April 20, 2014

പാചകക്കുറിപ്പുകൾ : ഒരു വിപ്ലവത്തിനു സമയമായി

(ഗൂഗിൾ പ്ലസ്സിൽ പോസ്റ്റ് ചെയ്തതാണ്, ഇവിടെ അധികം പാചകക്കാരെ കണ്ടിട്ടില്ല, എന്നാലും വിപ്ലവത്തിന്റെ വിത്ത് പാകിയേക്കാം).

പ്രിയപ്പെട്ടവരേ,

ഇവിടെ പലരും നല്ല ചിക്കൻ, ബീഫ്‌‌, പോർക്ക്, പായസം എന്നീ വിഭവങ്ങളുണ്ടാക്കി അതിന്റെ ഫോട്ടോയൊക്കെ ഇട്ട് പാചകക്കുറിപ്പടിയും ഇടുന്നത് കണ്ടിട്ടുണ്ടാകുമല്ലോ? ഈ പാചകക്കുറിപ്പുകളുടെ ഒരു പ്രശ്നം എന്തെന്നാൽ അതൊന്നും റിപ്പീറ്റബിൾ അല്ല എന്നതാണ്. അതായത് അതുപയോഗിച്ച് രണ്ടുപേർ പാചകം ചെയ്താൽ രണ്ടും രണ്ടു വിധത്തിലായിരിക്കും. മാത്രവുമല്ല അതിലെ നിർദ്ദേശങ്ങൾ പലപ്പോഴും അവ്യക്തമായിരിക്കും. കുറച്ചു നാൾ മുമ്പ് നിശി[1] പോസ്റ്റ് ചെയ്ത് അടപ്രഥമൻ & പാലട പ്രഥമൻ ഉണ്ടാക്കാൻ ശ്രമിച്ച് ഞങ്ങളുടെ ക്ലബ്ബിലെ നീന്തൽക്കുളം കലങ്ങുകയുണ്ടായി. ഞാൻ ഇലക്ട്രോണിക്സ് ഇഞ്ചിനീയറിങ്ങാണ് പഠിച്ചതെന്ന് നിങ്ങളിൽ ചിലർക്കെങ്കിലും അറിവുണ്ടാകും. ആയതിനാൽ ഇഞ്ചിനിയറിങ് മേഖലയിൽ ഞങ്ങൾ ഇഞ്ചിനീയറന്മാർ കാലാകാലങ്ങളായി ഉപയോഗിക്കുന്ന ചില ബെസ്റ്റ് പ്രാക്റ്റീസുകൾ പാചകക്കുറിപ്പുകളിൽ അപ്ലൈ ചെയ്ത്, പാചകക്കുറിപ്പ് ആരുപയോഗിച്ചാലും അവസാനം കിട്ടുന്ന വിഭവം ഒരുപോലെ ആക്കുന്ന ഒരു നിലയിലേക്ക് എത്തിക്കുക എന്നതാണ് ഈ വിപ്ലവം കൊണ്ടുദ്ദേശിക്കുന്നത്. ആംപ്ലിഫയറിന്റെ സർക്യൂട്ട് ഡയഗ്രം ഫോളോ ചെയ്താൽ ആംപ്ലിഫയർ തന്നെയാണല്ലോ കിട്ടുക, അസ്റ്റേബിൾ മൾട്ടി വൈബ്രേറ്ററോ, ഷ്മിറ്റ് ട്രിഗറോ ഒന്നും അല്ലല്ലോ കിട്ടുന്നത്.
ഈ വിപ്ലവത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഇവയാണ്:
  1. പാചകക്കുറിപ്പുകൾക്ക് എസ് ഐ യൂണിറ്റ് ഉപയോഗിക്കും. കുറച്ച് ചിക്കൻ, ഒരു സ്പൂൺ മല്ലിപ്പൊടി എന്നൊന്നും പറയരുത്. 157ഗ്രാം Gallus gallus domesticus മാംസം, 5.5 ഗ്രാം Coriandrum sativum പൗഡർ എന്നൊക്കെ വേണം പാചകക്കുറിപ്പുകളിൽ എഴുതാൻ.
  2. നിർദ്ദേശങ്ങൾ കൃത്യവും പാചകം ചെയ്യുന്നവർക്ക് സംശയലേശമന്യേ പാലിക്കാൻ പറ്റുന്നവയും ആകണം. ഉദാ: അടുപ്പിലിരിക്കുന്ന മിശ്രിതം ഇളക്കുക എന്നതു വളരെ അവ്യക്തമാണ്. പകരം, പാത്രത്തിലെ മിശ്രിതം മൂന്ന് സെന്റീമീറ്റർ വാട്ടവും പിടിക്ക് 15 സെന്റീമീറ്റർ നീളവുമുള്ള തവികൊണ്ട് മേജർ ആക്സിസ് 16 സെന്റീമീറ്ററും, മൈനർ ആക്സിസ് 7 സെന്റീമീറ്ററും ആയ എലിപ്സിന്റെ രൂപത്തിൽ ക്ലോക്‌‌വൈസ് ദിശയിൽ 45 ആർപ്പിഎമ്മിൽ 14.8 സെക്കന്റു നേരത്തേക്ക് ഇളക്കുക എന്നത് ആർക്കും ഒരു പോലെ ചെയ്യാൻ പറ്റുന്നതാണല്ലോ?
ഈ രീതി ഉപയോഗിച്ച് എഴുതിയ ഒരു പാചകക്കുറിപ്പ് നിങ്ങളുടെ റെഫറൻസിനായി ചേർക്കുന്നു
ചായ

