ്ടിട്ടുണ്ടാകുമല്ലോ? ഈ പാചകക്കുറിപ്പുകളുടെ ഒരു പ്രശ്നം എന്തെന്നാൽ അതൊന്നും റിപ്പീറ്റബിൾ അല്ല എന്നതാണ്. അതായത് അതുപയോഗിച്ച് രണ്ടുപേർ പാചകം ചെയ്താൽ രണ്ടും രണ്ടു വിധത്തിലായിരിക്കും. മാത്രവുമല്ല അതിലെ നിർദ്ദേശങ്ങൾ പലപ്പോഴും അവ്യക്തമായിരിക്കും. കുറച്ചു നാൾ മുമ്പ് നിശി[1] പോസ്റ്റ് ചെയ്ത് അടപ്രഥമൻ & പാലട പ്രഥമൻ ഉണ്ടാക്കാൻ ശ്രമിച്ച് ഞങ്ങളുടെ ക്ലബ്ബിലെ നീന്തൽക്കുളം കലങ്ങുകയുണ്ടായി. ഞാൻ ഇലക്ട്രോണിക്സ് ഇഞ്ചിനീയറിങ്ങാണ് പഠിച്ചതെന്ന് നിങ്ങളിൽ ചിലർക്കെങ്കിലും അറിവുണ്ടാകും. ആയതിനാൽ ഇഞ്ചിനിയറിങ് മേഖലയിൽ ഞങ്ങൾ ഇഞ്ചിനീയറന്മാർ കാലാകാലങ്ങളായി ഉപയോഗിക്കുന്ന ചില ബെസ്റ്റ് പ്രാക്റ്റീസുകൾ പാചകക്കുറിപ്പുകളിൽ അപ്ലൈ ചെയ്ത്, പാചകക്കുറിപ്പ് ആരുപയോഗിച്ചാലും അവസാനം കിട്ടുന്ന വിഭവം ഒരുപോലെ ആക്കുന്ന ഒരു നിലയിലേക്ക് എത്തിക്കുക എന്നതാണ് ഈ വിപ്ലവം കൊണ്ടുദ്ദേശിക്കുന്നത്. ആംപ്ലിഫയറിന്റെ സർക്യൂട്ട് ഡയഗ്രം ഫോളോ ചെയ്താൽ ആംപ്ലിഫയർ തന്നെയാണല്ലോ കിട്ടുക, അസ്റ്റേബിൾ മൾട്ടി വൈബ്രേറ്ററോ, ഷ്മിറ്റ് ട്രിഗറോ ഒന്നും അല്ലല്ലോ കിട്ടുന്നത്.
ഈ വിപ്ലവത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഇവയാണ്:
  1. പാചകക്കുറിപ്പുകൾക്ക് എസ് ഐ യൂണിറ്റ് ഉപയോഗിക്കും. കുറച്ച് ചിക്കൻ, ഒരു സ്പൂൺ മല്ലിപ്പൊടി എന്നൊന്നും പറയരുത്. 157ഗ്രാം Gallus gallus domesticus മാംസം, 5.5 ഗ്രാം Coriandrum sativum പൗഡർ എന്നൊക്കെ വേണം പാചകക്കുറിപ്പുകളിൽ എഴുതാൻ.
  2. നിർദ്ദേശങ്ങൾ കൃത്യവും പാചകം ചെയ്യുന്നവർക്ക് സംശയലേശമന്യേ പാലിക്കാൻ പറ്റുന്നവയും ആകണം. ഉദാ: അടുപ്പിലിരിക്കുന്ന മിശ്രിതം ഇളക്കുക എന്നതു വളരെ അവ്യക്തമാണ്. പകരം, പാത്രത്തിലെ മിശ്രിതം മൂന്ന് സെന്റീമീറ്റർ വാട്ടവും പിടിക്ക് 15 സെന്റീമീറ്റർ നീളവുമുള്ള തവികൊണ്ട് മേജർ ആക്സിസ് 16 സെന്റീമീറ്ററും, മൈനർ ആക്സിസ് 7 സെന്റീമീറ്ററും ആയ എലിപ്സിന്റെ രൂപത്തിൽ ക്ലോക്‌‌വൈസ് ദിശയിൽ 45 ആർപ്പിഎമ്മിൽ 14.8 സെക്കന്റു നേരത്തേക്ക് ഇളക്കുക എന്നത് ആർക്കും ഒരു പോലെ ചെയ്യാൻ പറ്റുന്നതാണല്ലോ?
ഈ രീതി ഉപയോഗിച്ച് എഴുതിയ ഒരു പാചകക്കുറിപ്പ് നിങ്ങളുടെ റെഫറൻസിനായി ചേർക്കുന്നു
ചായ

Bill of materials
  1. കോപ്പർ (Cu, Atomic number 29) പാത്രം: ഡയമീറ്റർ 15 സെമീ, ആഴം 10 സെമീ
  2. H2O (വെള്ളം) 150 മി.ലി
    .
  3. Bos primigenius (പശു) ന്റെ പാൽ : 75 മി.ലി.
  4. C6H12O6 : 15 ഗ്രാം.
  5. Camellia sinensis ന്റെ ഇലയുടെ പൗഡർ : 5 ഗ്രാം
  6. Mesh : 0.310 mm dia, #of wires /mm : 2
  7. Spoon : 10 സെ.മീ നീളം, 5 മി.ലി കപ്പാസിറ്റി
  8. സെൽഷ്യസ് തെർമോമീറ്റർ : 0-150 ഡിഗ്രീ സെൽഷ്യസ് വരെയുള്ളത്.
  9. ടംബ്ലർ : സിലിക്കാ ഗ്ലാസ് കൊണ്ടുണ്ടാക്കിയത്.
രീതി:

സ്റ്റൗവ് 1.5 kwh ഔട്ട്പുട്ട് ചൂട് കിട്ടുന്ന രീതിയിൽ ക്രമീകരിക്കുക. ഐറ്റം #2 ഐറ്റം #1 ൽ ഒഴിച്ച് സ്റ്റൗവിൽ വയ്ക്കുക. തെർമോമീറ്റർ ഉപയോഗിച്ച് പാത്രത്തിലെ ഉള്ളടക്കത്തിന്റെ ചൂട് മോണിറ്റർ ചെയ്യുക. അന്തരീക്ഷ മർദ്ദം 1 അറ്റ്മോസ്ഫിയർ ആണെങ്കിൽ 100 ഡിഗ്രീ സെൽഷ്യസിൽ ഇത് തിളയ്ക്കാൻ തുടങ്ങും. അപ്പോൾ ഐറ്റങ്ങൾ 4ഉം 5ഉം ചേർക്കുക. #7 ഉപയോഗിച്ച് 10 സെ മീ വ്യാസമുള്ള വൃത്താകാരത്തിൽ 30 ആർപ്പിഎമ്മിൽ 8 സെക്കന്റ് ക്ലോക്കിന്റെ ദിശയിൽ ഇളക്കുക. ഒരു മിനിട്ട് 27 സെക്കന്റ് കഴിയുമ്പോൾ‌ പാത്രത്തിലേക്ക് ഐറ്റം 3 ചേർക്കുക. 1 മിനിട്ട് 26 സെക്കന്റിനു ശേഷം സ്പൂൺ ഉപയോഗിച്ച് 10 സെമീ വ്യാസമുള്ള വൃത്താകാരത്തിൽ 15 ആർപ്പിഎമ്മിൽ ക്ലോക്കിന്റെ ദിശയിൽ 4 പ്രാവശ്യം ഇളക്കുക. ഓരോ 15 സെക്കന്റിടവിട്ട് 6 പ്രാവശ്യം ഇതുപോലെ ഇളക്കുക.
സ്റ്റൗ ഓഫ് ചെയ്യുക. ചായ റെഡി. മെഷ് ഉപയോഗിച്ച് ചായ ടംബ്ലറിലേക്ക് ഒഴിക്കുക. ചായയുടെ ചൂട് 60 - 80 ഡിഗ്രീ ആകുമ്പോൾ കുടിക്കാൻ തുടങ്ങാം.
[1]നിശികാന്തിന്റെ പായസത്തിന്റെ കുറിപ്പടി ഇവിടെ : https://plus.google.com/+GNisikanth/posts/8VMSiuj5Gr6

April 19, 2014

സെർച്ച് : ഗൂഗിൾ പ്ലസ് പോസ്റ്റുകളിൽ

സേർച്ചിൽ ഗൂഗിൾ ഒരു പുലിയാണെങ്കിലും ഗൂഗിൾ പ്ലസ്സിൽ പുലിയുടെ നിഴൽ പോലും അല്ല എന്നാണ് സ്വന്തം അനുഭവം. എന്തോ ഒരുകാര്യത്തിനായി എന്റെ ഒരു പോസ്റ്റ് ഗൂഗിൾ പ്ലസ്സിൽ തിരഞ്ഞ് വട്ടായി. അവസാനം ഒരു വളഞ്ഞവഴിയിൽ കൂടി കാര്യം നടത്തി. പൊതുജനോപകാരാർത്ഥം അത് ഇവിടെ ചേർക്കുന്നു.

നമ്മുടെ സ്വന്തം പോസ്റ്റുകളും അതിലെ കമന്റുകളും ഗൂഗിൾ ടേക്ക് ഔട്ട് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് അത് ലോക്കൽ ഡ്രൈവിൽ എക്സ്റ്റ്രാക്റ്റ് ചെയ്ത് അതിൽ സെർച്ച് ചെയ്യുക എന്നതാണ് ഈ വളഞ്ഞവഴി.

ആദ്യം https://www.google.com/settings/takeout ൽ പോയി "Create archive" എന്ന ബട്ടൺ അമർത്തുക. അപ്പോൾ വരുന്ന പേജിൽ Google+ Stream മാത്രം സെലക്റ്റ് ചെയ്ത് Create Archive ചെയ്യാൻ ഗൂഗിളിനോടു പറയുക. അപ്പോൾ ഗൂഗിൾ പറയും, ആർക്കൈവ് ഉണ്ടാക്കുകയാണ്, സംഭവം റെഡിയാകുമ്പോ‌‌ൾ മെയിൽ അയക്കാമെന്ന്. ഇനി മെയിൽ വരുന്നതുവരെ കാത്തിരിക്കുക. ഡൗൺലോഡ് റെഡിയായെന്നു പറഞ്ഞു മെയിൽ വന്നാൽ ഓടിപ്പോയി ആ ആർക്കൈവ് ഡൗൺലോഡ് ചെയ്യുക. കുറേ അധികം കുക്കികളും മറ്റു അനുസാരികളും ഈ ഡൗൺലോഡിന് വേണമെന്നുള്ളതിനാൽ കുക്കികൾ എനേബിൾ ചെയ്യാൻ മറക്കരുത്. ഒരു ആർക്കൈവ് നിശ്ചിത തവണകൾ/ദിവസങ്ങൾ മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ എന്നു തോന്നുന്നു.

ആർക്കൈവ് കിട്ടിയാൽ അത് ഒരു ഫോൾഡറിലേക്ക് എക്സ്റ്റ്രാക്റ്റ് ചെയ്യുക. അതിനുള്ളിലെ ഫോൾഡറുകളിലേക്ക് പോകുമ്പോ‌‌ൾ Google+ Stream എന്ന ഒരു ഫോൾഡറിൽ നിങ്ങൾളുടെ പോസ്റ്റുകൾ എല്ലാം കമന്റുകൾ ഉൾപ്പടെ html ഫയലുകൾ ആയി കാണാൻ പറ്റും. ആർക്കൈവിൽ പ്രൈവറ്റ് പോസ്റ്റുകളും വരുമെന്നതിനാൽ ആർക്കൈവ് ഫയലും എക്സ്റ്റ്രാക്റ്റ് ചെയ്ത ഫയലുകളും സൂക്ഷിച്ച് വയ്ക്കേണ്ടത് നിങ്ങളുടെ സ്വന്തം കടമയാണ്.

ഇനി ആവശ്യമുള്ള സേർച്ചെല്ലാം ലോക്കൽ html ഫയലുകളിൽ ചെയ്യാവുന്നതാണ്. വിൻഡോസിന്റെ ഫൈൻഡ് യൂട്ടിലിറ്റിയിൽ ഫയലുകളുടെ ഉള്ളടക്കവും തിരയാൻ ഒരു ഓപ്ഷനുണ്ട്. Find എന്ന ഡോസ് കമാന്റും ഉപയോഗിക്കാവുന്നതാണ്.

