March 27, 2013

ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ,
നിങ്ങൾക്കുവേണ്ടി ലിനക്സിനേയും  ലിനക്സ് കമാന്റുകളെയും  കുറിച്ച് എന്തെങ്കിലും എഴുതാമെന്നു കരുതി ചില വിവരങ്ങൾ അന്വേഷിക്കുന്നതിനിടയിൽ നമ്മൾ ഫ്രീ എന്നും, സ്വതന്ത്രം എന്നുമൊക്കെ കരുതിയിരുന്ന ലിനക്സിനെ കുറിച്ച് ചില ഞെട്ടിക്കുന്ന വിവരങ്ങൾ കിട്ടി. ആ വിവരങ്ങൾ ഞാൻ നിങ്ങളുമായി പങ്കിടുകയാണ്.

കുത്തകകളുടെ നാടായ അമേരിക്കയിലെ ഒരു ലിനസിനാണ് ലിനക്സിന്റെ ട്രേഡ്മാർക്ക് ഉടമസ്ഥാവകാശമെന്ന് നിങ്ങൾക്കറിയാമോ? ഓപ്പൺ, സ്വതന്ത്രം എന്നൊക്കെ പറഞ്ഞ് ലിനക്സ് ചെയ്യുന്നത് സ്വേച്ഛാധിപത്യവും അടിച്ചമർത്തലുമാണെന്ന് പിന്നെയുള്ള അന്വേഷണത്തിൽ ഞാൻ മനസ്സിലാക്കി. ലിനക്സിലെ പല കമാന്റുകളും സ്വേച്ഛാധിപരവും അടിച്ചമർത്താനുമുള്ള ഉപാധികളാണെന്ന് ഞാൻ വളരെ വൈകിയാണ് മനസ്സിലാക്കിയത്. നിങ്ങക്ക് വിശ്വാസമാകില്ലെന്നറിയാം, ഇതാ, അടിച്ചമ‌‌ർത്താനും മർദ്ദിക്കാനും എന്തിന് കൊല്ലുവാനും പോലും ഉപയോഗിക്കുന്ന ചില ലിനക്സ് കമാന്റുകൾ.

split : ഒരുമിച്ചു നില്ക്കുന്നവരെ വേർപിരിക്കുക
join : സ്വതന്ത്രരായവരെ ബലമായി പിടിച്ച് യോജിപ്പിക്കുക
kill, xkill : കൊല്ലുക
vi : ആറ് എന്ന സംഖ്യയുടെ റോമൻ രൂപം, ചെകുത്താന്റെ എക്സ്റ്റൻഷൻ നമ്പരെന്നു പരക്കെ വിശ്വസിക്കപ്പെടുന്നു.
sort : ജാതിവ്യവസ്ഥയനുസരിച്ച് തരം തിരിക്കുക
compress : അടിച്ചമർത്തുക
mv : നിർബന്ധിത സ്ഥലം മാറ്റം
chmod : നിർബന്ധിച്ച് സ്വഭാവം മാറ്റിക്കുക
chown : ബലമായി ഉടമസ്ഥാവകാശം പിടിച്ചെടുക്കുക
root : എന്തും ചെയ്യാൻ മടിക്കാത്ത സ്വേച്ഛാധികാരി
banner : അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കാണിക്കുവാനുള്ള ഒരു തരികിട പരിപാടി
eject : പുറത്തേയ്ക്കെറിയുക, നാടുകടത്തുക
flex : മസിലുകൾ ഫ്ലക്സ് ചെയ്തു പേടിപ്പിക്കൽ
gunzip : തോക്കും സിപ്പും, ആലോചിക്കാനേ വയ്യ.
halt : പുരോഗതി തടസ്സപ്പെടുത്തുക
head : തലവെട്ടൽ
tail : കാലുവെട്ടൽ (പാവങ്ങളുടെ കാൽ, മൃഗങ്ങളുടെ വാലിനു തുല്യമായാണ് സ്വേച്ഛാധിപതികൾ കാണുന്നതെന്നു മനസ്സിലാക്കുക)
manpath : ദു:ർഘടമായ വഴികളിലൂടെ സഞ്ചരിക്കാൻ നിർബന്ധിക്കുക
dd : ഡ്രാഫ്റ്റ് (ഡിഡി) ഡിമാന്റുചെയ്യുക
killall : എല്ലാത്തിനേയും തട്ടിക്കളയുക.
sleep : ഉറക്കുക
finger : പേടിപ്പിക്കാനായി വിരൽചൂണ്ടുക
yes : എന്തിനും നിർബന്ധിപ്പിച്ച് യെസ് പറയിക്കുക.
python : പെരുമ്പാമ്പിനെ കൊണ്ട് തീറ്റിക്കുക
tar : താറടിക്കുക