Bill of materials
  1. കോപ്പർ (Cu, Atomic number 29) പാത്രം: ഡയമീറ്റർ 15 സെമീ, ആഴം 10 സെമീ
  2. H2O (വെള്ളം) 150 മി.ലി
    .
  3. Bos primigenius (പശു) ന്റെ പാൽ : 75 മി.ലി.
  4. C6H12O6 : 15 ഗ്രാം.
  5. Camellia sinensis ന്റെ ഇലയുടെ പൗഡർ : 5 ഗ്രാം
  6. Mesh : 0.310 mm dia, #of wires /mm : 2
  7. Spoon : 10 സെ.മീ നീളം, 5 മി.ലി കപ്പാസിറ്റി
  8. സെൽഷ്യസ് തെർമോമീറ്റർ : 0-150 ഡിഗ്രീ സെൽഷ്യസ് വരെയുള്ളത്.
  9. ടംബ്ലർ : സിലിക്കാ ഗ്ലാസ് കൊണ്ടുണ്ടാക്കിയത്.
രീതി:

സ്റ്റൗവ് 1.5 kwh ഔട്ട്പുട്ട് ചൂട് കിട്ടുന്ന രീതിയിൽ ക്രമീകരിക്കുക. ഐറ്റം #2 ഐറ്റം #1 ൽ ഒഴിച്ച് സ്റ്റൗവിൽ വയ്ക്കുക. തെർമോമീറ്റർ ഉപയോഗിച്ച് പാത്രത്തിലെ ഉള്ളടക്കത്തിന്റെ ചൂട് മോണിറ്റർ ചെയ്യുക. അന്തരീക്ഷ മർദ്ദം 1 അറ്റ്മോസ്ഫിയർ ആണെങ്കിൽ 100 ഡിഗ്രീ സെൽഷ്യസിൽ ഇത് തിളയ്ക്കാൻ തുടങ്ങും. അപ്പോൾ ഐറ്റങ്ങൾ 4ഉം 5ഉം ചേർക്കുക. #7 ഉപയോഗിച്ച് 10 സെ മീ വ്യാസമുള്ള വൃത്താകാരത്തിൽ 30 ആർപ്പിഎമ്മിൽ 8 സെക്കന്റ് ക്ലോക്കിന്റെ ദിശയിൽ ഇളക്കുക. ഒരു മിനിട്ട് 27 സെക്കന്റ് കഴിയുമ്പോൾ‌ പാത്രത്തിലേക്ക് ഐറ്റം 3 ചേർക്കുക. 1 മിനിട്ട് 26 സെക്കന്റിനു ശേഷം സ്പൂൺ ഉപയോഗിച്ച് 10 സെമീ വ്യാസമുള്ള വൃത്താകാരത്തിൽ 15 ആർപ്പിഎമ്മിൽ ക്ലോക്കിന്റെ ദിശയിൽ 4 പ്രാവശ്യം ഇളക്കുക. ഓരോ 15 സെക്കന്റിടവിട്ട് 6 പ്രാവശ്യം ഇതുപോലെ ഇളക്കുക.
സ്റ്റൗ ഓഫ് ചെയ്യുക. ചായ റെഡി. മെഷ് ഉപയോഗിച്ച് ചായ ടംബ്ലറിലേക്ക് ഒഴിക്കുക. ചായയുടെ ചൂട് 60 - 80 ഡിഗ്രീ ആകുമ്പോൾ കുടിക്കാൻ തുടങ്ങാം.