ഈ പരിപാടി ഉപയോഗിച്ച് നമ്മുടെ സ്വന്തം പോസ്റ്റുകളിലും, അവയിൽ വന്നകമന്റുകളും മാത്രമേ കിട്ടുകയുള്ളൂ. നമ്മൾ മറ്റുള്ളവരുടെ പോസ്റ്റിൽ എഴുതിയ കമന്റുകൾ ഇതുപോലെ കിട്ടാൻ വല്ല വഴിയുമുണ്ടെങ്കിൽ ദയവായി പങ്കുവയ്ക്കുക.

വിൻഡോസ് ഉപയോക്താക്കൾക്ക് ഇനി വീട്ടിൽ പോകാം, ബാക്കി ലിനക്സ് ഉപയോക്താക്കൾക്കാണ്.

grep ഉപയോഗിച്ച് പാറ്റേണുകൾ html ഫയലുകളിൽ സെർച്ച് ചെയ്യാവുന്നതാണ്. ഉദാ:
grep "search pattern" *.html
ഫയലുകളുടെ പേരിൽ പല സ്പെഷ്യൽ ക്യാരക്റ്ററുകളും ഉള്ളതിനാൽ ചിലപ്പോൾ grep: invalid option -- '(' എന്നൊക്കെ പറഞ്ഞെന്നിരിക്കും. അപ്പോൾ grep നു ശേഷം രണ്ട് മൈനസ് കൊടുത്താൽ മതിയാകും :
grep -- "search pattern" *.html

April 15, 2014

സ്വതന്ത്രം.in

സ്വതന്ത്രസോഫ്റ്റ്‌‌വേറിനെ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി മലയാളത്തിൽ ഒരു പോർട്ടൽ/മാഗസിൻ തുടങ്ങിയിരിക്കുന്നു : http://swathanthram.in/ വായിക്കുക, പങ്കാളികളാകുക, പ്രചരിപ്പിക്കുക.
ഈ ഉദ്യമത്തിന്റെ ശില്പികളായ സ്വതന്ത്ര സോഫ്റ്റ്‌‌വേർ പ്രവർത്തകർക്ക് നന്ദി.

March 27, 2014

exiftool

കൂൾ റീഡറിനെ(http://coolreader.org/e-index.htm) കുറിച്ചെഴുതണോ അതോ എംപിഡിയെ (https://en.wikipedia.org/wiki/Music_Player_Daemon) കുറിച്ചെഴുതണോ എന്നു കൺഫ്യു ആയപ്പോൾ എക്സിഫ് ടൂളിനെ (exiftool)‌‌ ക്കുറിച്ചെഴുതാം എന്നു വിചാരിച്ചു.
എക്സിഫ്‌‌ടൂൾ എന്ന പേര് കുറച്ച് തെറ്റിദ്ധാരണാജനകമാണെന്നാണ് എന്റെ വിനീതാഭിപ്രായം. കാരണം മറ്റൊന്നുമല്ല, പേരു കേൾക്കുമ്പോൾ ഇമേജ് ഫയലുകളിലെ എക്സിഫ് ഡേറ്റാ എടുക്കാനുള്ള ഒരു ടൂളാണെന്നാണ് തോന്നും. ഒന്നു രണ്ടു പ്രാവശ്യം ഉപയോഗിച്ചു നോക്കിയപ്പോഴാണ് സംഭവം മിക്കവാറും എല്ലാ തരം മീഡിയ ഫയലുകളിൽ നിന്നും മെറ്റാഡേറ്റാ എടുക്കാൻ പറ്റിയ ഒരു സാധനമാണെന്നു മനസ്സിലായത്.
ഏതെങ്കിലും ക്യാമറയിൽ നിന്നുള്ള ഫോട്ടോ ഫയലിൽ എക്സിഫ് ടൂൾ ഓടിച്ചാൽ അതിലുള്ള ഒരു വിധം എല്ലാ മെറ്റാഡേറ്റയും അതു ലിസ്റ്റ് ചെയ്യും. ഉദാ :
exiftool  IMG_3924.CR2
ExifTool Version Number         : 9.46
File Name                       : IMG_3924.CR2
Directory                       : .
File Size                       : 8.7 MB
File Modification Date/Time     : 2011:09:29 21:17:53+05:30
File Access Date/Time           : 2014:03:27 19:13:21+05:30
File Inode Change Date/Time     : 2013:08:17 19:52:54+05:30
File Permissions                : rwxr--r--
File Type                       : CR2
MIME Type                       : image/x-canon-cr2

Light Value                     : 11.0
Red Balance                     : 2.027344
കാനണിൽ നിന്നുള്ള റോ ഫയലിൽ നിന്ന് 285 ടാഗുകൾ ലിസ്റ്റ് ചെയ്തു
ആദ്യമായി exiftool ഉപയോഗിച്ചത് ടാബ്‌‌ലറ്റിന്റെ മെമ്മറി കാർഡിലെ ഫയലുകൾ റിക്കവർ ചെയ്തപ്പോഴാണ്. റിക്കവർ ചെയ്ത ഫയലുകളുടെ പേരെല്ലാം ഒരു വഴിക്കായിരുന്നു. ഫോട്ടോകളുടേയും വീഡിയോകളുടേയും പേരും മോഡിഫിക്കേഷൻ ടൈമും ഷൂട്ട് ചെയ്ത ഡേറ്റ്/സമയ പ്രകാരം ആക്കാൻ നോക്കിയപ്പോൾ exiftool ആയിരുന്നു സഹായത്തിനെത്തിയത്. എക്സിഫ് ടൂളിന് -T എന്നൊരോപ്ഷനുണ്ട്, അതും ആവശ്യമുള്ള ടാഗ് നേമും കൊടുത്താൽ ആ ടാഗ് മാത്രം ഫയലിൽ നിന്ന് എടുത്തു തരും. 
exiftool -T -DateTimeOriginal IMG_3924.CR2
2011:09:18 15:52:28
നേരത്തേ പറഞ്ഞതുപോലെ പേരു മാറ്റി ഫയൽമോഡിഫിക്കേഷൻ ടൈം മാറ്റാൻ നോക്കിയപ്പോൾ, ടാഗിലെ സമയം ടച്ച് കമാന്റിനുപയോഗിക്കാവുന്ന രീതിയിലാക്കാൻ കുറേ മെനക്കെടേണ്ടിവരുമെന്നാണ് കരുതിയത്. എന്നാൽ -d എന്ന ഓപ്ഷനുപയോഗിച്ച് ഇഷ്ടമുള്ള ഡേറ്റ് ഫോർമാറ്റ് കൊടുക്കാൻ പറ്റുമെന്നു മനസ്സിലായി.
exiftool -d "%Y%m%d_%H%M.%S" -T -DateTimeOriginal IMG_3924.CR2 
20110918_1552.28
ആനന്ദലബ്ധിക്കിനിയെന്തു വേണം ;)
അടുത്തത് എംപീത്രീ ഫയലുകളിലെ ലിറിക്സ് ടാഗുമായി മല്പിടിത്തം നടത്തിയപ്പോൾ എക്സിഫ് ടൂൾ രക്ഷപ്പെടുത്തിയ കഥയാണ്. മുമ്പ് പാട്ടുകേൾക്കാൻ ഉപയോഗിച്ചിരുന്നത് അമറോക് മ്യൂസിക് പ്ലയറായിരുന്നു. അമറോക്കിന് id3 ടാഗിലുള്ള ലിറിക്സ് വായിക്കാൻ പറ്റില്ലെന്നുള്ളെത് ഒരു വലിയ പ്രശ്നമായിരുന്നു. അതു പരിഹരിക്കാൻ വേണ്ടി ഒരു അമറോക് പ്ലഗിൻ എഴുതാം എന്നു വിചാരിച്ച് നോക്കിയപ്പോൾ ഒരു വിധത്തിലും ലിറിക്സ് ഫയലുകളിൽ നിന്ന് എടുക്കാൻ പറ്റുന്നില്ല. (അന്നു ഐഡിത്രീയോടുള്ള കലിപ്പിലിട്ട പോസ്റ്റ് ഇവിടെ : http://primejyothi.blogspot.in/2013/12/id3-blues.html). id3info യും id3v2ഉം ഒക്കെ ഉപയോഗിച്ചു നോക്കിയപ്പോൾ‌ അതിൽ ലിറിക്സൊന്നും കിട്ടുന്നില്ല. അപ്പോഴാണ് എക്സിഫ് ടൂൾ ഓടിച്ചു നോക്കിയത്. ഔട്ട്പുട്ട് കണ്ട് കിടുങ്ങിപ്പോയി. ആ എംപിത്രീയിലുണ്ടായിരുന്ന സകല ടാഗുകളും അതു ലിസ്റ്റ് ചെയ്തു. ദാ ഉദാഹരണം (സ്ഥലം ലാഭിക്കാനായി ലിറിക്സ് കുറച്ച് കട്ട് ചെയ്തിട്ടുണ്ട്)
exiftool Pularmanjiloode-320-OnamwitheeNam2013.mp3
ExifTool Version Number         : 9.46
File Name                       : Pularmanjiloode-320-OnamwitheeNam2013.mp3
Directory                       : .
File Size                       : 14 MB
File Modification Date/Time     : 2014:02:04 14:46:32+05:30
File Access Date/Time           : 2014:03:26 18:37:13+05:30
File Inode Change Date/Time     : 2014:02:04 14:46:32+05:30
File Permissions                : rw-rw-r--
File Type                       : MP3
MIME Type                       : audio/mpeg
MPEG Audio Version              : 1
Audio Layer                     : 3
Audio Bitrate                   : 320 kbps
Sample Rate                     : 44100
Channel Mode                    : Stereo
MS Stereo                       : Off
Intensity Stereo                : Off
Copyright Flag                  : False
Original Media                  : False
Emphasis                        : None
ID3 Size                        : 187144
Title                           : Pularmanjiloode Alayaan
Artist                          : G Venugopal, G Nisikanth
Album                           : Onam with eeNam 2013
Recording Time                  : 2013
Track                           : 13
Comment (xxx)                   : (ID3v1 Comment) Visit [http://www.onam.eenam.com](http://www.onam.eenam.com) for
Lyrics                          :   പുലർമഞ്ഞിലൂടെ അലയാൻ, ... അലയാൻ, കുളിർ.കാറ്റിൽ മോഹം അലിയാൻ
Popularimeter                   :  Rating=0 Count=110
User Defined Text               : (FMPS_Playcount) 110
Genre                           : Festival Songs
Lyricist                        : G Nisikanth
Composer                        : G Nisikanth
Picture Mime Type               : image/jpeg
Picture Type                    : Front Cover
Picture Description             : Pularmanjoloode_final.jpg
Picture                         : (Binary data 183885 bytes, use -b option to extract)
Year                            : 2013
Comment                         : Visit [http://www.onam.eenam.com](http://www.onam.eenam.com) for
Date/Time Original              : 2013
Duration                        : 0:05:51 (approx)
അപ്പോൾ പറഞ്ഞു വന്നത് ഇനി ഏതെങ്കിലും ഫയലിൽ നിന്ന് മെറ്റാഡേറ്റ വേർതിരിച്ചെടുക്കണമെങ്കിൽ എക്സിഫ് ടൂൾ ഉപയോഗിച്ചു നോക്കാവുന്നതാണ്. ഏതൊക്കെ ഫയലുകൾ സപ്പോർട്ട് ചെയ്യുന്നെന്നറിയാൻ exiftool എന്നു മാത്രം റൺ ചെയ്യുക. ഏതെല്ലാം ടാഗുകൾ സപ്പോർട്ട് ചെയ്യുമെന്നറിയാൻ exiftool -list എന്നു റൺ ചെയ്യുക. എന്റെ സിസ്റ്റത്തിൽ ഏകദേശം മൂവായിരം ലൈനുകളിലായി പന്ത്രണ്ടായിരം ടാഗുകൾ ലിസ്റ്റ് ചെയ്തു ;)

January 8, 2014

ഡോക്സിജൻ

Doxygen ഒരു അപാര സംഭവം തന്നെ. Call graph എല്ലാം കിടിലം. അതിനേക്കാൾ കിടിലമാണ് ടെക്കിൽ കയറ്റിയിറക്കി നീറ്റാക്കി തന്ന പിഡിഎഫ്. കണ്ടിട്ട് എന്റെ തന്നെ കണ്ണ് നിറഞ്ഞു പോയി. ഞാനെഴുതിയ പ്രോഗ്രാമിൽ നിന്നും ഇത്രയും സുന്ദരമായ ഒരു ഡോക്യുമെന്റ്, അതും കണ്ടന്റ്സും ഇൻഡെക്സും സഹിതം തന്നാൽ പിന്നെ കണ്ണു നിറയാതിരിക്കുന്നതെങ്ങനെ :)

