September 24, 2013

സ്വതന്ത്ര സോഫ്റ്റ്‌‌വേർ

ഒരു ഗൂഗ്ഗിൾ പ്ലസ്സ് പോസ്റ്റിൽ എഴുതിയ കമന്റ് പോസ്റ്റാക്കിമാറ്റുന്നു.

സോഫ്റ്റ്‌‌വെയർ സ്വാതന്ത്ര്യം എന്നത് ദൃഷ്ടിഗോചരമായ മറ്റൂള്ള വസ്തുക്കളുടെ വിപണനവും കോപ്പിറൈറ്റും ആയി താരതമ്യം ചെയ്യതാൽ സ്വതന്ത്ര സോഫ്റ്റ്‌‌വേർ എന്ന ആശയം കുറച്ച് കടന്ന കൈ ആണെന്നു തോന്നും. ഞാൻ ഉണ്ടാക്കിയ ഒരു സാധനം വില തരാതെ മറ്റാരെങ്കിലും എടുത്തുകൊണ്ട് പോയി ഉപയോഗിക്കുന്നതു പോലെ. പക്ഷേ സോഫ്റ്റ്‌‌വേർ എന്നത് അറിവ് എന്ന രീതിയിൽ കണ്ടാൽ കാര്യങ്ങൾ മാറും. അറിവ് മൂടിവയ്ക്കാനുള്ളതല്ല, പങ്കുവയ്ക്കാനുള്ളതാണ് നിലയ്ക് നോക്കിയാൽ ഈ പ്രശ്നമുണ്ടോ?

അപ്പോൾ സാമ്പത്തികം എന്ന പ്രശ്നം വരും. സ്വതന്ത്ര സോഫ്റ്റ്‌‌വേറിൽ നിന്നും പണം ഉണ്ടാക്കാൻ പറ്റില്ല എന്നല്ല, സപ്പോർട്ടും മറ്റുമായി പണം ഉണ്ടാക്കാം. റെഡ്ഹാറ്റ് ആണ് നല്ലൊരുദാഹരണം. എല്ലാവർക്കും റെഡ്ഹാറ്റിനെ പോലെ പണമുണ്ടാക്കാൻ പറ്റുമോ എന്നും എങ്ങനെ എന്നും ചോദിച്ചാൽ പറ്റില്ല എന്നും എനിക്ക് കൃത്യമായി അറിയല്ല എന്നും ആയിരിക്കും എന്റെ ഉത്തരം.

മുമ്പൊരിക്കലുമില്ലാത്ത വിധത്തിൽ സോഫ്റ്റ്‌‌വെയർ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. റെഫ്രിജറേറ്റർ, ടിവി, മൊബൈൽ ഫോൺ എന്നിവയിൽ തുടങ്ങി  സൂപ്പർകമ്പ്യൂട്ടറിൽ വരെ ഓടുന്ന ലിനക്സ് സ്വത്രന്ത്രമല്ലായിരുന്നെങ്കിൽ എങ്ങനെയുണ്ടാകും? ഏതെങ്കിലും കമ്പനി ഉണ്ടാക്കുന്ന സാധനം കാശുകൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ടി വരും. പൈസ കൊടുക്കുന്നത് ഏറ്റവും ചെറിയ പ്രശ്നമാണ്. ആ സോഫ്റ്റ്‌‌വേറിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഉണ്ടാക്കിയ കമ്പനി കനിയണം. പോരാത്തതിന് അവരുടെ നൂറുകൂട്ടം നിബന്ധനകളും കാണും. ഒന്നു രണ്ട് ഉദാഹരണങ്ങൾ പറയാം. പല സോഫ്റ്റ്‌‌വേറുകളും വില മെഷീനിലെ പ്രോസസ്സറുകളുടെ എണ്ണമനുസ്സരിച്ചാണ് നിർണ്ണയിക്കുന്നത്. പ്രോഗ്രാം എഴുതുന്ന കാര്യമെടുത്താൽ രണ്ടു പ്രോസസ്സറും ഇരുപത് പ്രോസസ്സറും അതിനൊരുപോലെ ആയിരിക്കും. അപ്പോൾ പിന്നെ ഒരേ സാധനം ഞാൻ ഉപയോഗിക്കുന്ന രീതിയനുസ്സരിച്ച് വിലയിടുന്നതിൽ എന്തു ന്യായം? സാമ്പാറിലിടാനാണെങ്കിൽ മുളകിന് അഞ്ചു രൂപ, ചിക്കൻ കറിയിലിടാനാണെങ്കിൽ 7 രൂപ, ബിരിയാണിയിലിടാനാണെങ്കിൽ 10 രൂപ എന്നൊക്കെ പറയുന്നതു പോലെ അല്ലേ? അല്ലെങ്കിൽ വയ്ക്കാനുപയോഗിക്കുന്ന പാത്രത്തിന്റെ അളവു നോക്കി വിലയിട്ടാലോ?