ചില രഹസ്യ ചിഹ്നങ്ങൾ
& : ബായ്ക്കിലെ ഗ്രൗണ്ടിൽ ഓടിക്കുക
<, > : വഴിതിരിച്ചു വിടൽ
| : പൈപ്പ് പ്രയോഗം
* : വൈൽഡ് കാർഡ് ക്യാരക്ടറെന്നു വിളിക്കപ്പെടുന്ന, എന്തും ചെയ്യുന്ന ഒരു സംഗതി
@ : വട്ടം കറക്കുക

ഇനി പറയൂ, ലിനക്സ് ഫ്രീയാണോ എന്ന്?

പി എസ് : പ്ലീസ്, കൊല്ലരുത്, കണ്ണുരുട്ടിക്കാണിച്ചാൽ മതി, ഞാൻ പേടിച്ചോളാം (ആർക്കാണാവോ കടപ്പാട് വയ്ക്കേണ്ടത്?). കുറേ നാൾ മുമ്പ് പനിപിടിച്ച് ഉറക്കമില്ലാതെ ഇരുന്ന ഒരു രാത്രിയിൽ ഫോണിൽ കുത്തിക്കുറിച്ചത് ഒന്ന് പൊടിതട്ടിയെടുത്തതാണ്. ഇനിയിങ്ങനെ ഉണ്ടാകില്ല.

മേൽ പറഞ്ഞ കമാന്റുകൾ ശരിക്കും എന്താണ് ചെയ്യുന്നതെന്ന് മാൻ പേജുനോക്കി കണ്ടുപിടിക്കുമല്ലോ, അല്ലേ? :)

March 26, 2013

വിൻഡോസിനുള്ളിൽ ലിനക്സ് : വിർച്വൽ ബോക്സ്

 ലൈവ് സിഡിയും ലൈവ് യുഎസ്ബിയും വഴി ലിനക്സ് ഉപയോഗിക്കുന്നത് നമ്മൾ കണ്ടു. ഇനി പറയാൻ പോകുന്നത് വിൻഡോസിനുള്ളിൽ നിന്ന് വിർച്വൽ മെഷീൻ മാനേജർ അല്ലെങ്കിൽ ഹൈപ്പർവൈസർ പ്രോഗ്രാമുകളുപയോഗിച്ച് ഉബുണ്ടു ലിനക്സ് (‌‌ഗസ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം)  പ്രവർത്തിപ്പിക്കുന്ന വിദ്യയാണ്. നേരത്തേ കണ്ട രീതികളിൽ ഒരു കമ്പ്യൂട്ടറിൽ ഒരു സമയം ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമേ പ്രവർത്തിക്കുന്നുണ്ടായിരുന്നുള്ളൂ. വിർച്വൽ മെഷീൻ മാനേജർ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടറിൽ ഒരേ സമയം ഒന്നിലധികം ഗസ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയും. വിർച്വലൈസേഷനെ കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ സന്ദർശിക്കുക : http://en.wikipedia.org/wiki/Virtualization

വിർച്വൽ ബോക്സ് (https://www.virtualbox.org/) എന്ന ഹൈപ്പർവൈസർ ഉപയോഗിച്ച് വിൻഡോസിൽ നിന്നും ലിനക്സ് പ്രവർത്തിപ്പിക്കുന്നതെങ്ങനെ എന്നു നോക്കാം.(വിർച്വൽ ബോക്സിന്റെ സ്ക്രീൻ ഷോട്ടുകൾ ഒരു ഫെഡോറ മെഷീനിൽ നിന്നാണെടുത്തിരിക്കുന്നത്. വിൻഡോസ് വെർഷനുമായി വലിയ വ്യത്യാസം ഉണ്ടാകാനിടയില്ല).