December 25, 2013

കലണ്ടറുകൾ

ഒരു ഗൂഗിൾ പ്ലസ് പോസ്റ്റ് കണ്ടപ്പോൾ കലണ്ടറുകൾ എത്ര പ്രാവശ്യം വരുമെന്ന് നോക്കണമെന്നു തോന്നി. ഇതാണ് റിസൽട്ട്:
എഡി 1 മുതൽ 5000 വരെയുള്ള കലണ്ടറുകൾ ഓരോന്നും എത്രപ്രാവശ്യം വരുമെന്നെ കണക്ക് ഇതാ:
      1 bd30d102085f9899cb6c2c2060307f85
    167 36f01bef85a89cc8e951955441653a4e
    167 c197d36fcec25aced5da1e93368aa8c3
    168 f93d80b2ff5e304125310452ea18560e
    175 17e88e8be482fd24e98d2de1234b62ea
    177 048b5d0fc88e9f6768bfdc2d7580d8c7
    185 22465bceeda7b12a8e1dbfb8f8ce605d
    185 d4d9912ad523f8bcab60ee8a247e40eb
    535 8cf2c8f2157920ab14211ef3d51829de
    537 1a2b91b95b224758a3f2a88d60f96a89
    537 1ab991e95f86b6efa9364b926cff539c
    537 d50d4d721243c8b0163795fb8dfd3a3c
    538 b450c6e75884ad695c5f8a512b366414
    545 651a68a9dbc555d8629dc50dbdb23a54
    546 08c08487b9fed33686e68872ad833150
ആദ്യത്തെ അക്കം ഒരു കലണ്ടർ എത്ര പ്രാവശ്യം വരുന്നു എന്നും രണ്ടാമത്തേത് കലണ്ടറിന്റെ md5sum-ഉം ആണ്. ഇതനുസരിച്ച് ആകപ്പാടെ 15 കലണ്ടറുകൾ മാത്രമേ ഉള്ളൂ എന്നു കാണാം. 1752ലെ പരിഷ്കാരമില്ലാതിരുന്നെങ്കിൽ 14 എണ്ണമേ ഉണ്ടാകുമായിരുന്നുള്ളൂ. ഇരുന്നൂറിൽ കുറഞ്ഞ എണ്ണമുള്ള കലണ്ടറുകൾ അധിവർഷങ്ങളുടേതാണ്.

md5sum-ഉം കലണ്ടറുമായുള്ള മാപ്പിങ്, ആദ്യം md5sum, രണ്ടാമത് വർഷം എന്ന ക്രമത്തിൽ:
1a2b91b95b224758a3f2a88d60f96a89  - 1
d50d4d721243c8b0163795fb8dfd3a3c  - 2
b450c6e75884ad695c5f8a512b366414  - 3
048b5d0fc88e9f6768bfdc2d7580d8c7  - 4
651a68a9dbc555d8629dc50dbdb23a54  - 5
8cf2c8f2157920ab14211ef3d51829de  - 6
d4d9912ad523f8bcab60ee8a247e40eb  - 8
08c08487b9fed33686e68872ad833150  - 9
1ab991e95f86b6efa9364b926cff539c  - 10
22465bceeda7b12a8e1dbfb8f8ce605d  - 12
17e88e8be482fd24e98d2de1234b62ea  - 16
36f01bef85a89cc8e951955441653a4e  - 20
c197d36fcec25aced5da1e93368aa8c3  - 24
f93d80b2ff5e304125310452ea18560e  - 28
bd30d102085f9899cb6c2c2060307f85  - 1752

ഇത് എങ്ങനെ കണ്ടുപിടിച്ചു എന്ന് ചിന്തിക്കുന്നവർക്ക് വേണ്ടി:
ഒന്നു മുതൽ 5000 വരെയുള്ള കലണ്ടറുകളുടെ md5sum കണ്ടുപിടിക്കാൻ :
for i in `seq 5000`
do
        md5Sum=`cal $i | tail -n +2 | md5sum`
        echo "$md5Sum $i"
done > res

കലണ്ടറുകൾ ഓരോന്നും എത്രപ്രാവശ്യം വരുമെന്ന് കണ്ടുപിടിക്കാൻ :
awk -F"-" '{print $1}' res |sort  |uniq -c  |sort -n

md5sum-ഉം കലണ്ടറുമായുള്ള മാപ്പിങ് :
for m in `awk -F"-" '{print $1}' res |sort  |uniq`; do grep "$m" res | head -1  ; done | sort -n -k 3

വമ്പിച്ച ന്യൂഇയർ ഓഫർ :
വിൻഡോസിൽ ഇതുപോലെ പത്തുമിനിട്ടുകൊണ്ട് ഈ ഡേറ്റ കണ്ടുപിടിക്കാനുള്ള ബാച്ച് ഫയൽ ഉണ്ടാക്കുന്നവരുടെ ലാപ്‌‌ടോപ് ബാംഗ്ലൂരിൽ എത്തിച്ചാൽ ഫ്രീയായി ലിനക്സ് ഇൻസ്റ്റാൾ ചെയ്തു തരുന്നതാണ്

September 24, 2013

സ്വതന്ത്ര സോഫ്റ്റ്‌‌വേർ

ഒരു ഗൂഗ്ഗിൾ പ്ലസ്സ് പോസ്റ്റിൽ എഴുതിയ കമന്റ് പോസ്റ്റാക്കിമാറ്റുന്നു.

സോഫ്റ്റ്‌‌വെയർ സ്വാതന്ത്ര്യം എന്നത് ദൃഷ്ടിഗോചരമായ മറ്റൂള്ള വസ്തുക്കളുടെ വിപണനവും കോപ്പിറൈറ്റും ആയി താരതമ്യം ചെയ്യതാൽ സ്വതന്ത്ര സോഫ്റ്റ്‌‌വേർ എന്ന ആശയം കുറച്ച് കടന്ന കൈ ആണെന്നു തോന്നും. ഞാൻ ഉണ്ടാക്കിയ ഒരു സാധനം വില തരാതെ മറ്റാരെങ്കിലും എടുത്തുകൊണ്ട് പോയി ഉപയോഗിക്കുന്നതു പോലെ. പക്ഷേ സോഫ്റ്റ്‌‌വേർ എന്നത് അറിവ് എന്ന രീതിയിൽ കണ്ടാൽ കാര്യങ്ങൾ മാറും. അറിവ് മൂടിവയ്ക്കാനുള്ളതല്ല, പങ്കുവയ്ക്കാനുള്ളതാണ് നിലയ്ക് നോക്കിയാൽ ഈ പ്രശ്നമുണ്ടോ?

അപ്പോൾ സാമ്പത്തികം എന്ന പ്രശ്നം വരും. സ്വതന്ത്ര സോഫ്റ്റ്‌‌വേറിൽ നിന്നും പണം ഉണ്ടാക്കാൻ പറ്റില്ല എന്നല്ല, സപ്പോർട്ടും മറ്റുമായി പണം ഉണ്ടാക്കാം. റെഡ്ഹാറ്റ് ആണ് നല്ലൊരുദാഹരണം. എല്ലാവർക്കും റെഡ്ഹാറ്റിനെ പോലെ പണമുണ്ടാക്കാൻ പറ്റുമോ എന്നും എങ്ങനെ എന്നും ചോദിച്ചാൽ പറ്റില്ല എന്നും എനിക്ക് കൃത്യമായി അറിയല്ല എന്നും ആയിരിക്കും എന്റെ ഉത്തരം.

മുമ്പൊരിക്കലുമില്ലാത്ത വിധത്തിൽ സോഫ്റ്റ്‌‌വെയർ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. റെഫ്രിജറേറ്റർ, ടിവി, മൊബൈൽ ഫോൺ എന്നിവയിൽ തുടങ്ങി  സൂപ്പർകമ്പ്യൂട്ടറിൽ വരെ ഓടുന്ന ലിനക്സ് സ്വത്രന്ത്രമല്ലായിരുന്നെങ്കിൽ എങ്ങനെയുണ്ടാകും? ഏതെങ്കിലും കമ്പനി ഉണ്ടാക്കുന്ന സാധനം കാശുകൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ടി വരും. പൈസ കൊടുക്കുന്നത് ഏറ്റവും ചെറിയ പ്രശ്നമാണ്. ആ സോഫ്റ്റ്‌‌വേറിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഉണ്ടാക്കിയ കമ്പനി കനിയണം. പോരാത്തതിന് അവരുടെ നൂറുകൂട്ടം നിബന്ധനകളും കാണും. ഒന്നു രണ്ട് ഉദാഹരണങ്ങൾ പറയാം. പല സോഫ്റ്റ്‌‌വേറുകളും വില മെഷീനിലെ പ്രോസസ്സറുകളുടെ എണ്ണമനുസ്സരിച്ചാണ് നിർണ്ണയിക്കുന്നത്. പ്രോഗ്രാം എഴുതുന്ന കാര്യമെടുത്താൽ രണ്ടു പ്രോസസ്സറും ഇരുപത് പ്രോസസ്സറും അതിനൊരുപോലെ ആയിരിക്കും. അപ്പോൾ പിന്നെ ഒരേ സാധനം ഞാൻ ഉപയോഗിക്കുന്ന രീതിയനുസ്സരിച്ച് വിലയിടുന്നതിൽ എന്തു ന്യായം? സാമ്പാറിലിടാനാണെങ്കിൽ മുളകിന് അഞ്ചു രൂപ, ചിക്കൻ കറിയിലിടാനാണെങ്കിൽ 7 രൂപ, ബിരിയാണിയിലിടാനാണെങ്കിൽ 10 രൂപ എന്നൊക്കെ പറയുന്നതു പോലെ അല്ലേ? അല്ലെങ്കിൽ വയ്ക്കാനുപയോഗിക്കുന്ന പാത്രത്തിന്റെ അളവു നോക്കി വിലയിട്ടാലോ?

ഇതാ മറ്റൊരു കിടിലം ഐറ്റം. ഓറാക്കിൾ ഡേറ്റാബേസിന്റെ പെർഫോർമൻസ് വിവരങ്ങൾ ഒറാക്കിൾ കമ്പനിയുടെ അനുമതിയില്ലാതെ പ്രസിദ്ധപ്പെടുത്തുവാൻ പാടില്ല. http://www.oracle.com/technetwork/licenses/standard-license-152015.html എന്ന പേജിൽ നിന്നും - "You may not: ... - disclose results of any program benchmark tests without our prior consent." മൈക്രോസോഫ്റ്റിന്റെ എസ് ക്യു എൽ സെർവറിനും ഇതുപോലൊരു നിബന്ധനയുണ്ടായിരുന്നു, ഇപ്പോൾ ഉണ്ടോ എന്നു തീർച്ചയില്ല. (http://contracts.onecle.com/aristotle-international/microsoft-eula.shtml, Performance or Benchmark Testing. You may not disclose the results of any benchmark test of either the Server Software or Client Software for Microsoft SQL Server, Microsoft Exchange Server, or Microsoft Proxy Server to any third party without Microsoft's prior written approval) എന്തെങ്കിലും ഒരു സാധനം കൊള്ളാമോ ഇല്ലയോ എന്ന് ഉണ്ടാക്കിയവൻ അപ്രൂവ് ചെയ്ത റിവ്യൂ നോക്കി തീരുമാനിക്കണം. സാധനം കൊള്ളാമോ ഇല്ലയോ എന്ന് പൊതുജന മധ്യത്തിൽ പറയാൻ പാടില്ല. അത്യാവശ്യമാണെങ്കിൽ കാശുകൊടുത്ത് വാങ്ങി ടെസ്റ്റ് ചെയ്തു നോക്കണം. അത് നമ്മുടെ ആവശ്യത്തിനനുസരിച്ച് ഓടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി.  നമ്മുടെ സിനിമാക്കാർ ഇതൊന്നും കാണാതിരിക്കട്ടെ, അല്ലെങ്കിൽ സിനിമ കണ്ട് സത്യസന്ധമായ റിവ്യൂ എഴുതുന്ന പരിപാടി നിന്നുപോകും.