ഇതാ മറ്റൊരു കിടിലം ഐറ്റം. ഓറാക്കിൾ ഡേറ്റാബേസിന്റെ പെർഫോർമൻസ് വിവരങ്ങൾ ഒറാക്കിൾ കമ്പനിയുടെ അനുമതിയില്ലാതെ പ്രസിദ്ധപ്പെടുത്തുവാൻ പാടില്ല. http://www.oracle.com/technetwork/licenses/standard-license-152015.html എന്ന പേജിൽ നിന്നും - "You may not: ... - disclose results of any program benchmark tests without our prior consent." മൈക്രോസോഫ്റ്റിന്റെ എസ് ക്യു എൽ സെർവറിനും ഇതുപോലൊരു നിബന്ധനയുണ്ടായിരുന്നു, ഇപ്പോൾ ഉണ്ടോ എന്നു തീർച്ചയില്ല. (http://contracts.onecle.com/aristotle-international/microsoft-eula.shtml, Performance or Benchmark Testing. You may not disclose the results of any benchmark test of either the Server Software or Client Software for Microsoft SQL Server, Microsoft Exchange Server, or Microsoft Proxy Server to any third party without Microsoft's prior written approval) എന്തെങ്കിലും ഒരു സാധനം കൊള്ളാമോ ഇല്ലയോ എന്ന് ഉണ്ടാക്കിയവൻ അപ്രൂവ് ചെയ്ത റിവ്യൂ നോക്കി തീരുമാനിക്കണം. സാധനം കൊള്ളാമോ ഇല്ലയോ എന്ന് പൊതുജന മധ്യത്തിൽ പറയാൻ പാടില്ല. അത്യാവശ്യമാണെങ്കിൽ കാശുകൊടുത്ത് വാങ്ങി ടെസ്റ്റ് ചെയ്തു നോക്കണം. അത് നമ്മുടെ ആവശ്യത്തിനനുസരിച്ച് ഓടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി.  നമ്മുടെ സിനിമാക്കാർ ഇതൊന്നും കാണാതിരിക്കട്ടെ, അല്ലെങ്കിൽ സിനിമ കണ്ട് സത്യസന്ധമായ റിവ്യൂ എഴുതുന്ന പരിപാടി നിന്നുപോകും.

മറ്റൊരുകാര്യം - സപ്പോർട്ട്. സോഫ്റ്റ്‌‌വെയർ എത്രകാലം സപ്പോർട്ട് ചെയ്യണമെന്ന് അതുണ്ടാക്കുന്ന കമ്പനികൾ തീരുമാനിക്കും. ഇനി കഷ്ടകാലത്തിനോ/നല്ലകാലത്തിനോ നമ്മൾ പുതിയ മെഷീൻ വാങ്ങുകയോ, ഓപ്പറേറ്റിങ് സിസ്റ്റം അപ്‌‌ഗ്രേഡ് ചെയ്യുകയോ ചെയ്താൽ നേരത്തേ വാങ്ങിയ സോഫ്റ്റ്‌‌വേർ പുതിയ മെഷീനിൽ/ഓഎസിൽ പ്രവർത്തിക്കുമോ എന്ന് ഒരു ഉറപ്പുമില്ല. ചിലപ്പോൾ സോഫ്റ്റ്‌‌വേറിന്റെ പുതിയ വെർഷൻ ഓടണമെങ്കിൽ പുതിയ മെഷീൻ വാങ്ങേണ്ടി വരും. ഞാൻ പണ്ട് വാങ്ങിയ ഒരു സ്കാനർ ഉണ്ട് കൈയ്യിൽ, ഇപ്പോഴും കുഴപ്പമൊന്നുമില്ല. വിൻഡോസ് വിസ്റ്റ ഉള്ള ഒരു ലാപ്‌‌ടോപ്പ് വാങ്ങിയപ്പോൾ ചെറിയ ഒരു പ്രശ്നം. സ്കാനറിന്റെ ഡ്രൈവർ വിസ്റ്റ സപ്പോർട്ട് ചെയ്യില്ല. അതു കാരണം ഇപ്പോഴും ഒരു പഴയ വിൻഡോസ് ഉപയോഗിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുന്നു.

സ്വതന്ത്ര സോഫ്റ്റ്‌‌വേറുകളുടെ മറ്റൊരു ഗുണം അവയുടെ സോഴ്സ് കോഡ് ആർക്കുവേണമെങ്കിലും വായിക്കുകയും മാറ്റം വരുത്തുകയും ചെയ്യാമെന്നാണ്. ഒരു സാധനം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് കണ്ടുപിടിക്കുന്നത് വളരെയധികം ഉപയോഗമുള്ള കാര്യമാണ്. ഒരു കാർ/ബൈക്ക് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞു തരുന്നതും അത് ഓടിച്ചു നോക്കി അല്ലെങ്കിൽ അഴിച്ചു നോക്കി മനസ്സിലാക്കുന്നതും പോലെയുള്ള വ്യത്യാസം. ഇങ്ങനെ ഒരു കാര്യം മനസ്സിലാക്കാൻ വേണ്ടി ഇറങ്ങിപ്പുറപ്പെടുമ്പോൾ പഠിക്കുന്ന മറ്റുകാര്യങ്ങൾ ബോണസ്സും. കുറച്ചു നാൾ മുമ്പ് ഞാൻ ടാബിലും കംപ്യൂട്ടറിലുമായി ഉപയോഗിക്കുന്ന രണ്ട് സോഫ്റ്റ്‌‌വേറുകളുടെ ഡേറ്റാബേസുകൾ തമ്മിൽ സിങ്ക് ചെയ്യാൻ ഒരു യൂട്ടിലിറ്റി എഴുതി. ഈ പറഞ്ഞ രണ്ടു സോഫ്റ്റ്‌‌വേറുകളും ഓപ്പൺ സോഴ്സ് ആയിരുന്നതിനാൽ അതിന്റെ കോഡ് വായിച്ച് വിശദ വിവരങ്ങൾ മനസ്സിലാക്കാൻ പറ്റിയതിനാൽ യൂട്ടിലിറ്റി ഉണ്ടാക്കാൻ പറ്റി. അല്ലായിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു.

ഇനിയും വളരെയധികം കാരണങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://www.gnu.org/philosophy/philosophy.html, http://www.gnu.org/philosophy/why-free.html, http://www.gnu.org/philosophy/pragmatic.html എന്നിവ കാണുക.

No comments:

Post a Comment