ആദ്യമായി വിർച്വൽ ബോക്സ് സൈറ്റിൽ നിന്നും (https://www.virtualbox.org/wiki/Downloads) ഡൗൺലോഡ് ചെയ്ത് ഇന്സ്റ്റാൾ ചെയ്യുക. മെഷീനിന് കുറഞ്ഞത് ഡ്യുവൽ കോർ സിപിയുവും രണ്ട് ജിബിയിലധികം റാമും ഉണ്ടാകണം.

1. വിർച്വൽ ബോക്സ് റൺ ചെയ്യുമ്പോൾ ചിത്രം 1ലെ വിൻഡോ കാണാം. അതിൽ New എന്ന ബട്ടൺ അമർത്തിയാൽ ചിത്രം 2ലെ വിൻഡോ വരും. അതിൽ വിർച്വൽ മെഷീനിന്റെ പേരും ടൈപ്പും വെർഷനും കൊടുക്കുക. ഉബുണ്ടു, ഫെഡോറ എന്നൊക്കെ പേരുകൊടുത്താൽ, ബാക്കി വിവരങ്ങൾ ആ വിൻഡോയിൽ തനിയേ വരും. നെക്സ്റ്റ് ബട്ടൻ അമർത്തിയാൽ വിർച്വൽ മെഷീനിന് എത്ര റാം കൊടുക്കണമെന്നു ചോദിക്കുന്ന വിൻഡോ വരും (ചിത്രം 3). ഏകദേശം ഒരു ജിബി റാം അലോക്കേറ്റു ചെയ്യാവുന്നതാണ്.
ചിത്രം 1

ചിത്രം 2

ചിത്രം 3


2. അടുത്ത സ്ക്രീൻ ഹാർഡ് ഡ്രൈവ് ക്രിയേറ്റു ചെയ്യാനാനുള്ളതാണ്. "Create a Virtual hard drive now" എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക (ചിത്രം 4‌‌). അടുത്ത സ്ക്രീനിൽ ഹാർഡിസ്ക് ടൈപ്പ് സെലക്റ്റ് ചെയ്യണം. ഇവിടെ നേരത്തെ തന്നെ സെലക്റ്റ് ചെയ്ത ഓപ്ഷൻ മാറ്റേണ്ടതില്ല. (ചിത്രം 5). "Storage on physical hard drive" എന്ന സ്ക്രീനിൽ  "Dynamically allocated" (ചിത്രം 6) സെലക്റ്റ് ചെയ്യുക. "File location and size" സ്ക്രീനിൽ ഡിസ്കിന്റെ പേര്
 Ubuntu എന്നും  സൈസ് 10ജി ബി എന്നും (ചിത്രം 7) കൊടുത്ത ശേഷം "create" ബട്ടൺ ക്ലിക് ചെയ്യുക.

ചിത്രം 4

ചിത്രം 5

ചിത്രം 6

ചിത്രം 7

3. അടുത്തതായി സിഡി ഡ്രൈവ് സെറ്റപ്പു ചെയ്യണം. ഇപ്പോൾ ചിത്രം 8ലെ പോലെ വിർച്വൽ ബോക്സിന്റെ മെയിൻ വിൻഡോ കാണാം (ഇതിൽ സ്റ്റോറേജ് 8 ജിബി എന്നു കാണുന്നത് ദയവായി അവഗണിക്കുക, പിന്നെയുള്ളവയിൽ അത് ശരിയാക്കിയിട്ടുണ്ട്) സെറ്റിംഗ്സ് ബട്ടൺ ക്ലിക് ചെയ്താൽ കിട്ടുന്ന വിൻഡോയിൽ (ചിത്രം 9) സ്റ്റൊറേജ് സെലക്റ്റ് ചെയ്യുക. വലതുവശത്തെ സ്റ്റോറേജ് ട്രീയിൽ "Controller:IDE"യിലെ എംപ്റ്റി ഡിസ്ക് സെലക്റ്റ് ചെയ്യുക. Attributes സെക്ഷനിലെ "CD/DVD Drive: ന്റെ വലത്തേ അറ്റത്തുള്ള ഡിസ്കിന്റെ ഐക്കണിൽ ക്ലിക് ചെയ്യുക (ചിത്രം 10). അവിടെ  "Host Drive ... " എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്ത ശേഷം സ്റ്റോറേജ് വിൻഡോയിൽ "Passthrough" എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്ത ശേഷം (ചിത്രം 11) OK ബട്ടൺ ക്ലിക് ചെയ്യുക. ഇപ്പോൾ വിർച്വൽ ബോക്സിന്റെ മെയിൻ വിൻഡോ കാണാൻ കഴിയും.
ചിത്രം 8