മറ്റൊരുകാര്യം - സപ്പോർട്ട്. സോഫ്റ്റ്‌‌വെയർ എത്രകാലം സപ്പോർട്ട് ചെയ്യണമെന്ന് അതുണ്ടാക്കുന്ന കമ്പനികൾ തീരുമാനിക്കും. ഇനി കഷ്ടകാലത്തിനോ/നല്ലകാലത്തിനോ നമ്മൾ പുതിയ മെഷീൻ വാങ്ങുകയോ, ഓപ്പറേറ്റിങ് സിസ്റ്റം അപ്‌‌ഗ്രേഡ് ചെയ്യുകയോ ചെയ്താൽ നേരത്തേ വാങ്ങിയ സോഫ്റ്റ്‌‌വേർ പുതിയ മെഷീനിൽ/ഓഎസിൽ പ്രവർത്തിക്കുമോ എന്ന് ഒരു ഉറപ്പുമില്ല. ചിലപ്പോൾ സോഫ്റ്റ്‌‌വേറിന്റെ പുതിയ വെർഷൻ ഓടണമെങ്കിൽ പുതിയ മെഷീൻ വാങ്ങേണ്ടി വരും. ഞാൻ പണ്ട് വാങ്ങിയ ഒരു സ്കാനർ ഉണ്ട് കൈയ്യിൽ, ഇപ്പോഴും കുഴപ്പമൊന്നുമില്ല. വിൻഡോസ് വിസ്റ്റ ഉള്ള ഒരു ലാപ്‌‌ടോപ്പ് വാങ്ങിയപ്പോൾ ചെറിയ ഒരു പ്രശ്നം. സ്കാനറിന്റെ ഡ്രൈവർ വിസ്റ്റ സപ്പോർട്ട് ചെയ്യില്ല. അതു കാരണം ഇപ്പോഴും ഒരു പഴയ വിൻഡോസ് ഉപയോഗിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുന്നു.

സ്വതന്ത്ര സോഫ്റ്റ്‌‌വേറുകളുടെ മറ്റൊരു ഗുണം അവയുടെ സോഴ്സ് കോഡ് ആർക്കുവേണമെങ്കിലും വായിക്കുകയും മാറ്റം വരുത്തുകയും ചെയ്യാമെന്നാണ്. ഒരു സാധനം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് കണ്ടുപിടിക്കുന്നത് വളരെയധികം ഉപയോഗമുള്ള കാര്യമാണ്. ഒരു കാർ/ബൈക്ക് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞു തരുന്നതും അത് ഓടിച്ചു നോക്കി അല്ലെങ്കിൽ അഴിച്ചു നോക്കി മനസ്സിലാക്കുന്നതും പോലെയുള്ള വ്യത്യാസം. ഇങ്ങനെ ഒരു കാര്യം മനസ്സിലാക്കാൻ വേണ്ടി ഇറങ്ങിപ്പുറപ്പെടുമ്പോൾ പഠിക്കുന്ന മറ്റുകാര്യങ്ങൾ ബോണസ്സും. കുറച്ചു നാൾ മുമ്പ് ഞാൻ ടാബിലും കംപ്യൂട്ടറിലുമായി ഉപയോഗിക്കുന്ന രണ്ട് സോഫ്റ്റ്‌‌വേറുകളുടെ ഡേറ്റാബേസുകൾ തമ്മിൽ സിങ്ക് ചെയ്യാൻ ഒരു യൂട്ടിലിറ്റി എഴുതി. ഈ പറഞ്ഞ രണ്ടു സോഫ്റ്റ്‌‌വേറുകളും ഓപ്പൺ സോഴ്സ് ആയിരുന്നതിനാൽ അതിന്റെ കോഡ് വായിച്ച് വിശദ വിവരങ്ങൾ മനസ്സിലാക്കാൻ പറ്റിയതിനാൽ യൂട്ടിലിറ്റി ഉണ്ടാക്കാൻ പറ്റി. അല്ലായിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു.

ഇനിയും വളരെയധികം കാരണങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://www.gnu.org/philosophy/philosophy.html, http://www.gnu.org/philosophy/why-free.html, http://www.gnu.org/philosophy/pragmatic.html എന്നിവ കാണുക.

September 7, 2013

റിമൈന്ററുകൾ

ചില കമാന്റുകൾ കൃത്യസമയത്ത് എക്സിക്യൂട്ട് ചെയ്തില്ലെങ്കിൽ നമ്മുടെ ജീവിതം കട്ടപ്പൊകയായേക്കും. ഉദാ:
"അടുപ്പത്തിരിക്കുന്ന കൂക്കർ ഏഴെട്ടു മിനിട്ടു കഴിഞ്ഞ് ഓഫ് ചെയ്തേക്കണേ, ഞാൻ കടയിൽ പോയിട്ടു വരാം" അല്ലെങ്കിൽ "പാൽ തണുക്കാൻ വച്ചിട്ടുണ്ട്, പത്തുമിനിട്ട് കഴിഞ്ഞിട്ട് കൊച്ചിനു കൊടുക്കണം കേട്ടോ?"

എന്തെങ്കിലും കാര്യമായി ചെയ്തുകൊണ്ടിക്കുന്ന സമയത്ത് ഇങ്ങനയുള്ളവയ്ക്ക് റിമൈന്റെർ വച്ചില്ലെങ്കിൽ മറന്നുപോവുകയാണ് പതിവ്. ആദ്യമൊക്കെ ഒരു ഷെല്ലിൽ sleep 5m, sleep 10m എന്നൊക്കെ കൊടുത്തിരുന്നെങ്കിലും ടൈമൗട്ട് ആയോന്നറിയാൻ ടെർമിനൽ വിൻഡോയിൽ ഇടയ്ക്ക് പോകണമായിരുന്നു. (ഹാർഡ്വെയർ പ്രശ്നം കാരണം എക്കോ ഉപയോഗിച്ച് ബീപ് ചെയ്യാൻ എന്റെ മെഷീനിൽ പറ്റില്ല). പിന്നെ ഉള്ള ഒരു മാർഗ്ഗം ഏതെങ്കിലും കലണ്ടർ/റ്റു ഡു ആപ്ലിക്കേഷനിൽ റിമൈന്റർ സെറ്റു ചെയ്യുക എന്നതായിരുന്നു. ആപ്ലിക്കേഷനൊക്കെ ഓപ്പൺ ചെയ്തിട്ട്, റിമൈന്റർ സെറ്റ് ചെയ്യാൻ 5:55 നോട് എഴല്ലെങ്കിൽ എട്ട് മിനിട്ട് കൂട്ടിയാൽ അഞ്ച് അറുത്തിരണ്ട് അല്ലെങ്കിൽ അഞ്ച് അറുപത്തി മൂന്നിന് എന്നൊക്കെ കണക്കുകൂട്ടി ഒരു തീരുമാനമാകുമ്പോഴേയ്ക്കും കൊച്ചിനെ അടുപ്പത്തു നിന്നിറക്കിവയ്ക്കാനാണോ അതോ കുക്കറിനു പാലുകൊടുക്കാനാണോ റിമൈന്റർ സെറ്റ് ചെയ്യേണ്ടതെന്നു കൺഫ്യൂഷനാകും. അപ്പോൾ പിന്നെ പെട്ടെന്നു ചെയ്യാൻ പറ്റൂന്നത് ഒരു മെസ്സേജ് പോപ്അപ് ചെയ്യിക്കുക എന്നതാണ്. xmessage ആണ് ഇതിനായി ആദ്യം ഉപയോഗിച്ചു നോക്കിയത്.
sleep 7m; xmessage "Some text"
ഇതിലെ പ്രശ്നം എന്തെന്നാൽ xmessage ന്റെ വിൻഡോ വളരെ ചെറുതായതിനാൽ അത് വരുന്നത് ശ്രദ്ധയിൽപെടില്ല എന്നതാണ്. പകരം ഉപയോഗിക്കാൻ പറ്റുമെന്നു തോന്നിയ dialog കമാന്റിന്റെ മാൻ പേജ് കണ്ടു പേടിച്ചു, kdialog നു മാൻ പേജുണ്ടായിരുന്നുമില്ല. അവസാനം zenityയാണ് നമുക്ക് പറ്റിയതെന്ന തീരുമാനത്തിലെത്തി.
zenity --info --text "Some message" അത്യാവശ്യം നല്ല ഒരു മെസ്സേജ് കാണിക്കുന്നുണ്ടായിരുന്നു. പിന്നെ താമസിച്ചില്ല താഴെ കാണുന്ന ഷെൽ സ്ക്രിപ്റ്റ് remind.sh എന്ന പേരിൽ എഴുതി വച്ചു:
#! /usr/bin/bash
# Script to pop up a message after predefined time

if [[ $# -lt 2 ]]
then
        echo "Usage : `basename $0` time message"
        exit 1
fi
sleepTime=$1
shift

(sleep ${sleepTime}; zenity --info --text "$*") &
ഈ സ്ക്രിപ്റ്റ് ഹോം ഫോൾഡറിലെ bin എന്ന ഫോൾഡറിലാണുള്ളതെങ്കിൽ krunner ഇൽ (alt+f2 in KDE) ~/bin/remind.sh 5m "how are you?" എന്നു കൊടുത്താൽ അഞ്ചുമിനിട്ടു കഴിഞ്ഞ് മെസ്സേജ് വരും.

കുറിപ്പ് 1: ഇത് ടെർമിനലിൽ നിന്നും റൺ ചെയ്താൽ റൺ ചെയ്ത ശേഷം ടെർമിനൽ ക്ലോസ് ചെയ്തില്ലെങ്കിൽ മെസ്സേജ് കാണാൻ വേണ്ടി ആ ടെർമിനലിലേക്ക് തന്നെ പോകേണ്ടി വരുന്നുണ്ട്. അതുകൊണ്ട് ടെർമിനലിൽ നിന്നും റൺ ചെയ്യുകയാണെങ്കിൽ ആ ടെർമിനൽ ക്ലോസ് ചെയ്യുക.

കുറിപ്പ് 2 : ഇതിനേക്കാൾ എളുപ്പമുള്ള വഴികൾ ഉണ്ടെങ്കിൽ ദയവായി പറയുക.

September 2, 2013

ഗൂഗിൾ പിക്കാസ - പകരം എന്ത്?

പണ്ട് വിൻഡോസ് ഉപയോഗിക്കുന്ന കാലം മുതൽ ഫോട്ടോ കളക്ഷൻ മാനേജ് ചെയ്യാൻ ഉപയോഗിച്ചിരുന്നത് പിക്കാസയായിരുന്നു. മുഴുവനായി ലിനക്സിലേക്ക് മാറിയപ്പോഴും പിക്കാസയുടെ ലിനക്സ് വെർഷനായിരുന്നു ഉപയോഗിച്ചിരുന്നത്. കുറച്ചു കാലം മുമ്പ് ഗൂഗിൾ, പിക്കാസയുടെ ലിനക്സ് സപ്പോർട്ട് നിർത്തലാക്കിയെങ്കിലും വൈ‌‌ൻ ഉപയോഗിച്ച് പിക്കാസ ഫെഡോറയിൽ ഉപയോഗിച്ചിരുന്നു. അടുത്ത കാലത്ത് ഞാൻ ഫെഡോറ 19ലേക്ക് അപ്‌‌ഗ്രേഡ് ചെയ്തപ്പോൾ പിക്കാസ വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നു. സിസ്റ്റത്തിലെ ഐഡികൾക്കെല്ലാം ഉപയോഗിക്കാവുന്ന വിധത്തിൽ പൊതുവായ ഒരു പിക്കാസ സെറ്റപ് ഉണ്ടാക്കുന്നത് വലിയ പണിയായതിനാൽ ഓരോ ഐഡികളിലും വൈൻ ഉപയോഗിച്ച് പിക്കാസ ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നു. ഈ ബുദ്ധിമുട്ടുകാരണം പിക്കാസയ്ക്കു പകരം ഉപയോഗിക്കാവുന്ന സോഫ്റ്റ്വേറുകളെ കുറിച്ച് വീണ്ടും അന്വേഷണം തുടങ്ങി. മുമ്പ് F-Spot, gThumb, digiKam, Shotwell, Darktable ഒക്കെ നോക്കിയെങ്കിലും അതൊന്നും പിക്കാസ പോലെയാകുന്നുണ്ടായിരിന്നില്ല.

മുമ്പ് ഉപയോഗിച്ചു നോക്കിയവയിൽ ഏറ്റവും നല്ലതെന്നു തോന്നിയത് digiKam (http://digikam.org/) ആയിരുന്നു. അന്ന് അത് ഉപയോഗിക്കാതിരിക്കാനുള്ള കാരണം ഫോട്ടോകൾ എല്ലാം അത് ഒരു ഫോൾഡറിലേക്ക് ഇമ്പോർട്ട് ചെയ്യുമെന്നുള്ളതു കൊണ്ടാണ്. ഇമ്പോർട്ട് ചെയ്യാതെ നിലവലുള്ള ഫോൾഡറുക‌‌ൾ തന്നെ digiKamന് ഉപയോഗിക്കാൻ പറ്റുമെന്ന് മനസ്സിലായത് അടുത്തകാലത്താണ് (Settings -> Configure Digikam -> Collections -> Local Collections -> Add Collections). പിന്നെ താമസിച്ചില്ല, ഫോട്ടോകൾ മുഴുവനും ഡിജികാമിലേക്ക് കൊണ്ടുവന്നു.

