April 19, 2014

സെർച്ച് : ഗൂഗിൾ പ്ലസ് പോസ്റ്റുകളിൽ

സേർച്ചിൽ ഗൂഗിൾ ഒരു പുലിയാണെങ്കിലും ഗൂഗിൾ പ്ലസ്സിൽ പുലിയുടെ നിഴൽ പോലും അല്ല എന്നാണ് സ്വന്തം അനുഭവം. എന്തോ ഒരുകാര്യത്തിനായി എന്റെ ഒരു പോസ്റ്റ് ഗൂഗിൾ പ്ലസ്സിൽ തിരഞ്ഞ് വട്ടായി. അവസാനം ഒരു വളഞ്ഞവഴിയിൽ കൂടി കാര്യം നടത്തി. പൊതുജനോപകാരാർത്ഥം അത് ഇവിടെ ചേർക്കുന്നു.

നമ്മുടെ സ്വന്തം പോസ്റ്റുകളും അതിലെ കമന്റുകളും ഗൂഗിൾ ടേക്ക് ഔട്ട് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് അത് ലോക്കൽ ഡ്രൈവിൽ എക്സ്റ്റ്രാക്റ്റ് ചെയ്ത് അതിൽ സെർച്ച് ചെയ്യുക എന്നതാണ് ഈ വളഞ്ഞവഴി.

ആദ്യം https://www.google.com/settings/takeout ൽ പോയി "Create archive" എന്ന ബട്ടൺ അമർത്തുക. അപ്പോൾ വരുന്ന പേജിൽ Google+ Stream മാത്രം സെലക്റ്റ് ചെയ്ത് Create Archive ചെയ്യാൻ ഗൂഗിളിനോടു പറയുക. അപ്പോൾ ഗൂഗിൾ പറയും, ആർക്കൈവ് ഉണ്ടാക്കുകയാണ്, സംഭവം റെഡിയാകുമ്പോ‌‌ൾ മെയിൽ അയക്കാമെന്ന്. ഇനി മെയിൽ വരുന്നതുവരെ കാത്തിരിക്കുക. ഡൗൺലോഡ് റെഡിയായെന്നു പറഞ്ഞു മെയിൽ വന്നാൽ ഓടിപ്പോയി ആ ആർക്കൈവ് ഡൗൺലോഡ് ചെയ്യുക. കുറേ അധികം കുക്കികളും മറ്റു അനുസാരികളും ഈ ഡൗൺലോഡിന് വേണമെന്നുള്ളതിനാൽ കുക്കികൾ എനേബിൾ ചെയ്യാൻ മറക്കരുത്. ഒരു ആർക്കൈവ് നിശ്ചിത തവണകൾ/ദിവസങ്ങൾ മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ എന്നു തോന്നുന്നു.

ആർക്കൈവ് കിട്ടിയാൽ അത് ഒരു ഫോൾഡറിലേക്ക് എക്സ്റ്റ്രാക്റ്റ് ചെയ്യുക. അതിനുള്ളിലെ ഫോൾഡറുകളിലേക്ക് പോകുമ്പോ‌‌ൾ Google+ Stream എന്ന ഒരു ഫോൾഡറിൽ നിങ്ങൾളുടെ പോസ്റ്റുകൾ എല്ലാം കമന്റുകൾ ഉൾപ്പടെ html ഫയലുകൾ ആയി കാണാൻ പറ്റും. ആർക്കൈവിൽ പ്രൈവറ്റ് പോസ്റ്റുകളും വരുമെന്നതിനാൽ ആർക്കൈവ് ഫയലും എക്സ്റ്റ്രാക്റ്റ് ചെയ്ത ഫയലുകളും സൂക്ഷിച്ച് വയ്ക്കേണ്ടത് നിങ്ങളുടെ സ്വന്തം കടമയാണ്.

ഇനി ആവശ്യമുള്ള സേർച്ചെല്ലാം ലോക്കൽ html ഫയലുകളിൽ ചെയ്യാവുന്നതാണ്. വിൻഡോസിന്റെ ഫൈൻഡ് യൂട്ടിലിറ്റിയിൽ ഫയലുകളുടെ ഉള്ളടക്കവും തിരയാൻ ഒരു ഓപ്ഷനുണ്ട്. Find എന്ന ഡോസ് കമാന്റും ഉപയോഗിക്കാവുന്നതാണ്.

ഈ പരിപാടി ഉപയോഗിച്ച് നമ്മുടെ സ്വന്തം പോസ്റ്റുകളിലും, അവയിൽ വന്നകമന്റുകളും മാത്രമേ കിട്ടുകയുള്ളൂ. നമ്മൾ മറ്റുള്ളവരുടെ പോസ്റ്റിൽ എഴുതിയ കമന്റുകൾ ഇതുപോലെ കിട്ടാൻ വല്ല വഴിയുമുണ്ടെങ്കിൽ ദയവായി പങ്കുവയ്ക്കുക.

വിൻഡോസ് ഉപയോക്താക്കൾക്ക് ഇനി വീട്ടിൽ പോകാം, ബാക്കി ലിനക്സ് ഉപയോക്താക്കൾക്കാണ്.

grep ഉപയോഗിച്ച് പാറ്റേണുകൾ html ഫയലുകളിൽ സെർച്ച് ചെയ്യാവുന്നതാണ്. ഉദാ:
grep "search pattern" *.html
ഫയലുകളുടെ പേരിൽ പല സ്പെഷ്യൽ ക്യാരക്റ്ററുകളും ഉള്ളതിനാൽ ചിലപ്പോൾ grep: invalid option -- '(' എന്നൊക്കെ പറഞ്ഞെന്നിരിക്കും. അപ്പോൾ grep നു ശേഷം രണ്ട് മൈനസ് കൊടുത്താൽ മതിയാകും :
grep -- "search pattern" *.html

No comments:

Post a Comment