ചിത്രം 9

ചിത്രം 10

ചിത്രം 11


4. ഇപ്പോൾ വിർച്വൽ ബോക്സിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാനുള്ള ഏകദേശം എല്ലാമായി. അടുത്തതായി ഉബുണ്ടു സിഡി ഡ്രൈവിൽ ഇട്ടശേഷം വിർച്വൽ ബോക്സ് മെയിൻ വിൻഡോയിലെ സ്റ്റാർട്ട് ബട്ടൺ അമർത്തുക. ചിത്രം 12ൽ കാണുന്ന വിൻഡോ വരുന്നതാണ്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് വായിച്ചു മനസ്സിലാക്കിയ ശേഷം OK ക്ലിക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ പുതിയ വിർച്വൽ മെഷീൻ ബൂട്ട് ചെയ്യാൻ തുടങ്ങും (ചിത്രം 13). Install ubuntu എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്ത് ഉബുണ്ടു ഇന്സ്റ്റാൾ ചെയ്യുക. ഇൻസ്റ്റലേഷൻ കഴിഞ്ഞാൽ സിഡി മാറ്റിയ ശേഷം ഉബുണ്ടു റീബൂട്ട് ചെയ്യാൻ ഇന്സ്റ്റലേഷൻ പ്രോഗ്രാം ആവശ്യപ്പെടും. അതു പ്രകാരം റീബൂട്ട് ചെയ്ത് ബാക്കി ഇൻസ്റ്റലേഷൻ സ്റ്റെപ്പുകൾ പൂർത്തിയാക്കുക. അതിനു ശേഷം ഉബുണ്ടു ഷട്ട് ഡൗൺ ചെയ്യുക.
ചിത്രം 12

ചിത്രം 13

ഇനി വിർച്വൽ ബോക്സ് മെയിൻ വിൻഡോയിൽ നിന്നും സ്റ്റാർട്ട് ബട്ടൺ അമർത്തിയാൽ ഉബുണ്ടു സ്റ്റാർട്ടാകുന്നതാണ്. പുതിയ ഗസ്റ്റ് ഓ എസിൽ സ്ക്രീൻ റെസല്യൂഷൻ കുറവായിരിക്കാൻ സാധ്യതയുണ്ട്. Virtualbox Guest Box additions ഇൻസ്റ്റാൾ ചെയ്താൽ ആ പ്രശ്നം പരിഹരിക്കാനാകും. അതിനെ കുറിച്ച് പിന്നൊരിക്കലെഴുതാം.

ഇതോടു കൂടി ഏതെങ്കിലും ഒരു വിധത്തിൽ ലിനക്സ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ പറ്റുമെന്നായിട്ടുണ്ടാകണം. വിൻഡോസിൽ നിങ്ങൾ സാധാരണയായി ചെയ്യുന്ന കാര്യങ്ങൾ ലിനക്സിൽ ചെയ്യാൻ ശ്രമിക്കുക. ചില കാര്യങ്ങൾ എളുപ്പമായിരിക്കും, മറ്റു ചിലത് അങ്ങനെയായിരിക്കില്ല.