പിക്കാസയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിജികാമിന്റെ എനിക്കിഷ്ടപ്പെട്ട ചില ഫീച്ചറുകൾ
  • ഫോട്ടോകളിലോ, ഫോൾഡറുകളിലോ മാറ്റങ്ങൾ വരുത്തുന്നില്ല. ഏതെങ്കിലും ഫോട്ടോ സ്റ്റാർ മാർക്ക് ചെയ്താൽ പിക്കാസ ആ ഫോട്ടോയുടെ ഫോൾഡറിൽ ഒരു ഫയൽ ഉണ്ടാക്കും. ഡിജികാം അതിന്റെ ഡേറ്റാബേസിലാണ് ഇത്തരം വിവരങ്ങൾ സൂക്ഷിക്കുക.
  • പിക്കാസയിൽ റോ ഫയലുകൾ കാണുമ്പോൾ  പിക്കാസ തന്നെ അതിൽ ചില കറക്ഷനുകൾ വരുത്തിയിട്ടാണ് ഡിസ്പ്ലേ ചെയ്യുക. ഈ കറക്ഷനുകളിൽ നമുക്ക് മാറ്റം വരുത്തുവാൻ പറ്റുമെന്നു തോന്നുന്നില്ല. ഡിജികാമിൽ ഇങ്ങനെ ഒരു പ്രശ്നമില്ല.
  • റോ ഫയലുകൾ പിക്കാസ* സെർച്ച് : പിക്കാസയിൽ ഉള്ളതിനേക്കാൾ വളരെ കൂടുതൽ സെർച്ച് ഓപ്ഷനുകൾ ഡിജികാമിനുണ്ട്. ഫോൾഡറിന്റെ പേരിന്റെ എവിടെനിന്നെങ്കിലുമുള്ളാ ഒരു ഭാഗം മാത്രം കൊടുത്താലും ഡിജികാം അതു കണ്ടുപിടിച്ചു തരും. Exif ഡേറ്റ ഉപയോഗിച്ചും സെർച്ച് ചെയ്യാവുന്നതാണ് (Search -> Advanced Search -> Photograp Information).
  • ചിത്രങ്ങൾ പിക്കാസ/ഫ്ലിക്കർ ഫേസ്ബുക്ക് എന്നിവയിലേക്ക് അപ്‌‌ലോഡ് ചെയ്യുക : ഡിജികാമുപയോഗിച്ച് വളരെയധികം സോഷ്യൽ നെറ്റ്വർക്ക് /ഫോട്ടോ ഷെയറിങ്ങ് സൈറ്റുകളിലേക്ക് ഫോട്ടോകൾ അപ്‌‌ലോഡ് ചെയ്യാൻ പറ്റും. ലിനക്സിൽ പിക്കാസയുടെ ലേറ്റസ്റ്റ് വെർഷനിൽ പിക്കാസ വെബിലേക്ക് അപ്‌‌ലോഡ് ചെയ്യാൻ പറ്റൂന്നില്ല എന്നുകൂടെ പറഞ്ഞുകൊള്ളട്ടേ.
  •  വീഡിയോകൾ : പിക്കാസയുടെ ലിനക്സ് വെർഷനിൽ വീഡിയോകൾ കാണാൻ പറ്റില്ലായിരുന്നു. ഡിജികാമിൽ നല്ല സുന്ദരമായി വീഡിയോകാണാം. വീഡിയോയുടെ തമ്പ്നെയിലുകൾ കാണണമെങ്കിൽ kffmpegthumbnailer അല്ലെങ്കിൽ  ffmpegthumbnailer എന്ന പാക്കേജ് ഇൻസ്റ്റാൾ ചെയ്യണം.
* അത്യാവശ്യം നല്ല വിധത്തിൽ ഇമേജ് ഏഡിറ്റിങും ചെയ്യാം.

June 3, 2013

കമാന്റ്‌‌ ലൈനിൽ നിന്നും ഓഡിയോ റിക്കോർഡിങ്

 കുറച്ചു ദിവസം മുമ്പ് പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന ഓഡിയോ കുറച്ച് റിക്കോർഡ് ചെയ്യേണ്ട ആവശ്യമുണ്ടായി. സൗണ്ട് സിസ്റ്റം കുറച്ചുനാൾ മുമ്പ് പണിഞ്ഞ് ഒരു വഴിക്കാക്കിയതിനാൽ  audacityയിൽ കാര്യം നടന്നില്ല. എന്നാൽ പിന്നെ കമാന്റ് ലൈൻ തന്നെ ശരണം എന്നു കരുതി ആ വഴിക്ക് അന്വേഷണം തുടങ്ങി. അവസാനം pacat & sox ഉപയോഗിച്ച് താഴെ പറയുന്നതു പോലെ ഓഡിയോ റെക്കോർഡ് ചെയ്യാമെന്ന് ഒരിടത്തു കണ്ടു.
1. ഓഡിയോ ഡിവൈസ് കണ്ടുപിടിക്കുക : ടെർമിനലിൽ നിന്ന്
pacmd list |grep monitor എന്നു റൺ ചെയ്യുക. ഈ കമാന്റ്‌‌ റൺ ചെയ്യുമ്പോൾ താഴെ കാണുന്നവിധം ഔട്ട്പുട്ട് കിട്ടും. അതിൽ  "alsa_output.pci-0000_00_1b.0.analog-stereo.monitor" എന്നതാണ് നമുക്ക് വേണ്ട സിങ്ക് സോഴ്സ്.
        monitor source: 0
        name:
        monitor_of: 0
                device.class = "monitor"
                alsa_output.pci-0000_00_1b.0.analog-stereo.monitor/#0: Monitor of Internal Audio Analog Stereo

2. pacat --record -d  alsa_output.pci-0000_00_1b.0.analog-stereo.monitor| sox -t raw -r 44100 -e signed-integer -L -b 16 -c 2 - "output.ogg" എന്ന കമാന്റിൽ -d ക്കു ശേഷം നേരത്തേ കണ്ടുപിടിച്ച സിങ്ക് സോഴ്സ് കൊടുത്ത് റൺ ചെയ്താൽ ആ സമയത്ത് കമ്പ്യൂട്ടർ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന ഓഡിയോ output.ogg എന്ന ഫയലിൽ കിട്ടും. റിക്കോർഡിങ് നിർത്താൻ ctrl+c അമർത്തുക.

ഇനി ഈ .ogg ഫയൽ mp3 ആക്കണമെങ്കിൽ ffmpeg -i output.ogg output.mp3 എന്ന കമാന്റ്‌‌ റൺ ചെയ്താൽ output.mp3 എന്ന mp3 ഫയൽ കിട്ടും.

April 10, 2013

rsync ഉപയോഗിച്ചുള്ള ഡാറ്റാ ബാക്കപ്

നിങ്ങളുടെ ഡാറ്റയുടെ ബാക്കപ് എടുക്കണമെന്ന് ആഗ്രഹമുണ്ടോ? നിങ്ങൾ പതിവായി ഡാറ്റാ ബാക്കപ് ചെയ്യാറുണ്ടോ? എപ്പോഴെങ്കിലും കമ്പ്യൂട്ടറിന്റെയോ, ഡിസ്കിന്റെയോ തകരാർ കാരണം വിലപിടിച്ച ഡാറ്റാ നഷ്ടപെട്ടിട്ടുണ്ടോ? ഈ ചോദ്യങ്ങളിൽ ഒന്നിനെങ്കിലും അതെ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ തുടർന്നു വായിക്കുക. എക്സ്റ്റേണൽ ഡ്രൈവൊക്കെ വാങ്ങി ബാക്കപ്പെടുക്കുന്നതൊക്കെ ചെലവുള്ള പണിയാണെന്നു വിചാരിക്കുന്നവരോട് ഒരു ചോദ്യം കൂടി - നിങ്ങളുടെ ഡാറ്റയാണോ എക്സ്റ്റേണൽ ഡ്രൈവാണോ കൂടുതൽ വിലപിടിച്ചത്?

ഡയറക്ടറികളും ഫയലുകളും മറ്റൊരു സ്ഥലത്തേക്ക് synchronize ചെയ്യുന്ന ഒരു പ്രോഗ്രാമാണ് rsync. മറ്റൊരു സ്ഥലമെന്നത് ഒരേ സിസ്റ്റത്തിലെ വ്യത്യസ്ത ഡയറക്ടറികളോ, രണ്ടു സിസ്റ്റങ്ങളിലെ ഡയറക്ടറികളോ തമ്മിലാകാം. rsync ഉപയോഗിച്ച്, സിസ്റ്റത്തിൽ ചേർത്തിട്ടുള്ള എക്സ്റ്റേണൽ ഡ്രൈവിലേക്ക് ഡാറ്റാ ബാക്കപ്പെടുക്കുന്നത് എങ്ങനെ എന്നാണ് ഈ പോസ്റ്റിൽ വിശദീകരിക്കുന്നത്.

/home/prime/data  എന്ന ഡയറക്ടറിയും അതിലെ ഉള്ളടക്കവും  /externaldrive/backup എന്ന ഡയറക്ടറിയിലേക്ക് ബാക്കപ്പെടുക്കുന്നത് എങ്ങനെ എന്നു നോക്കാം.

rsync -a /home/prime/data  /externaldrive/backup എന്ന കമാന്റ് റൺ ചെയ്താൽ ഡാറ്റ മുഴുവൻ /externaldrive/backup എന്ന ഡയറക്ടറിയിൽ എത്തിയിട്ടുണ്ടാകും. കുഴപ്പമൊന്നുമില്ലെങ്കിൽ ഈ കമാന്റ് നിശബ്ദമായി ഫയലുകൾ ലക്ഷ്യസ്ഥാനത്തേക്ക് പകർത്തും.  -a എന്നത് ആർക്കൈവ് മോഡിൽ ഡേറ്റാ പകർത്തുന്നതിനാണ്.  വളരെയധികം ഫയലുകൾ പകർത്തുമ്പോൾ rsync കുറച്ചധികം സമയമെടുത്തേക്കും. അപ്പോൾ rsync എന്താണ് ചെയ്യുന്നതെന്നറിയാൻ -v എന്ന കമാന്റ് ലൈൻ പരാമീറ്റർ കൊടുത്താൽ മതിയാകും.

rsync -av /home/prime/data  /externaldrive/backup  ഇപ്പോൾ ഫയലുകൾ പകർത്തുന്ന മുറയ്ക്ക് അവയെകുറിച്ചുള്ള വിവരങ്ങൾ rsync ടെമിനലിലേക്ക് എഴുതും.
rsync -av /home/prime/data  /externaldrive/backup > backup.log 2>&1 എന്നാക്കിയാൽ മെസ്സേജുകൾ backup.log എന്ന ഫയലിലേക്ക് എഴുതും.

rsync ആദ്യം ഒരു ഡയറക്ടറിയുടെ ബാക്കപ്പെടുക്കുമ്പോൾ കുറച്ചധികം സമയമെടുക്കും. പിന്നീടുള്ള ബാക്കപ്പുകളിൽ പുതിയ ഫയലുകളും മാറ്റമുള്ള ഫയലുകളും മാത്രം പകർത്തുമെന്നതിനാൽ കൂടുതൽ വേഗത്തിൽ ബാക്കപ് നടക്കും. പുതിയ ഫയലുകളും മാറ്റമുള്ള ഫയലുകളും  rsync തന്നെ കണ്ടുപിടിക്കുമെന്നതിനാൽ യൂസറിന് അതിനെക്കുറിച്ചാലോചിച്ച് ബുദ്ധിമുട്ടേണ്ടതില്ല. ഈ തരത്തിൽ ബാക്കപ്പെടുക്കുമ്പോൾ മാറിയ ഫയലുകൾ ലക്ഷ്യസ്ഥാനത്തുള്ള ഫയലുകളെ മാറ്റുമെന്നതിനാൽ മാറ്റങ്ങളും  പകർത്തപ്പെടും. ഉദാഹരണത്തിന് ബിരിയാണി എന്ന ഫയലിൽ പത്ത് വരികൾ ഉണ്ടായിരുന്നെന്നു കരുതുക. ആദ്യത്തെ ബാക്കപ്പിനു ശേഷം അബദ്ധവശാൽ അതിലെ നാലു വരികൾ മായ്കക്കപ്പെട്ടു എന്നു കരുതുക. അടുത്ത പ്രാവശ്യം rsync ചെയ്യുമ്പോൾ ലക്ഷ്യസ്ഥാനത്തിലെ പത്തു വരിയുള്ള ബിരിയാണി ആറു വരികളുള്ള ബിരിയാണിയായി മാറും. --backup, --backup-dir --suffix എന്നീ ഓപ്ഷനുകളുപയോഗിച്ച് താഴെ പറയുന്ന രീതിയിൽ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്.