[1]നിശികാന്തിന്റെ പായസത്തിന്റെ കുറിപ്പടി ഇവിടെ : https://plus.google.com/+GNisikanth/posts/8VMSiuj5Gr6

April 19, 2014

സെർച്ച് : ഗൂഗിൾ പ്ലസ് പോസ്റ്റുകളിൽ

സേർച്ചിൽ ഗൂഗിൾ ഒരു പുലിയാണെങ്കിലും ഗൂഗിൾ പ്ലസ്സിൽ പുലിയുടെ നിഴൽ പോലും അല്ല എന്നാണ് സ്വന്തം അനുഭവം. എന്തോ ഒരുകാര്യത്തിനായി എന്റെ ഒരു പോസ്റ്റ് ഗൂഗിൾ പ്ലസ്സിൽ തിരഞ്ഞ് വട്ടായി. അവസാനം ഒരു വളഞ്ഞവഴിയിൽ കൂടി കാര്യം നടത്തി. പൊതുജനോപകാരാർത്ഥം അത് ഇവിടെ ചേർക്കുന്നു.

നമ്മുടെ സ്വന്തം പോസ്റ്റുകളും അതിലെ കമന്റുകളും ഗൂഗിൾ ടേക്ക് ഔട്ട് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് അത് ലോക്കൽ ഡ്രൈവിൽ എക്സ്റ്റ്രാക്റ്റ് ചെയ്ത് അതിൽ സെർച്ച് ചെയ്യുക എന്നതാണ് ഈ വളഞ്ഞവഴി.

ആദ്യം https://www.google.com/settings/takeout ൽ പോയി "Create archive" എന്ന ബട്ടൺ അമർത്തുക. അപ്പോൾ വരുന്ന പേജിൽ Google+ Stream മാത്രം സെലക്റ്റ് ചെയ്ത് Create Archive ചെയ്യാൻ ഗൂഗിളിനോടു പറയുക. അപ്പോൾ ഗൂഗിൾ പറയും, ആർക്കൈവ് ഉണ്ടാക്കുകയാണ്, സംഭവം റെഡിയാകുമ്പോ‌‌ൾ മെയിൽ അയക്കാമെന്ന്. ഇനി മെയിൽ വരുന്നതുവരെ കാത്തിരിക്കുക. ഡൗൺലോഡ് റെഡിയായെന്നു പറഞ്ഞു മെയിൽ വന്നാൽ ഓടിപ്പോയി ആ ആർക്കൈവ് ഡൗൺലോഡ് ചെയ്യുക. കുറേ അധികം കുക്കികളും മറ്റു അനുസാരികളും ഈ ഡൗൺലോഡിന് വേണമെന്നുള്ളതിനാൽ കുക്കികൾ എനേബിൾ ചെയ്യാൻ മറക്കരുത്. ഒരു ആർക്കൈവ് നിശ്ചിത തവണകൾ/ദിവസങ്ങൾ മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ എന്നു തോന്നുന്നു.