March 25, 2013

ലിനക്സ് ലൈവ് യുഎസ്‌‌ബി

ലിനക്സ് ലൈവ് സിഡി ഉപയോഗിക്കുമ്പോൾ ഡാറ്റാ സേവ് ചെയ്യാൻ എളുപ്പം പറ്റില്ല എന്നെഴുതിയിരുന്നല്ലോ. ലൈവ് യുഎസ്ബി ഉപയോഗിക്കുകയാണെങ്കിൽ ആ പ്രശ്നം പരിഹരിക്കാൻ കഴിയും. ഒരു യുഎസ്ബി പെൻ ഡ്രൈവിൽ ലിനക്സ് ഇൻസ്റ്റാൾ ചെയ്ത് അതിൽ നിന്നും ബൂട്ടു ചെയ്യാൻ കഴിയും. UNetbootin എന്ന പ്രോഗ്രാമുപയോഗിച്ച് ലൈവ് യുഎസ്ബി ലിനക്സ് ഇൻസ്റ്റാൾ ചെയ്യുന്ന രീതിയാണ് ഈ പോസ്റ്റിൽ വിശദമാക്കുന്നത്.

ഒരു യുഎസ്ബി പെൻ ഡ്രൈവ് (ഡിവിഡി ഇമേജുകള്ക്ക് കുറഞ്ഞത് 4 ജിബി), ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ലിനക്സിന്റെ .iso ഫയൽ, UNetbootin എന്നിവ ആവശ്യമാണ്.

UNetbootin-ന് പ്രധാനപ്പെട്ട ലിനക്സ് ഡിസ്റ്റ്രോകളും ഡൗൺലോഡ് ചെയ്യാൻ പറ്റും. അതിനാൽ ഐ എസ് ഓ ഫയൽ ഇല്ലെങ്കിലും പ്രശ്നമില്ല. ഇനി ലിനക്സ് സിഡി ഉണ്ടെങ്കിൽ അതിൽ നിന്നും ഐ എസ് ഓ ഫയൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. വിൻഡോസിൽ നീറോ എന്ന പ്രോഗ്രാം ഉപയോഗിച്ച് സിഡിയിൽ നിന്നും ഐഎസ്ഓ ഫയൽ ഉണ്ടാക്കാവുന്നതാണ്. ലിനക്സിൽ സിഡിയിൽ നിന്ന് ഐഎസ്ഓ ഫയൽ ഉണ്ടാക്കാൻ താഴെ കൊടുത്തിരിക്കുന്ന കമാന്റ് ഷെൽ പ്രോംപ്റ്റിൽ റൺ ചെയ്താൽ മതിയാകും.
dd if=/dev/sr0 of=~/image.iso bs=1024

ഇവിടെ /dev/sr0 എന്നത് സിഡി ഡ്രൈവും ~/image.iso എന്നത് ഹോം ഡ്രൈവിലെ image.iso എന്ന നമുക്കാവശ്യമുള്ള ഐഎസ്ഓ ഫയലുമാണ്.

നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിനനുസൃതമായ  UNetbootin  പ്രോഗ്രാം  http://unetbootin.sourceforge.net/ എന്ന സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
ഉബുണ്ടു : sudo apt-get install unetbootin
ഫെഡോറ : sudo yum install unetbootin

Unetbootin റൺ ചെയ്യുമ്പോൾ ചിത്രം 1 ലെ പോലെ ഒരു വിൻഡോ കാണുന്നതാണ്. ഐഎസ്ഓ ഫയൽ ഡൗൺലോഡ് ചെയ്യുവാനാണെങ്കിൽ മുകളിലെ ഡിസ്റ്റ്രിബ്യൂഷൻ ബട്ടൺ ക്ലിക് ചെയ്ത് ആവശ്യമുള്ള ഡിസ്റ്റ്രോയും വെർഷനും സെലക്റ്റ് ചെയ്യുക.
ചിത്രം 1

"Space used to preserve files across reboots" എന്ന ഓപ്ഷനിൽ സ്പേസിന്റെ ലഭ്യതയും ആവശ്യവുമനുസരിച്ച് സൈസ് സെറ്റ് ചെയ്യുക. ചിത്രം 2ൽ ഇതിനു വേണ്ടി 200എം ബി ആണ് കൊടുത്തിരിക്കുന്നത്.
ചിത്രം 2