rsync -av --backup --backup-dir=/externaldrive/changes --suffix=.bkup /home/prime/data  /externaldrive/backup

ഇപ്പോൾ മാറ്റമുള്ള ഫയലുകളുടെ പഴയ കോപ്പികൾ /externaldrive/changes എന്ന ഡയറക്ടറിയിൽ .bkup എന്ന എക്സ്റ്റൻഷനോടെ  ഉണ്ടാകും. changes ഡയറക്ടറിയുടെ ഘടന /home/prime/data എന്ന ഡയറക്ടറിയുടേതു പോലെ ആയിരിക്കും. നേരത്തേ പറഞ്ഞ നമ്മുടെ ബിരിയാണി ഫയൽ /home/prime/data/recipe/biriyani എന്നാണെങ്കിൽ ആറുവരിയുള്ള പുതിയ ബിരിയാണി ഫയൽ  /externaldrive/backup/data/recipe/biriyani ആയും  /externaldrive/backup/data/recipe/biriyani ഇൽ നേരത്തേ ഉണ്ടായിരുന്ന പത്തു വരി ബിരിയാണി  /externaldrive/changes/data/recipe/biriyani.bkup എന്ന പേരിലും ഉണ്ടാകും. ഓരോ തവണയും suffix .bkup എന്നായതിനാൽ /externaldrive/changes ഡയറക്ടറിയിൽ തൊട്ടുമുമ്പത്തെ വെർഷൻ മാത്രമേ ഉണ്ടാകൂ. .bkup എന്നതിനു പകരം ഡേറ്റും സമയവും   --suffix ആയി ഉപയോഗിച്ചാൽ എല്ലാ വെർഷനും കിട്ടും.

rsync -av --backup --backup-dir=/externaldrive/changes --suffix= .bkup.`date "+%Y%m%d%H%M%S"` /home/prime/data  /externaldrive/backup

ഇപ്പോൾ ബാക്കപ്പുകൾക്ക് .bkup.YYYYMMDDHHMISS എന്ന രീതിയിൽ എക്സ്റ്റൻഷനുണ്ടാകും.

വെവ്വേറെ ഡയറക്ടറികളുടെ ബാക്കപ്പെടുക്കാൻ ഡയറക്ടറികളുടെ പേരു മാറ്റി rsync റൺ ചെയ്താൽ മതിയാകും. ഇനി ഇതെല്ലാം കൂടി ഒരു ഫയലിലാക്കി കിട്ടിയാൽ കൊള്ളാമെന്നുണ്ടെങ്കിൽ ചെറിയ വ്യത്യാസങ്ങളോടു കൂടി backupScript.sh എന്ന പേരിൽ സംഭവം ഇവിടെ (http://goo.gl/rUdqe) ഉണ്ട്[1].  പല ഡയറക്ടറികൾ സപ്പോർട്ട് ചെയ്യാനായി വിവരങ്ങൾ ഒരു പ്രൊഫൈൽ ഫയലിൽ നിന്ന് റീഡ് ചെയ്യുന്നു. പല ഡിസ്കുകൾക്കായി വെവ്വേറെ പ്രൊഫൈൽ ഫയലുകൾ ഉണ്ടാക്കാവുന്നതാണ്. ഒരു സാമ്പിൾ ഫയൽ extDrive.profile എന്ന പേരിൽ ഇവിടെയുണ്ട് : http://goo.gl/zewX7

സ്ക്രിപ്റ്റ് റൺ ചെയ്യുന്ന വിധം.
1. സ്ക്രിപ്റ്റും സാമ്പിൾ പ്രൊഫൈലും ഡൗൺലോഡ് ചെയ്യുക.
2. chmod u+x backupScript.sh എന്നു കമാന്റ് റൺ ചെയ്യുക. സ്ക്രിപ്റ്റ് ഫയലിന്  എക്സിക്യൂട്ട് പെർമിഷൻ കൊടുക്കാനാണിത്.
3. ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റർ ഉപയോഗിച്ച് സാമ്പിൾ പ്രൊഫൈലിൽ (extDrive.profile) ആവശ്യം വേണ്ട മാറ്റം വരുത്തുക.
    അ. CTRL|backupdir|/externaldrive/changes എന്ന ലൈനിലെ /externaldrive/changes എന്ന പഴയ വെർഷനുകൾ സൂക്ഷിക്കുന്ന ഡയറക്ടറിയുടെ പേര് നിങ്ങളുടെ ആവശ്യാനുസരണം മാറ്റുക.
    ആ. /home/user/data|/externaldrive/bkup എന്ന ലൈനിൽ ആദ്യത്തെ ഡയറക്ടറി ബാക്കപ്പെടുക്കേണ്ട ഡയറക്ടറിയാണ്. രണ്ടാമത്തേത് ലക്ഷ്യസ്ഥാനവും. ഇതു രണ്ടും തമ്മിൽ വേർതിരിക്കുന്നത് പൈപ്പ് (|) ഉപയോഗിച്ചാണ്. പൈപ്പ് ഇല്ലെങ്കിൽ സ്ക്രിപ്റ്റ് ശരിയായി പ്രവർത്തിക്കില്ല.
    ഇ. കൂടുതൽ ഡയറക്ടറികൾ ബാക്കപ്പെടുക്കണമെങ്കിൽ കൂടുതൽ ലൈനുകൾ ചേർക്കാവുന്നതാണ്.
    ഈ. ലൈനുകൾ കമന്റു ചെയ്യാൻ ലൈനിന്റെ ആദ്യം # ചേർത്താൽ മതി.
4. backupScript.sh extDrive.profile എന്നു ടെർമിനലിൽ റൺ ചെയ്യുക.

[1] rsyncഉം  ഈ സ്ക്രിപ്റ്റിന്റെ മുൻഗാമികളും  കാരണമാണ് രണ്ടു പ്രാവശ്യം ലാപ്ടോപ് അടിച്ചു പോയിട്ടും, പല പ്രാവശ്യം എക്സ്റ്റേണൽ/ഇന്റെണൽ ഡ്രൈവുകൾ കുളമാ(ക്കി)യിട്ടും എന്റെ ഡാറ്റ സുരക്ഷിതമായിരിക്കുന്നതെന്ന് നന്ദിപൂർവം സ്മരിച്ചുകൊള്ളുന്നു.

April 8, 2013

സമയം കൊല്ലൽ കമാന്റുകൾ

കഴിഞ്ഞ ചില പോസ്റ്റുകളിലായി ലിനക്സ് പരീക്ഷിച്ചു നോക്കാനുള്ള രീതികളെ കുറിച്ചു  എഴുതിയിരുന്നല്ലോ, ഇനി ഒന്നു രണ്ട് ചെറിയ കമാന്റുകൾ ടെർമിനലിൽ ചെയ്തു നോക്കാം
ആദ്യത്തേത് ബാനർ (banner) കമാന്റാണ്. പേരു സൂചിപ്പിക്കുന്നതുപോലെ വാക്കുകൾ വലിയ അക്ഷരങ്ങളിൽ എഴുതുകയാണിതന്റെ ജോലി. ഉദാ:

banner Hello

നിലവിൽ ബാനർ കമാന്റിന് മലയാളമറിയാത്തതിനാൽ മലയാളത്തിൽ ബാനറെഴുത്ത് നടക്കില്ല. ബാനർ കമാന്റ് ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ അത് ഇൻസ്റ്റാൾ ചെയ്യാൻ ഈ കമാന്റ് ഉപയോഗിക്കാം:
ഉബുണ്ടുവിൽ : sudo apt get install banner
ഫെഡോറയിൽ : sudo yum install banner

ബാനർ കമാന്റിനെക്കാളും രസമുള്ള കമാന്റാണ് sl. പലപ്പോഴും ls നു (ഫയലുകളുടെ പേര് ലിസ്റ്റ് ചെയ്യുന്ന കമാന്റ്, ഡോസിലെ dir പോലെ) പകരം sl എന്നു തെറ്റായി ടൈപ്പുചെയ്യപ്പെടാറുണ്ട്. അങ്ങനെ sl എന്നു ടൈപ്പു ചെയ്താൽ ഒരു തീവണ്ടി ടെർമിനലിൽ കൂടി ഓടിപ്പോകുന്നതു കാണാം.
sl ഇൻസ്റ്റാൾ ചെതിട്ടില്ലെങ്കിൽ ഇങ്ങനെ ഇൻസ്റ്റാൾ ചെയ്യാം:
ഉബുണ്ടുവിൽ : sudo apt get install sl
ഫെഡോറയിൽ : sudo yum install sl

cowsay, cowspeak എന്നിങ്ങനെ വേറെ ചില കമാന്റുകളുമുണ്ട്, അതൊക്കെ പരീക്ഷിച്ചു നോക്കുക.

സംസാരിക്കുന്ന ലിനക്സ്

ഇന്നു നമ്മൾ പരിചയപ്പെടാൻ പോകുന്ന കമാന്റാണ് espeak. ഇത് ഒരു ടെക്സ്റ്റ് റ്റു സ്പീച്ച് സിന്തസൈസറാണ്. സ്പീക്കർ ഓൺ ചെയ്ത് അല്ലെങ്കിൽ ഹെഡ്ഫോൺ കണക്റ്റ് ചെയ്ത ശേഷം ടെർമിനലിൽ ഈ കമാന്റ്‌‌ റൺ ചെയ്യുക :

espeak "Hello world"

(espeak ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ ഉബുണ്ടുവിൽ sudo apt-get install espeak എന്ന കമാന്റുപയോഗിച്ചും ഫെഡോറയിൽ sudo yum install espeak എന്ന കമാന്റുപയോഗിച്ചും  ഇൻസ്റ്റാൾ ചെയ്യാം)

ഹലോ വേൾഡ് എന്ന് നിങ്ങൾക്ക് കേൾക്കുവാൻ കഴിയും. പറയുന്നതിന്റെ വേഗത കൂട്ടണമെങ്കിൽ -s (വേഗത, മിനിട്ടിൽ എത്ര വാക്കുകൾ) എന്ന കമാന്റ് ലൈൻ പരാമീറ്റർ ഉപയോഗിച്ച് വേഗത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഉദാഹരണത്തിന് espeak -s 20   "Hello world" എന്നു കൊടുത്താൽ ഹലോഓഓ... വേഏഏൾഡ്.. എന്ന് കേൾക്കാം. ശതാബ്ദി പോകുന്ന വേഗത്തിൽ വേണമെങ്കിൽ espeak -s 300   "Hello world" എന്നു കൊടുത്താൽ മതി.

പിച്ച് മാറ്റണമെങ്കിൽ -p (പിച്ച്, 0 മുതൽ 100 വരെ) എന്ന പരാമീറ്റർ ഉപയോഗിക്കാം. espeak -p 99 "Hello world" എന്നു കൊടുത്താൽ പിച്ചിൽ വരുന്ന വ്യത്യാസം മനസ്സിലാക്കാം.

വേഗതയും പിച്ചും ഒരുമിച്ചു മാറ്റാൻ രണ്ട് ഓപ്ഷനുകളും ഒരുമിച്ചു കൊടുക്കാം. ഇവിടെ പരാമീറ്ററുകളുടെ ക്രമത്തിന് പ്രാധാന്യമില്ല espeak -s 50 -p 75 "Hello World" ഉം  espeak -p 75 -s 50 "Hello World"ഉം ഒന്നു തന്നെയാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒന്നിലധികം വാക്കുകൾ ഉണ്ടെങ്കിൽ അവയെ ക്വോട്ടുകൾക്കുള്ളിൽ ഉൾപ്പെടുത്തണമെന്നാണ്.