ആർക്കൈവ് കിട്ടിയാൽ അത് ഒരു ഫോൾഡറിലേക്ക് എക്സ്റ്റ്രാക്റ്റ് ചെയ്യുക. അതിനുള്ളിലെ ഫോൾഡറുകളിലേക്ക് പോകുമ്പോ‌‌ൾ Google+ Stream എന്ന ഒരു ഫോൾഡറിൽ നിങ്ങൾളുടെ പോസ്റ്റുകൾ എല്ലാം കമന്റുകൾ ഉൾപ്പടെ html ഫയലുകൾ ആയി കാണാൻ പറ്റും. ആർക്കൈവിൽ പ്രൈവറ്റ് പോസ്റ്റുകളും വരുമെന്നതിനാൽ ആർക്കൈവ് ഫയലും എക്സ്റ്റ്രാക്റ്റ് ചെയ്ത ഫയലുകളും സൂക്ഷിച്ച് വയ്ക്കേണ്ടത് നിങ്ങളുടെ സ്വന്തം കടമയാണ്.

ഇനി ആവശ്യമുള്ള സേർച്ചെല്ലാം ലോക്കൽ html ഫയലുകളിൽ ചെയ്യാവുന്നതാണ്. വിൻഡോസിന്റെ ഫൈൻഡ് യൂട്ടിലിറ്റിയിൽ ഫയലുകളുടെ ഉള്ളടക്കവും തിരയാൻ ഒരു ഓപ്ഷനുണ്ട്. Find എന്ന ഡോസ് കമാന്റും ഉപയോഗിക്കാവുന്നതാണ്.

ഈ പരിപാടി ഉപയോഗിച്ച് നമ്മുടെ സ്വന്തം പോസ്റ്റുകളിലും, അവയിൽ വന്നകമന്റുകളും മാത്രമേ കിട്ടുകയുള്ളൂ. നമ്മൾ മറ്റുള്ളവരുടെ പോസ്റ്റിൽ എഴുതിയ കമന്റുകൾ ഇതുപോലെ കിട്ടാൻ വല്ല വഴിയുമുണ്ടെങ്കിൽ ദയവായി പങ്കുവയ്ക്കുക.

വിൻഡോസ് ഉപയോക്താക്കൾക്ക് ഇനി വീട്ടിൽ പോകാം, ബാക്കി ലിനക്സ് ഉപയോക്താക്കൾക്കാണ്.

grep ഉപയോഗിച്ച് പാറ്റേണുകൾ html ഫയലുകളിൽ സെർച്ച് ചെയ്യാവുന്നതാണ്. ഉദാ:
grep "search pattern" *.html
ഫയലുകളുടെ പേരിൽ പല സ്പെഷ്യൽ ക്യാരക്റ്ററുകളും ഉള്ളതിനാൽ ചിലപ്പോൾ grep: invalid option -- '(' എന്നൊക്കെ പറഞ്ഞെന്നിരിക്കും. അപ്പോൾ grep നു ശേഷം രണ്ട് മൈനസ് കൊടുത്താൽ മതിയാകും :
grep -- "search pattern" *.html

April 15, 2014

സ്വതന്ത്രം.in

സ്വതന്ത്രസോഫ്റ്റ്‌‌വേറിനെ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി മലയാളത്തിൽ ഒരു പോർട്ടൽ/മാഗസിൻ തുടങ്ങിയിരിക്കുന്നു : http://swathanthram.in/ വായിക്കുക, പങ്കാളികളാകുക, പ്രചരിപ്പിക്കുക.
ഈ ഉദ്യമത്തിന്റെ ശില്പികളായ സ്വതന്ത്ര സോഫ്റ്റ്‌‌വേർ പ്രവർത്തകർക്ക് നന്ദി.