ഐ എസ് ഓ ഫയലാണുപയോഗിക്കുന്നതെങ്കിൽ ഡിസ്ക് ഇമേജ് ബട്ടൺ ക്ലിക് ചെയ്ത് ഐ എസ് ഓ ഫയൽ സെലക്റ്റ് ചെയ്യുക (ഒരു Kubuntu ഐ എസ് ഓ ആണ് ഈ ഉദാഹരണത്തിൽ ഉപയോഗിച്ചിരിക്കുന്നത്). റ്റൈപ് എന്നതിൽ യു എസ് ബി ഡ്രൈവ് സെലക്റ്റ് ചെയ്യുക. ഒന്നിലധികം പെൻഡ്രൈവുകൾ കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ വേണ്ട പെൻഡ്രൈവ് ഡ്രൈവ് എന്ന ലിസ്റ്റിൽ നിന്നും സെലക്റ്റ് ചെയ്തതിനു ശേഷം OK ക്ലിക് ചെയ്യുക. ഇപ്പോൾ  ചിത്രം 3ൽ പോലുള്ള ഒരു വിൻഡോ കാണുവാൻ കഴിയും. ഐ എസ് ഓ ഫയലിന്റെയും പെർസിസ്റ്റന്റ് സ്റ്റോറേജിനു അനുവദിച്ച സ്ഥലത്തിന്റെ വലിപ്പവുമനുസരിച്ച് ഇത് പൂർത്തിയാകാൻ കുറച്ചു സമയമെടുത്തേയ്ക്കും.
ചിത്രം 3
അതു കഴിയുമ്പോൾ ചിത്രം 4 പോലെ ഒരു മെസ്സേജ് വരുന്നതാണ്. ഇപ്പോൾ യുഎസ്ബി ഡ്രൈവിൽ ലിനക്സ് ഇന്സ്റ്റാൾ ചെയ്തു കഴിഞ്ഞു.
ചിത്രം 4
ഇനി ഈ പെൻഡ്രൈവിൽ നിന്നും ബൂട്ട് ചെയ്താൽ മതിയാകും. അതിനായി "ലിനക്സ് ലൈവ് സിഡി/ഡിവിഡി"  എന്ന പോസ്റ്റിൽ സിഡിയിൽ നിന്നും ബൂട്ടുചെയ്യുന്ന നിർദ്ദേശങ്ങൾ പിൻതുടരുക. സിഡിയ്ക്കു പകരം യുഎസ്ബി ഡ്രൈവ് സെലക്റ്റ് ചെയ്താൽ യുഎസ്ബി ഡിസ്കിൽ നിന്നും ബൂട്ട് ചെയ്തു വരും.

ഈ ഇൻസ്റ്റലേഷനിൽ നമ്മുടെ ഫയലുകൾ യുഎസ്ബി ഡ്രൈവിൽ സേവ് ചെയ്യപ്പെടുന്നതാണ്.

ലിനക്സ് ലൈവ് സിഡി/ഡിവിഡി

കമ്പ്യൂട്ടറിൽ നിലവിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഓപ്പറേറ്റിംഗ് ഒരു സിസ്റ്റത്തിൽ മാറ്റവും വരുത്താതെ ലിനക്സ് പരീക്ഷിക്കാൻ ഏറ്റവും എളുപ്പമുള്ള വഴിയാണ് ലൈവ് സിഡി/ഡിവിഡി. ഈ രീതിയിൽ ഹാർഡിസ്കിൽ നിന്നുള്ള ഫയലുകൾ ഉപയോഗിച്ച് കമ്പ്യൂട്ടർ സ്റ്റാർട്ടു ചെയ്യുന്നതിനു പകരം സിഡിയിൽ നിന്നുള്ള ഫയലുകൾ ഉപയോഗിച്ചാണ് കമ്പ്യൂട്ടർ സ്റ്റാർട്ട് ചെയ്യുന്നത്.