അടുത്ത ചോദ്യം  espeak നു മലയാളമറിയാമോ എന്നല്ലേ? espeak, ബാനർ പോലെ അല്ല, മലയാളവും സംസാരിക്കും, പക്ഷേ ഒരു പടിഞ്ഞാറൻ ചുവയുണ്ടെന്നാണ് എന്റെ അഭിപ്രായം. "ആശാനേ, സുഖമാണോ?" എന്നു ലിനക്സിനെ കൊണ്ട് ചോദിപ്പിക്കുവാൻ
espeak -v ml "ആശാനേ, സുഖമാണോ?"
എന്ന കമാന്റ് കൊടുത്താൽ മതി. ഇതിൽ -v ml  എന്ന പരാമീറ്റർ മലയാളം ഉപയോഗിക്കാനുള്ള സൂചനയാണ്. മലയാളം കൂടാതെ മറ്റു പല ഭാഷകളും espeak സപ്പോർട്ട് ചെയ്യുന്നുണ്ട്. അവയുടെ വിവരങ്ങൾ കാണാൻ   espeak --voices എന്ന കമാന്റ്‌‌ കൊടുത്താൽ മതിയാകും. ഈ കമാന്റിലെ പരാമീറ്ററിന്റെ വ്യത്യാസം ശ്രദ്ധിച്ചോ? രണ്ട് മൈനസും പിന്നെ വോയ്സ് എന്നും. ഇത് ലോങ് പരാമീറ്ററാണ്, ഓർക്കാനുള്ള സൗകര്യത്തിനാണ് ലോങ് പരാമീറ്ററുകൾ. ലോങ് പരാമീറ്ററുകളെ അടയാളപ്പെടുത്താനാണ് രണ്ട് മൈനസ് സൈനുകൾ ഉപയോഗിക്കുന്നത്. കമാന്റ്‌‌ ലൈൻ പരാമീറ്ററുകളെ കുറിച്ച് മറ്റൊരിക്കൽ എഴുതാം.

കമാന്റ് ലൈനിൽ വാക്കുകൾ ഓരോ തവണയായി കൊടുക്കുന്നതിനു പകരം ടൈപ്പു ചെയ്യുന്ന മുറയ്ക്ക് സംസാരിപ്പിക്കുവാനുമാകും. espeak -v ml എന്നു ടൈപ്പു ചെയ്ത് എന്റർ കീ അമർത്തുക. ഇനി ടൈപ്പു ചെയ്യുന്നതെല്ലാം എന്റർ കീ അമർത്തിയാലുടൻ കേൾക്കുവാൻ കഴിയും. espeak ഇൽ നിന്നും പുറത്തു വരുവാൻ ctrl + d അമർത്തുക.

ഒരു മലയാളം ടെക്സ്റ്റ് ഫയലിനെ വായിക്കണമെന്നുണ്ടെങ്കിൽ espeak -v ml < file_name എന്നു കൊടുത്താൽ മതി. ("<" എന്നത് input redirection ഓപ്പറേറ്ററാണ്, ഇതിനെക്കുറിച്ചും വിശദമായി മറ്റൊരിക്കൽ എഴുതാം.)

നിങ്ങളുടെ ലിനക്സിന് നിങ്ങളോടു പലതും പറയാനുണ്ടാകും, പിന്നെ കാണാം.

March 27, 2013

ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ,
നിങ്ങൾക്കുവേണ്ടി ലിനക്സിനേയും  ലിനക്സ് കമാന്റുകളെയും  കുറിച്ച് എന്തെങ്കിലും എഴുതാമെന്നു കരുതി ചില വിവരങ്ങൾ അന്വേഷിക്കുന്നതിനിടയിൽ നമ്മൾ ഫ്രീ എന്നും, സ്വതന്ത്രം എന്നുമൊക്കെ കരുതിയിരുന്ന ലിനക്സിനെ കുറിച്ച് ചില ഞെട്ടിക്കുന്ന വിവരങ്ങൾ കിട്ടി. ആ വിവരങ്ങൾ ഞാൻ നിങ്ങളുമായി പങ്കിടുകയാണ്.

കുത്തകകളുടെ നാടായ അമേരിക്കയിലെ ഒരു ലിനസിനാണ് ലിനക്സിന്റെ ട്രേഡ്മാർക്ക് ഉടമസ്ഥാവകാശമെന്ന് നിങ്ങൾക്കറിയാമോ? ഓപ്പൺ, സ്വതന്ത്രം എന്നൊക്കെ പറഞ്ഞ് ലിനക്സ് ചെയ്യുന്നത് സ്വേച്ഛാധിപത്യവും അടിച്ചമർത്തലുമാണെന്ന് പിന്നെയുള്ള അന്വേഷണത്തിൽ ഞാൻ മനസ്സിലാക്കി. ലിനക്സിലെ പല കമാന്റുകളും സ്വേച്ഛാധിപരവും അടിച്ചമർത്താനുമുള്ള ഉപാധികളാണെന്ന് ഞാൻ വളരെ വൈകിയാണ് മനസ്സിലാക്കിയത്. നിങ്ങക്ക് വിശ്വാസമാകില്ലെന്നറിയാം, ഇതാ, അടിച്ചമ‌‌ർത്താനും മർദ്ദിക്കാനും എന്തിന് കൊല്ലുവാനും പോലും ഉപയോഗിക്കുന്ന ചില ലിനക്സ് കമാന്റുകൾ.

split : ഒരുമിച്ചു നില്ക്കുന്നവരെ വേർപിരിക്കുക
join : സ്വതന്ത്രരായവരെ ബലമായി പിടിച്ച് യോജിപ്പിക്കുക
kill, xkill : കൊല്ലുക
vi : ആറ് എന്ന സംഖ്യയുടെ റോമൻ രൂപം, ചെകുത്താന്റെ എക്സ്റ്റൻഷൻ നമ്പരെന്നു പരക്കെ വിശ്വസിക്കപ്പെടുന്നു.
sort : ജാതിവ്യവസ്ഥയനുസരിച്ച് തരം തിരിക്കുക
compress : അടിച്ചമർത്തുക
mv : നിർബന്ധിത സ്ഥലം മാറ്റം
chmod : നിർബന്ധിച്ച് സ്വഭാവം മാറ്റിക്കുക
chown : ബലമായി ഉടമസ്ഥാവകാശം പിടിച്ചെടുക്കുക
root : എന്തും ചെയ്യാൻ മടിക്കാത്ത സ്വേച്ഛാധികാരി
banner : അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കാണിക്കുവാനുള്ള ഒരു തരികിട പരിപാടി
eject : പുറത്തേയ്ക്കെറിയുക, നാടുകടത്തുക
flex : മസിലുകൾ ഫ്ലക്സ് ചെയ്തു പേടിപ്പിക്കൽ
gunzip : തോക്കും സിപ്പും, ആലോചിക്കാനേ വയ്യ.
halt : പുരോഗതി തടസ്സപ്പെടുത്തുക
head : തലവെട്ടൽ
tail : കാലുവെട്ടൽ (പാവങ്ങളുടെ കാൽ, മൃഗങ്ങളുടെ വാലിനു തുല്യമായാണ് സ്വേച്ഛാധിപതികൾ കാണുന്നതെന്നു മനസ്സിലാക്കുക)
manpath : ദു:ർഘടമായ വഴികളിലൂടെ സഞ്ചരിക്കാൻ നിർബന്ധിക്കുക
dd : ഡ്രാഫ്റ്റ് (ഡിഡി) ഡിമാന്റുചെയ്യുക
killall : എല്ലാത്തിനേയും തട്ടിക്കളയുക.
sleep : ഉറക്കുക
finger : പേടിപ്പിക്കാനായി വിരൽചൂണ്ടുക
yes : എന്തിനും നിർബന്ധിപ്പിച്ച് യെസ് പറയിക്കുക.
python : പെരുമ്പാമ്പിനെ കൊണ്ട് തീറ്റിക്കുക
tar : താറടിക്കുക

ചില രഹസ്യ ചിഹ്നങ്ങൾ
& : ബായ്ക്കിലെ ഗ്രൗണ്ടിൽ ഓടിക്കുക
<, > : വഴിതിരിച്ചു വിടൽ
| : പൈപ്പ് പ്രയോഗം
* : വൈൽഡ് കാർഡ് ക്യാരക്ടറെന്നു വിളിക്കപ്പെടുന്ന, എന്തും ചെയ്യുന്ന ഒരു സംഗതി
@ : വട്ടം കറക്കുക

ഇനി പറയൂ, ലിനക്സ് ഫ്രീയാണോ എന്ന്?

പി എസ് : പ്ലീസ്, കൊല്ലരുത്, കണ്ണുരുട്ടിക്കാണിച്ചാൽ മതി, ഞാൻ പേടിച്ചോളാം (ആർക്കാണാവോ കടപ്പാട് വയ്ക്കേണ്ടത്?). കുറേ നാൾ മുമ്പ് പനിപിടിച്ച് ഉറക്കമില്ലാതെ ഇരുന്ന ഒരു രാത്രിയിൽ ഫോണിൽ കുത്തിക്കുറിച്ചത് ഒന്ന് പൊടിതട്ടിയെടുത്തതാണ്. ഇനിയിങ്ങനെ ഉണ്ടാകില്ല.

മേൽ പറഞ്ഞ കമാന്റുകൾ ശരിക്കും എന്താണ് ചെയ്യുന്നതെന്ന് മാൻ പേജുനോക്കി കണ്ടുപിടിക്കുമല്ലോ, അല്ലേ? :)

March 26, 2013

വിൻഡോസിനുള്ളിൽ ലിനക്സ് : വിർച്വൽ ബോക്സ്

 ലൈവ് സിഡിയും ലൈവ് യുഎസ്ബിയും വഴി ലിനക്സ് ഉപയോഗിക്കുന്നത് നമ്മൾ കണ്ടു. ഇനി പറയാൻ പോകുന്നത് വിൻഡോസിനുള്ളിൽ നിന്ന് വിർച്വൽ മെഷീൻ മാനേജർ അല്ലെങ്കിൽ ഹൈപ്പർവൈസർ പ്രോഗ്രാമുകളുപയോഗിച്ച് ഉബുണ്ടു ലിനക്സ് (‌‌ഗസ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം)  പ്രവർത്തിപ്പിക്കുന്ന വിദ്യയാണ്. നേരത്തേ കണ്ട രീതികളിൽ ഒരു കമ്പ്യൂട്ടറിൽ ഒരു സമയം ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമേ പ്രവർത്തിക്കുന്നുണ്ടായിരുന്നുള്ളൂ. വിർച്വൽ മെഷീൻ മാനേജർ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടറിൽ ഒരേ സമയം ഒന്നിലധികം ഗസ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയും. വിർച്വലൈസേഷനെ കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ സന്ദർശിക്കുക : http://en.wikipedia.org/wiki/Virtualization

വിർച്വൽ ബോക്സ് (https://www.virtualbox.org/) എന്ന ഹൈപ്പർവൈസർ ഉപയോഗിച്ച് വിൻഡോസിൽ നിന്നും ലിനക്സ് പ്രവർത്തിപ്പിക്കുന്നതെങ്ങനെ എന്നു നോക്കാം.(വിർച്വൽ ബോക്സിന്റെ സ്ക്രീൻ ഷോട്ടുകൾ ഒരു ഫെഡോറ മെഷീനിൽ നിന്നാണെടുത്തിരിക്കുന്നത്. വിൻഡോസ് വെർഷനുമായി വലിയ വ്യത്യാസം ഉണ്ടാകാനിടയില്ല).

ആദ്യമായി വിർച്വൽ ബോക്സ് സൈറ്റിൽ നിന്നും (https://www.virtualbox.org/wiki/Downloads) ഡൗൺലോഡ് ചെയ്ത് ഇന്സ്റ്റാൾ ചെയ്യുക. മെഷീനിന് കുറഞ്ഞത് ഡ്യുവൽ കോർ സിപിയുവും രണ്ട് ജിബിയിലധികം റാമും ഉണ്ടാകണം.

1. വിർച്വൽ ബോക്സ് റൺ ചെയ്യുമ്പോൾ ചിത്രം 1ലെ വിൻഡോ കാണാം. അതിൽ New എന്ന ബട്ടൺ അമർത്തിയാൽ ചിത്രം 2ലെ വിൻഡോ വരും. അതിൽ വിർച്വൽ മെഷീനിന്റെ പേരും ടൈപ്പും വെർഷനും കൊടുക്കുക. ഉബുണ്ടു, ഫെഡോറ എന്നൊക്കെ പേരുകൊടുത്താൽ, ബാക്കി വിവരങ്ങൾ ആ വിൻഡോയിൽ തനിയേ വരും. നെക്സ്റ്റ് ബട്ടൻ അമർത്തിയാൽ വിർച്വൽ മെഷീനിന് എത്ര റാം കൊടുക്കണമെന്നു ചോദിക്കുന്ന വിൻഡോ വരും (ചിത്രം 3). ഏകദേശം ഒരു ജിബി റാം അലോക്കേറ്റു ചെയ്യാവുന്നതാണ്.
ചിത്രം 1

ചിത്രം 2

ചിത്രം 3


2. അടുത്ത സ്ക്രീൻ ഹാർഡ് ഡ്രൈവ് ക്രിയേറ്റു ചെയ്യാനാനുള്ളതാണ്. "Create a Virtual hard drive now" എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക (ചിത്രം 4‌‌). അടുത്ത സ്ക്രീനിൽ ഹാർഡിസ്ക് ടൈപ്പ് സെലക്റ്റ് ചെയ്യണം. ഇവിടെ നേരത്തെ തന്നെ സെലക്റ്റ് ചെയ്ത ഓപ്ഷൻ മാറ്റേണ്ടതില്ല. (ചിത്രം 5). "Storage on physical hard drive" എന്ന സ്ക്രീനിൽ  "Dynamically allocated" (ചിത്രം 6) സെലക്റ്റ് ചെയ്യുക. "File location and size" സ്ക്രീനിൽ ഡിസ്കിന്റെ പേര്
 Ubuntu എന്നും  സൈസ് 10ജി ബി എന്നും (ചിത്രം 7) കൊടുത്ത ശേഷം "create" ബട്ടൺ ക്ലിക് ചെയ്യുക.

