March 25, 2013

ലിനക്സ് ലൈവ് യുഎസ്‌‌ബി

ലിനക്സ് ലൈവ് സിഡി ഉപയോഗിക്കുമ്പോൾ ഡാറ്റാ സേവ് ചെയ്യാൻ എളുപ്പം പറ്റില്ല എന്നെഴുതിയിരുന്നല്ലോ. ലൈവ് യുഎസ്ബി ഉപയോഗിക്കുകയാണെങ്കിൽ ആ പ്രശ്നം പരിഹരിക്കാൻ കഴിയും. ഒരു യുഎസ്ബി പെൻ ഡ്രൈവിൽ ലിനക്സ് ഇൻസ്റ്റാൾ ചെയ്ത് അതിൽ നിന്നും ബൂട്ടു ചെയ്യാൻ കഴിയും. UNetbootin എന്ന പ്രോഗ്രാമുപയോഗിച്ച് ലൈവ് യുഎസ്ബി ലിനക്സ് ഇൻസ്റ്റാൾ ചെയ്യുന്ന രീതിയാണ് ഈ പോസ്റ്റിൽ വിശദമാക്കുന്നത്.

ഒരു യുഎസ്ബി പെൻ ഡ്രൈവ് (ഡിവിഡി ഇമേജുകള്ക്ക് കുറഞ്ഞത് 4 ജിബി), ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ലിനക്സിന്റെ .iso ഫയൽ, UNetbootin എന്നിവ ആവശ്യമാണ്.

UNetbootin-ന് പ്രധാനപ്പെട്ട ലിനക്സ് ഡിസ്റ്റ്രോകളും ഡൗൺലോഡ് ചെയ്യാൻ പറ്റും. അതിനാൽ ഐ എസ് ഓ ഫയൽ ഇല്ലെങ്കിലും പ്രശ്നമില്ല. ഇനി ലിനക്സ് സിഡി ഉണ്ടെങ്കിൽ അതിൽ നിന്നും ഐ എസ് ഓ ഫയൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. വിൻഡോസിൽ നീറോ എന്ന പ്രോഗ്രാം ഉപയോഗിച്ച് സിഡിയിൽ നിന്നും ഐഎസ്ഓ ഫയൽ ഉണ്ടാക്കാവുന്നതാണ്. ലിനക്സിൽ സിഡിയിൽ നിന്ന് ഐഎസ്ഓ ഫയൽ ഉണ്ടാക്കാൻ താഴെ കൊടുത്തിരിക്കുന്ന കമാന്റ് ഷെൽ പ്രോംപ്റ്റിൽ റൺ ചെയ്താൽ മതിയാകും.
dd if=/dev/sr0 of=~/image.iso bs=1024

ഇവിടെ /dev/sr0 എന്നത് സിഡി ഡ്രൈവും ~/image.iso എന്നത് ഹോം ഡ്രൈവിലെ image.iso എന്ന നമുക്കാവശ്യമുള്ള ഐഎസ്ഓ ഫയലുമാണ്.

നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിനനുസൃതമായ  UNetbootin  പ്രോഗ്രാം  http://unetbootin.sourceforge.net/ എന്ന സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
ഉബുണ്ടു : sudo apt-get install unetbootin
ഫെഡോറ : sudo yum install unetbootin

Unetbootin റൺ ചെയ്യുമ്പോൾ ചിത്രം 1 ലെ പോലെ ഒരു വിൻഡോ കാണുന്നതാണ്. ഐഎസ്ഓ ഫയൽ ഡൗൺലോഡ് ചെയ്യുവാനാണെങ്കിൽ മുകളിലെ ഡിസ്റ്റ്രിബ്യൂഷൻ ബട്ടൺ ക്ലിക് ചെയ്ത് ആവശ്യമുള്ള ഡിസ്റ്റ്രോയും വെർഷനും സെലക്റ്റ് ചെയ്യുക.
ചിത്രം 1

"Space used to preserve files across reboots" എന്ന ഓപ്ഷനിൽ സ്പേസിന്റെ ലഭ്യതയും ആവശ്യവുമനുസരിച്ച് സൈസ് സെറ്റ് ചെയ്യുക. ചിത്രം 2ൽ ഇതിനു വേണ്ടി 200എം ബി ആണ് കൊടുത്തിരിക്കുന്നത്.
ചിത്രം 2

ഐ എസ് ഓ ഫയലാണുപയോഗിക്കുന്നതെങ്കിൽ ഡിസ്ക് ഇമേജ് ബട്ടൺ ക്ലിക് ചെയ്ത് ഐ എസ് ഓ ഫയൽ സെലക്റ്റ് ചെയ്യുക (ഒരു Kubuntu ഐ എസ് ഓ ആണ് ഈ ഉദാഹരണത്തിൽ ഉപയോഗിച്ചിരിക്കുന്നത്). റ്റൈപ് എന്നതിൽ യു എസ് ബി ഡ്രൈവ് സെലക്റ്റ് ചെയ്യുക. ഒന്നിലധികം പെൻഡ്രൈവുകൾ കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ വേണ്ട പെൻഡ്രൈവ് ഡ്രൈവ് എന്ന ലിസ്റ്റിൽ നിന്നും സെലക്റ്റ് ചെയ്തതിനു ശേഷം OK ക്ലിക് ചെയ്യുക. ഇപ്പോൾ  ചിത്രം 3ൽ പോലുള്ള ഒരു വിൻഡോ കാണുവാൻ കഴിയും. ഐ എസ് ഓ ഫയലിന്റെയും പെർസിസ്റ്റന്റ് സ്റ്റോറേജിനു അനുവദിച്ച സ്ഥലത്തിന്റെ വലിപ്പവുമനുസരിച്ച് ഇത് പൂർത്തിയാകാൻ കുറച്ചു സമയമെടുത്തേയ്ക്കും.
ചിത്രം 3
അതു കഴിയുമ്പോൾ ചിത്രം 4 പോലെ ഒരു മെസ്സേജ് വരുന്നതാണ്. ഇപ്പോൾ യുഎസ്ബി ഡ്രൈവിൽ ലിനക്സ് ഇന്സ്റ്റാൾ ചെയ്തു കഴിഞ്ഞു.
ചിത്രം 4
ഇനി ഈ പെൻഡ്രൈവിൽ നിന്നും ബൂട്ട് ചെയ്താൽ മതിയാകും. അതിനായി "ലിനക്സ് ലൈവ് സിഡി/ഡിവിഡി"  എന്ന പോസ്റ്റിൽ സിഡിയിൽ നിന്നും ബൂട്ടുചെയ്യുന്ന നിർദ്ദേശങ്ങൾ പിൻതുടരുക. സിഡിയ്ക്കു പകരം യുഎസ്ബി ഡ്രൈവ് സെലക്റ്റ് ചെയ്താൽ യുഎസ്ബി ഡിസ്കിൽ നിന്നും ബൂട്ട് ചെയ്തു വരും.

ഈ ഇൻസ്റ്റലേഷനിൽ നമ്മുടെ ഫയലുകൾ യുഎസ്ബി ഡ്രൈവിൽ സേവ് ചെയ്യപ്പെടുന്നതാണ്.

No comments:

Post a Comment