തുടക്കകാർക്ക് പറ്റിയ ഒരു ലിനക്സ് ഡിസ്റ്റ്രോയാണ് ഉബുണ്ടു (http://www.ubuntu.com). http://www.ubuntu.com/download/desktop എന്ന ലിങ്കിൽ നിന്ന് നിങ്ങൾക്കാവശ്യമുള്ള ഐ സ ഓ ഫയൽ ഡൗൺലോഡ് ചെയ്ത് ഒരു ഡിവിഡിയിലേക്ക് റൈറ്റ് ചെയ്യുക. (മിക്കവാറും കമ്പ്യൂട്ടർ മാഗസിനുകളുടെ കൂടെ ലിനക്സ് സിഡികൾ സൗജന്യമായി കിട്ടും)

ഇനി സിഡി ഡ്രൈവിൽ ഇട്ട ശേഷം കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യൂക. കമ്പ്യൂട്ടർ റീബൂട്ട് ചെയ്തു വരുമ്പോൾ "Select F12 for boot device selection" എന്നോ, അതു പോലെയോ ഉള്ള ഒരു മെസ്സേജ് വരും. നിർഭാഗ്യവശാൽ പല കമ്പ്യൂട്ടറുകളിൽ ഇത് പല വിധത്തിലുള്ള് മെസ്സേജ്/കീ ആയിരിക്കും. കൂടുതലും F9 & F12 ആണ് കണ്ടിട്ടുള്ളത്.  ആ പറയുന്ന ഫങ്ഷൻ കീ അമർത്തിയാൽ ഒരു പോപ് അപ് മെനു വരും. അതിൽ നിന്ന് സിഡി ഡ്രൈവ് സെലക്റ്റ് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടർ സിഡിയിൽ നിന്നും ബൂട്ട് ചെയ്തു വരും. സിഡിയിൽ നിന്നും ബൂട്ടുചെയ്യുന്നതിനാൽ കുറച്ചു പതുക്കെയായിരിക്കും സ്റ്റാർട്ടാവുന്നത്. കുറച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഡെസ്ക്ടോപ്പ് കാണുവാൻ കഴിയും.. ഡെസ്ക്ടോപ്പ് വന്നാൽ നിങ്ങൾക്ക് അതിലെ വിവിധതരം പ്രോഗ്രാമുകൾ ഉപയോഗിച്ചു നോക്കാവുന്നതാണ്.

കമ്പ്യൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോൾ നേരത്തേ പറഞ്ഞ മെസ്സേജ് കാണുന്നിലെങ്കിൽ ബയോസിൽ പോയി ബൂട്ട് ഡിവൈസ് സീക്വൻസ് മാറ്റേണ്ടി വരും. ഈ സംവിധാനം ബയോസിനെ ആശ്രയിച്ചിരിക്കുന്നതിനാൽ നിങ്ങളുടെ കമ്പ്യുട്ടറിൽ ചില ചെറിയ വ്യത്യാസങ്ങൾ കണ്ടേയ്ക്കും. കമ്പ്യൂട്ടർ ബൂട്ട് ചെയ്യുമ്പോൾ "Press Del to enter setup" എന്നൊരു മെസ്സേജ് വരും. ആ സമയത്ത് ഡെലിറ്റ് കീ അമർത്തിയാൽ ബയോസ് സെറ്റിംഗ്സിൽ പോകും. അവിടെ ബൂട്ട് സീക്വൻസ് മെനുവിൽ പോയി ബൂട്ട് സീക്വൻസ് CD, Hard Drive എന്ന ക്രമത്തിലാക്കിയാൽ ബൂട്ട് ചെയ്യുമ്പോൾ സിഡി ഡ്രൈവിൽ നിന്നു ബൂട്ടു ചെയ്യുന്നതാണ്.

ലൈവ് സീഡി ഉപയോഗിക്കുമമ്പോൾ നമ്മുടെ ഫയലുകൾ ഡിസ്കിലെയക്ക് എളുപ്പം  സേവു ചെയ്യാൻ പറ്റില്ല എന്നൊരു പ്രശ്നമുണ്ട്. അതു പരിഹരിക്കാൻ ലൈവ് യുഎസ്ബി അല്ലെങ്കിൽ വിർച്വൽ ബോക്സ് എന്നീ സംവിധാനങ്ങൾ ഉപയോഗിക്കാം. അതിനെ കുറിച്ച് വഴിയേ എഴുതാം.