ചിത്രം 4

ചിത്രം 5

ചിത്രം 6

ചിത്രം 7

3. അടുത്തതായി സിഡി ഡ്രൈവ് സെറ്റപ്പു ചെയ്യണം. ഇപ്പോൾ ചിത്രം 8ലെ പോലെ വിർച്വൽ ബോക്സിന്റെ മെയിൻ വിൻഡോ കാണാം (ഇതിൽ സ്റ്റോറേജ് 8 ജിബി എന്നു കാണുന്നത് ദയവായി അവഗണിക്കുക, പിന്നെയുള്ളവയിൽ അത് ശരിയാക്കിയിട്ടുണ്ട്) സെറ്റിംഗ്സ് ബട്ടൺ ക്ലിക് ചെയ്താൽ കിട്ടുന്ന വിൻഡോയിൽ (ചിത്രം 9) സ്റ്റൊറേജ് സെലക്റ്റ് ചെയ്യുക. വലതുവശത്തെ സ്റ്റോറേജ് ട്രീയിൽ "Controller:IDE"യിലെ എംപ്റ്റി ഡിസ്ക് സെലക്റ്റ് ചെയ്യുക. Attributes സെക്ഷനിലെ "CD/DVD Drive: ന്റെ വലത്തേ അറ്റത്തുള്ള ഡിസ്കിന്റെ ഐക്കണിൽ ക്ലിക് ചെയ്യുക (ചിത്രം 10). അവിടെ  "Host Drive ... " എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്ത ശേഷം സ്റ്റോറേജ് വിൻഡോയിൽ "Passthrough" എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്ത ശേഷം (ചിത്രം 11) OK ബട്ടൺ ക്ലിക് ചെയ്യുക. ഇപ്പോൾ വിർച്വൽ ബോക്സിന്റെ മെയിൻ വിൻഡോ കാണാൻ കഴിയും.
ചിത്രം 8

ചിത്രം 9

ചിത്രം 10

ചിത്രം 11


4. ഇപ്പോൾ വിർച്വൽ ബോക്സിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാനുള്ള ഏകദേശം എല്ലാമായി. അടുത്തതായി ഉബുണ്ടു സിഡി ഡ്രൈവിൽ ഇട്ടശേഷം വിർച്വൽ ബോക്സ് മെയിൻ വിൻഡോയിലെ സ്റ്റാർട്ട് ബട്ടൺ അമർത്തുക. ചിത്രം 12ൽ കാണുന്ന വിൻഡോ വരുന്നതാണ്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് വായിച്ചു മനസ്സിലാക്കിയ ശേഷം OK ക്ലിക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ പുതിയ വിർച്വൽ മെഷീൻ ബൂട്ട് ചെയ്യാൻ തുടങ്ങും (ചിത്രം 13). Install ubuntu എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്ത് ഉബുണ്ടു ഇന്സ്റ്റാൾ ചെയ്യുക. ഇൻസ്റ്റലേഷൻ കഴിഞ്ഞാൽ സിഡി മാറ്റിയ ശേഷം ഉബുണ്ടു റീബൂട്ട് ചെയ്യാൻ ഇന്സ്റ്റലേഷൻ പ്രോഗ്രാം ആവശ്യപ്പെടും. അതു പ്രകാരം റീബൂട്ട് ചെയ്ത് ബാക്കി ഇൻസ്റ്റലേഷൻ സ്റ്റെപ്പുകൾ പൂർത്തിയാക്കുക. അതിനു ശേഷം ഉബുണ്ടു ഷട്ട് ഡൗൺ ചെയ്യുക.
ചിത്രം 12

ചിത്രം 13

ഇനി വിർച്വൽ ബോക്സ് മെയിൻ വിൻഡോയിൽ നിന്നും സ്റ്റാർട്ട് ബട്ടൺ അമർത്തിയാൽ ഉബുണ്ടു സ്റ്റാർട്ടാകുന്നതാണ്. പുതിയ ഗസ്റ്റ് ഓ എസിൽ സ്ക്രീൻ റെസല്യൂഷൻ കുറവായിരിക്കാൻ സാധ്യതയുണ്ട്. Virtualbox Guest Box additions ഇൻസ്റ്റാൾ ചെയ്താൽ ആ പ്രശ്നം പരിഹരിക്കാനാകും. അതിനെ കുറിച്ച് പിന്നൊരിക്കലെഴുതാം.

ഇതോടു കൂടി ഏതെങ്കിലും ഒരു വിധത്തിൽ ലിനക്സ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ പറ്റുമെന്നായിട്ടുണ്ടാകണം. വിൻഡോസിൽ നിങ്ങൾ സാധാരണയായി ചെയ്യുന്ന കാര്യങ്ങൾ ലിനക്സിൽ ചെയ്യാൻ ശ്രമിക്കുക. ചില കാര്യങ്ങൾ എളുപ്പമായിരിക്കും, മറ്റു ചിലത് അങ്ങനെയായിരിക്കില്ല.

March 25, 2013

ലിനക്സ് ലൈവ് യുഎസ്‌‌ബി

ലിനക്സ് ലൈവ് സിഡി ഉപയോഗിക്കുമ്പോൾ ഡാറ്റാ സേവ് ചെയ്യാൻ എളുപ്പം പറ്റില്ല എന്നെഴുതിയിരുന്നല്ലോ. ലൈവ് യുഎസ്ബി ഉപയോഗിക്കുകയാണെങ്കിൽ ആ പ്രശ്നം പരിഹരിക്കാൻ കഴിയും. ഒരു യുഎസ്ബി പെൻ ഡ്രൈവിൽ ലിനക്സ് ഇൻസ്റ്റാൾ ചെയ്ത് അതിൽ നിന്നും ബൂട്ടു ചെയ്യാൻ കഴിയും. UNetbootin എന്ന പ്രോഗ്രാമുപയോഗിച്ച് ലൈവ് യുഎസ്ബി ലിനക്സ് ഇൻസ്റ്റാൾ ചെയ്യുന്ന രീതിയാണ് ഈ പോസ്റ്റിൽ വിശദമാക്കുന്നത്.

ഒരു യുഎസ്ബി പെൻ ഡ്രൈവ് (ഡിവിഡി ഇമേജുകള്ക്ക് കുറഞ്ഞത് 4 ജിബി), ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ലിനക്സിന്റെ .iso ഫയൽ, UNetbootin എന്നിവ ആവശ്യമാണ്.

UNetbootin-ന് പ്രധാനപ്പെട്ട ലിനക്സ് ഡിസ്റ്റ്രോകളും ഡൗൺലോഡ് ചെയ്യാൻ പറ്റും. അതിനാൽ ഐ എസ് ഓ ഫയൽ ഇല്ലെങ്കിലും പ്രശ്നമില്ല. ഇനി ലിനക്സ് സിഡി ഉണ്ടെങ്കിൽ അതിൽ നിന്നും ഐ എസ് ഓ ഫയൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. വിൻഡോസിൽ നീറോ എന്ന പ്രോഗ്രാം ഉപയോഗിച്ച് സിഡിയിൽ നിന്നും ഐഎസ്ഓ ഫയൽ ഉണ്ടാക്കാവുന്നതാണ്. ലിനക്സിൽ സിഡിയിൽ നിന്ന് ഐഎസ്ഓ ഫയൽ ഉണ്ടാക്കാൻ താഴെ കൊടുത്തിരിക്കുന്ന കമാന്റ് ഷെൽ പ്രോംപ്റ്റിൽ റൺ ചെയ്താൽ മതിയാകും.
dd if=/dev/sr0 of=~/image.iso bs=1024

ഇവിടെ /dev/sr0 എന്നത് സിഡി ഡ്രൈവും ~/image.iso എന്നത് ഹോം ഡ്രൈവിലെ image.iso എന്ന നമുക്കാവശ്യമുള്ള ഐഎസ്ഓ ഫയലുമാണ്.

നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിനനുസൃതമായ  UNetbootin  പ്രോഗ്രാം  http://unetbootin.sourceforge.net/ എന്ന സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
ഉബുണ്ടു : sudo apt-get install unetbootin
ഫെഡോറ : sudo yum install unetbootin

Unetbootin റൺ ചെയ്യുമ്പോൾ ചിത്രം 1 ലെ പോലെ ഒരു വിൻഡോ കാണുന്നതാണ്. ഐഎസ്ഓ ഫയൽ ഡൗൺലോഡ് ചെയ്യുവാനാണെങ്കിൽ മുകളിലെ ഡിസ്റ്റ്രിബ്യൂഷൻ ബട്ടൺ ക്ലിക് ചെയ്ത് ആവശ്യമുള്ള ഡിസ്റ്റ്രോയും വെർഷനും സെലക്റ്റ് ചെയ്യുക.
ചിത്രം 1

"Space used to preserve files across reboots" എന്ന ഓപ്ഷനിൽ സ്പേസിന്റെ ലഭ്യതയും ആവശ്യവുമനുസരിച്ച് സൈസ് സെറ്റ് ചെയ്യുക. ചിത്രം 2ൽ ഇതിനു വേണ്ടി 200എം ബി ആണ് കൊടുത്തിരിക്കുന്നത്.
ചിത്രം 2

ഐ എസ് ഓ ഫയലാണുപയോഗിക്കുന്നതെങ്കിൽ ഡിസ്ക് ഇമേജ് ബട്ടൺ ക്ലിക് ചെയ്ത് ഐ എസ് ഓ ഫയൽ സെലക്റ്റ് ചെയ്യുക (ഒരു Kubuntu ഐ എസ് ഓ ആണ് ഈ ഉദാഹരണത്തിൽ ഉപയോഗിച്ചിരിക്കുന്നത്). റ്റൈപ് എന്നതിൽ യു എസ് ബി ഡ്രൈവ് സെലക്റ്റ് ചെയ്യുക. ഒന്നിലധികം പെൻഡ്രൈവുകൾ കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ വേണ്ട പെൻഡ്രൈവ് ഡ്രൈവ് എന്ന ലിസ്റ്റിൽ നിന്നും സെലക്റ്റ് ചെയ്തതിനു ശേഷം OK ക്ലിക് ചെയ്യുക. ഇപ്പോൾ  ചിത്രം 3ൽ പോലുള്ള ഒരു വിൻഡോ കാണുവാൻ കഴിയും. ഐ എസ് ഓ ഫയലിന്റെയും പെർസിസ്റ്റന്റ് സ്റ്റോറേജിനു അനുവദിച്ച സ്ഥലത്തിന്റെ വലിപ്പവുമനുസരിച്ച് ഇത് പൂർത്തിയാകാൻ കുറച്ചു സമയമെടുത്തേയ്ക്കും.
ചിത്രം 3
അതു കഴിയുമ്പോൾ ചിത്രം 4 പോലെ ഒരു മെസ്സേജ് വരുന്നതാണ്. ഇപ്പോൾ യുഎസ്ബി ഡ്രൈവിൽ ലിനക്സ് ഇന്സ്റ്റാൾ ചെയ്തു കഴിഞ്ഞു.
ചിത്രം 4
ഇനി ഈ പെൻഡ്രൈവിൽ നിന്നും ബൂട്ട് ചെയ്താൽ മതിയാകും. അതിനായി "ലിനക്സ് ലൈവ് സിഡി/ഡിവിഡി"  എന്ന പോസ്റ്റിൽ സിഡിയിൽ നിന്നും ബൂട്ടുചെയ്യുന്ന നിർദ്ദേശങ്ങൾ പിൻതുടരുക. സിഡിയ്ക്കു പകരം യുഎസ്ബി ഡ്രൈവ് സെലക്റ്റ് ചെയ്താൽ യുഎസ്ബി ഡിസ്കിൽ നിന്നും ബൂട്ട് ചെയ്തു വരും.

ഈ ഇൻസ്റ്റലേഷനിൽ നമ്മുടെ ഫയലുകൾ യുഎസ്ബി ഡ്രൈവിൽ സേവ് ചെയ്യപ്പെടുന്നതാണ്.